പാലായിൽ എല്‍ഡിഎഫ്?; ബിനു പുളിക്കക്കണ്ടവുമായി കൂടിക്കാഴ്ച നടത്തി CPIM നേതാക്കള്‍; ഉപാധികൾ അംഗീകരിച്ചതായി സൂചന

എന്നാല്‍ മുന്നണി പ്രവേശനത്തില്‍ ബിനു പുളിക്കക്കണ്ടം ഇതുവരെ തീരുമാനമെടുത്തിട്ടില്ല

പാലായിൽ എല്‍ഡിഎഫ്?; ബിനു പുളിക്കക്കണ്ടവുമായി കൂടിക്കാഴ്ച നടത്തി CPIM നേതാക്കള്‍; ഉപാധികൾ അംഗീകരിച്ചതായി സൂചന
dot image

കോട്ടയം: പാലാ നഗരസഭയില്‍ സ്വതന്ത്രനായി മത്സരിച്ചു ജയിച്ച ബിനു പുളിക്കക്കണ്ടവുമായി കൂടിക്കാഴ്ച നടത്തി സിപിഐഎം നേതാക്കള്‍. മന്ത്രി വി എന്‍ വാസവനും സിപിഐഎം ജില്ലാ സെക്രട്ടറി ടി ആര്‍ രഘുനാഥനും ഒന്നിച്ചെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്.

പാലാ നഗരസഭ ആര് ഭരിക്കുമെന്നതില്‍ ബിനു പുളിക്കക്കണ്ടത്തിലിന്റെയും കുടുംബത്തിന്റെയും തീരുമാനം നിര്‍ണ്ണായകമാണ്. ബിനുവും മകള്‍ ദിയയും സഹോദരന്‍ ബിജുവും സ്വതന്ത്രരായി മത്സരിച്ചാണ് വിജയിച്ചത്. 26 അംഗ ഭരണസമിതിയില്‍ എല്‍ഡിഎഫ് 12, യുഡിഎഫ് 10 എന്നതാണ് കക്ഷിനില. നാല് പേര്‍ സ്വതന്ത്ര അംഗങ്ങളാണ്. ഇതില്‍ മൂന്ന് പേരും പുളിക്കക്കണ്ടം കുടുംബത്തില്‍ നിന്നും ഒരാള്‍ യുഡിഎഫ് വിമതയായി ജയിച്ച മായാ രാഹുലുമാണ്. ഏതെങ്കിലും മുന്നണിക്കൊപ്പം നിന്നാല്‍ വനിതാ സംവരണമായ നഗരസഭ അധ്യക്ഷസ്ഥാനം ദിയയ്ക്ക് നല്‍കണമെന്ന ആവശ്യമാണ് ബിനു ഉയര്‍ത്തിയത്. തനിക്കോ സഹോദരനോ ഉപാധ്യക്ഷസ്ഥാനവും ബിനു മുന്നോട്ട് വെച്ചിരുന്നു.

ഇന്നത്തെ കൂടിക്കാഴ്ചയില്‍ ബിനു പുളിക്കക്കണ്ടത്തിന്റെ ആവശ്യങ്ങള്‍ എല്‍ഡിഎഫ് അംഗീകരിച്ചതായാണ് വിവരം. എന്നാല്‍ മുന്നണി പ്രവേശനത്തില്‍ ബിനു പുളിക്കക്കണ്ടം ഇതുവരെ തീരുമാനമെടുത്തിട്ടില്ല. കഴിഞ്ഞ ദിവസം ചേര്‍ന്ന സ്വതന്ത്ര കൂട്ടായ്മ യോഗത്തില്‍ യുഡിഎഫിനെ പിന്തുണയ്ക്കണമെന്ന അഭിപ്രായം ഉയര്‍ന്നിരുന്നെങ്കിലും യുക്തിസഹമായ തീരുമാനമെടുക്കാനും ഒരു വിഭാഗം നിര്‍ദേശിച്ചിരുന്നു. എന്നാല്‍ പൂര്‍ണമായ യുഡിഎഫ് പിന്തുണ ഇപ്പോഴും ബിനു പ്രഖ്യാപിക്കാത്തത് യുഡിഎഫില്‍ ആശയക്കുഴപ്പത്തിനിടയാക്കിയിട്ടുണ്ട്. ഇരുമുന്നണികളുമായും ചര്‍ച്ച നടത്തുമെന്നാണ് ബിനു പുളിക്കക്കണ്ടം പറയുന്നത്.

Content Highlights: pala municipality V N Vasavan and cpim secretary Meet binu pulikkakandam

dot image
To advertise here,contact us
dot image