

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷൻ നഷ്ടപ്പെട്ടതിൽ സിപിഐഎമ്മില്‍ കലഹം. 14 വാര്‍ഡുകളില്‍ സംഘടനാപരമായി ഗുരുതര വീഴ്ച്ചയുണ്ടായി എന്നാണ് ജില്ലാ കമ്മിറ്റിയിലുണ്ടായ വിമര്‍ശനം. മേയറായിരുന്ന ആര്യാ രാജേന്ദ്രന്‍ സ്വന്തം വ്യക്തിപ്രഭാവം നോക്കിയപ്പോള്‍ പാര്‍ട്ടിക്ക് പ്രഭാവം നഷ്ടപ്പെട്ടെന്ന് നേതാക്കള്‍ വിമര്‍ശിച്ചു. കടകംപളളി സുരേന്ദ്രനും വി ശിവന്‍കുട്ടിയും വി കെ പ്രശാന്തും തിരുവനന്തപുരത്തെ കാര്യങ്ങൾ നോക്കിയെന്നും പാര്‍ട്ടിയെ ഒറ്റക്കെട്ടായി കൊണ്ടുപോകുന്നതില്‍ ജില്ലാ സെക്രട്ടറിയ്ക്ക് വീഴ്ച്ചയുണ്ടായെന്നും വിമര്‍ശനം. ശബരിമല സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ സിപിഐഎം നേതാവ് എ പത്മകുമാറിനെതിരെ എന്തുകൊണ്ടാണ് നടപടി എടുക്കാത്തത് എന്ന് അംഗങ്ങള്‍ ചോദിച്ചപ്പോള്‍ കുറ്റക്കാരനാണെന്ന് തെളിയാതെ നടപടി എടുക്കാനാവില്ലെന്ന നിലപാടാണ് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ സ്വീകരിച്ചത്.
ഇന്നലെ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് നേതാക്കള്‍ക്കെതിരെ വിമര്‍ശനമുയര്‍ന്നത്. ആര്യാ രാജേന്ദ്രനെതിരെ മുന്‍ മേയറും വട്ടിയൂര്‍ക്കാവ് എംഎല്‍എയുമായ വി കെ പ്രശാന്തും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധുവും ജില്ലാ കമ്മിറ്റി അംഗങ്ങളായ എസ് എ സുന്ദറും എസ് പി ദീപക്കും രൂക്ഷവിമര്‍ശനം ഉന്നയിച്ചു. സ്വന്തം പ്രതിച്ഛായ ഉയര്‍ത്താന്‍ മാത്രമാണ് ആര്യ ശ്രദ്ധിച്ചത്, ഭരണം ശ്രദ്ധിച്ചില്ല. അതുകൊണ്ട് ഭരണം നഷ്ടപ്പെട്ടു എന്നായിരുന്നു വിമര്‍ശനം.
തിരുവനന്തപുരം ജില്ലയ്ക്ക് മൂന്ന് ജില്ലാ സെക്രട്ടറിമാരുണ്ടെന്നും വിമര്‍ശനമുയര്‍ന്നു. ജില്ലാ സെക്രട്ടറി വി ജോയ് ആണെങ്കിലും വി ശിവന്‍കുട്ടിയും കടകംപളളി സുരേന്ദ്രനും ജില്ലാ സെക്രട്ടറിയുടെ റോളിലാണ് പ്രവര്‍ത്തിക്കുന്നത്. അവരുടെ പിടിവാശിയാണ് പല വാര്‍ഡുകളിലും പരാജയപ്പെടാന്‍ കാരണം എന്ന് ജില്ലാ കമ്മിറ്റി അംഗങ്ങള്‍ തുറന്നടിച്ചത്. തെരഞ്ഞെടുപ്പ് ജയിക്കുംമുന്‍പേ മേയറാകുമെന്ന പ്രചാരണം നടത്തിയതിന് എസ് പി ദീപക്കിനെതിരെ ശിവന്‍കുട്ടിയും വിമര്‍ശനമുന്നയിച്ചു.100 വോട്ടിന് കൈവിട്ട മണ്ഡലങ്ങളില്‍ പ്രത്യേക പരിശോധന വേണമെന്ന ആവശ്യവും യോഗത്തില്‍ ഉയര്‍ന്നു. ജില്ലാ കമ്മിറ്റി റിപ്പോര്‍ട്ട് സിപിഐഎം സംസ്ഥാന കമ്മിറ്റി പരിഗണിക്കും. അതിനുശേഷം വീണ്ടും ജില്ലാ കമ്മിറ്റി ചേരും. തോല്‍വിക്ക് പിന്നാലെ സിപിഐഎമ്മില്‍ ആഭ്യന്തരകലഹങ്ങള്‍ കൂടിയുണ്ടാവുകയാണ്.
Content Highlights: criticism against arya rajendran in cpim district committee meeting