

ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിൽ ഈജിപ്തിന് വിജയത്തുടക്കം. സിംബാബ്വെയ്ക്കെതിരായ ആദ്യമത്സരത്തിൽ തകർപ്പൻ വിജയത്തോടെയാണ് ഈജിപ്ത് ടൂർണമെന്റിൽ വരവറിയിച്ചത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ഈജിപ്തിന്റെ വിജയം. ഇഞ്ചുറി ടൈമിൽ സൂപ്പർ താരം മുഹമ്മദ് സലായുടെ ഗോളിലാണ് ഈജിപ്ത് വിജയം സ്വന്തമാക്കിയത്.
മത്സരത്തിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം ശക്തമായി തിരിച്ചുവന്നാണ് ഈജിപ്ത് വിജയം സ്വന്തമാക്കിയത്. അദ്രാർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ 20-ാം മിനിറ്റിൽ പ്രിൻസ് ഡ്യൂബെയിലൂടെ സിംബാബ്വെയാണ് ആദ്യം മുന്നിലെത്തിയത്. ഗോൾ വഴങ്ങിയതോടെ രണ്ടാം പകുതിയിൽ ആക്രമണം ശക്തമാക്കിയ ഈജിപ്ത് 63-ാം മിനിറ്റിൽ ഒമർ മർമൂഷിന്റെ മനോഹരമായ ഗോളിലൂടെ സമനില പിടിച്ചു.
മത്സരം സമനിലയിൽ അവസാനിക്കുമെന്ന് കരുതിയിരിക്കെയാണ് ഇഞ്ചുറി ടൈമിൽ സൂപ്പർ താരം മുഹമ്മദ് സലാ ഈജിപ്തിന്റെ രക്ഷകനായത്. മുസ്തഫ മുഹമ്മദിന്റെ അസിസ്റ്റിൽനിന്നാണ് താരം വിജയഗോൾ നേടിയത്. മറ്റൊരു ആവേശകരമായ മത്സരത്തിൽ ദക്ഷിണാഫ്രിക്ക 2-1ന് അംഗോളയെ പരാജയപ്പെടുത്തി.
Content Highlights: AFCON 2025: Salah scores late winner as Egypt come from behind to beat Zimbabwe