

ഇന്ത്യയുടെ അണ്ടർ 19 ടീമിനെതിരെ ആരോപണവുമായി പാകിസ്താൻ അണ്ടർ 19 ടീം മെന്ററും മുൻ ക്യാപ്റ്റനുമായ സർഫറാസ് അഹമ്മദ്. അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനലിനിടെ ഇന്ത്യൻ താരങ്ങൾ മോശമായി പെരുമാറിയെന്നാണ് സർഫറാസ് ആരോപിക്കുന്നത്. ഫൈനലിൽ ഇന്ത്യയെ 191 റണ്‍സിന് പരാജയപ്പെടുത്തി പാകിസ്താന്‍ കിരീടമുയര്‍ത്തിയിരുന്നു. പിന്നാലെ നടന്ന വാർത്താസമ്മേളനത്തിലാണ് പാകിസ്താന്റെ മുൻ നായകൻ കൂടിയായിരുന്ന സർഫറാസ് ഇന്ത്യയ്ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്.
'ഇതിന് മുൻപും ഞാൻ ഇന്ത്യയ്ക്കെതിരെ കളിച്ചിട്ടുണ്ട്. അവരൊക്കെ ക്രിക്കറ്റിന് ബഹുമാനം നൽകുന്ന ടീമായിരുന്നു. എന്നാൽ ഇപ്പോൾ യുവതാരങ്ങൾ പെരുമാറിയ രീതി ക്രിക്കറ്റിനോടുതന്നെയുള്ള അനാദരവാണ്. ആഘോഷങ്ങൾ മാന്യമായ രീതിയിലായിരിക്കണമെന്ന് ഞാൻ എന്റെ കുട്ടികളോട് വ്യക്തമായി പറഞ്ഞിരുന്നു. എന്നാൽ ഗ്രൗണ്ടിൽ ഇന്ത്യയുടെ പെരുമാറ്റം പലപ്പോഴും അധാർമ്മികമായിരുന്നു. പക്ഷേ സ്‌പോർട്‌സ്‌മാൻ സ്പിരിറ്റോടെയാണ് ഞങ്ങൾ വിജയം ആഘോഷിച്ചത്. കാരണം ക്രിക്കറ്റിൽ എപ്പോഴും സ്‌പോർട്‌സ്‌മാൻഷിപ്പ് ഉണ്ടായിരിക്കണം. എന്നാൽ ഇന്ത്യ ചെയ്തത് അവരുടെ സ്വന്തം പ്രവൃത്തിയാണ്', സർഫറാസ് മാധ്യമങ്ങളോട് പറഞ്ഞു.
ഡിസംബർ 21ന് ദുബായിൽ നടന്ന ഇന്ത്യ-പാകിസ്താൻ അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനലിനിടെ നിരവധി നാടകീയ സംഭവങ്ങൾ അരങ്ങേറിയിരുന്നു. മത്സരത്തിനിടെ പലപ്പോഴും ഇന്ത്യൻ താരങ്ങളും പാക് താരങ്ങളും വാക്കുകള്‍ കൊണ്ട് ഏറ്റുമുട്ടിയത് വലിയ വാർത്തയായിരുന്നു. ഇന്ത്യൻ ക്യാപ്റ്റൻ ആയുഷ് മാത്രെയെ പുറത്താക്കിയതിന് ശേഷം പ്രകോപനപരമായ തരത്തിൽ ആഘോഷിച്ച പാക് പേസർ അലി റാസയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പ്രകോപനം തുടർന്നതോടെ ആയുഷും റാസയ്ക്ക് നേരെ തിരിഞ്ഞിരുന്നു.
ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റർ വൈഭവ് സൂര്യവംശിയും അലി റാസയുമായി വാക്പോരിലേർപ്പെട്ടിരുന്നു. പുറത്തായി ഡ്രസിങ് റൂമിലേക്ക് മടങ്ങുന്നതിനിടെ വൈഭവിന് നേരേ റാസ ആക്രോശിക്കുകയായിരുന്നു. പാക് താരത്തിന്റെ പ്രകോപനം തുടർന്നതോടെ വൈഭവും റാസയ്ക്ക് നേരേ തിരിഞ്ഞു. തന്റെ ഷൂസിലേക്ക് വിരൽ ചൂണ്ടിക്കാണിക്കുകയാണ് വൈഭവ് ചെയ്തത്.
മത്സരത്തിന് ശേഷമുള്ള സമ്മാനദാനച്ചടങ്ങിൽ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ചെയർമാൻ മൊഹ്സിൻ നഖ്‍വിയെ ഇന്ത്യൻ താരങ്ങൾ അവഗണിക്കുകയും ചെയ്തിരുന്നു. മൂന്ന് മാസങ്ങൾക്ക് മുമ്പ് ഏഷ്യാ കപ്പ് ഫൈനലിൽ പാകിസ്താനെതിരെ ഇന്ത്യയുടെ വിജയത്തിലും ഇത് സംഭവിച്ചിരുന്നു. അന്ന് നഖ്‍വിയുടെ കയ്യിൽ നിന്ന് ട്രോഫി സ്വീകരിക്കില്ലെന്ന് ഇന്ത്യ നിലപാടെടുത്തതോടെ നഖ്‍വി ട്രോഫിയുമായി മുങ്ങുകയായിരുന്നു.
Content Highlights: Sarfaraz Ahmed Slams Indian Players For Being Disrespectful In U19 Asia Cup Final