മത്സരം എവിടെ? ബേപ്പൂരില്‍ മാത്രമല്ല; പട്ടാമ്പിയിലും പി വി അന്‍വറിന് വേണ്ടി ഫ്‌ളക്‌സ് ബോര്‍ഡുകള്‍

'പിണറായിസം അവസാനിപ്പിക്കാന്‍ പട്ടാമ്പിയുടെ മണ്ണിലേക്ക് പി വി അന്‍വറിന് സ്വാഗതം' എന്നാണ് ഫ്‌ളക്‌സിലെ വാചകങ്ങള്‍

മത്സരം എവിടെ? ബേപ്പൂരില്‍ മാത്രമല്ല; പട്ടാമ്പിയിലും പി വി അന്‍വറിന് വേണ്ടി ഫ്‌ളക്‌സ് ബോര്‍ഡുകള്‍
dot image

പാലക്കാട്: യുഡിഎഫിന്റെ അസോസിയേറ്റ് കക്ഷിയായതിന് പിന്നാലെ പി വി അന്‍വറിനെ വിവിധ മണ്ഡലങ്ങളിലേക്ക് സ്ഥാനാർത്ഥിയായി ക്ഷണിച്ച് ഫ്‌ളക്‌സ് ബോർഡുകള്‍. ബേപ്പൂരിന് പിന്നാലെ പട്ടാമ്പിയിലും അന്‍വറിനെ സ്വാഗതം ചെയ്തുകൊണ്ടുള്ള ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉയര്‍ന്നു. 'പിണറായിസം അവസാനിപ്പിക്കാന്‍ പട്ടാമ്പിയുടെ മണ്ണിലേക്ക് പി വി അന്‍വറിന് സ്വാഗതം' എന്നാണ് ഫ്‌ളക്‌സിലെ വാചകങ്ങള്‍.

കഴിഞ്ഞ ദിവസം ബേപ്പൂരിലേക്ക് സ്വാഗതം ചെയ്ത് കൊണ്ട് ഫ്ളക്സ് ബോര്‍ഡുകള്‍ ഉയര്‍ന്നിരുന്നു. പി വി അന്‍വറിന് ബേപ്പൂരിന്റെ മണ്ണിലേക്ക് സ്വാഗതം എന്നെഴുതിയ ഫ്ളക്സുകളാണ് പ്രദേശത്ത് പ്രത്യക്ഷപ്പെട്ടത്. മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ മണ്ഡലമായ ബേപ്പൂരില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് മുന്‍പ് തന്നെ പി വി അന്‍വര്‍ പറഞ്ഞിരുന്നു.

മരുമോനിസത്തിന്റെ അടിവേരറുക്കാന്‍ 2026ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബേപ്പൂരില്‍ മത്സരിക്കാനും തയ്യാറാണ് എന്നായിരുന്നു മുഹമ്മദ് റിയാസിനെ ലക്ഷ്യമിട്ടുകൊണ്ട് പി വി അന്‍വര്‍ മുമ്പ് പറഞ്ഞിരുന്നത്. യുഡിഎഫിന്റെ ക്ഷണം സ്വീകരിച്ചതിന് പിന്നാലെയും പി വി അന്‍വര്‍ ഇന്നലേയും പിണറായിസത്തെയും മരുമോനിസത്തെയും തോല്‍പ്പിക്കാന്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് ആവര്‍ത്തിച്ചിരുന്നു.

മത്സരിക്കാന്‍ യുഡിഎഫ് ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്നും ഇനി മത്സരിക്കേണ്ട എന്നാണ് തീരുമാനമെങ്കില്‍ അതും അനുസരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് അന്‍വറിനെ ബേപ്പൂരേക്കും പിന്നാലെ പട്ടാമ്പിയിലേക്കും സ്വാഗതം ചെയ്ത് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്.

Content Highlights: Flux board welcoming PV Anvar rise in Palakkad Pattambi

dot image
To advertise here,contact us
dot image