

അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനലിൽ പാകിസ്താനോട് പരാജയം വഴങ്ങിയതിന് പിന്നാലെ അസാധാരണ നടപടിക്ക് ഒരുങ്ങി ബിസിസിഐ. സാധാരണയായി നടക്കാറുള്ള അവലോകന യോഗത്തിന് പുറമേ പരാജയത്തിൽ ടീം മാനേജ്മെന്റിനോട് ബിസിസിഐ വിശദീകരണം തേടുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പാകിസ്താനെതിരെ 191 റൺസിന്റെ കൂറ്റൻ പരാജയമാണ് ഇന്ത്യൻ കൗമാരപ്പട വഴങ്ങിയത്.
ടൂർണമെന്റിലെ ഇന്ത്യയുടെ പ്രകടനം പ്രത്യേകമായി വിലയിരുത്താനാണ് ബിസിസിഐയുടെ തീരുമാനമെന്നാണ് ക്രിക്ക്ബസ് റിപ്പോർട്ട് ചെയ്യുന്നത്. റിവ്യൂ മീറ്റിങ്ങിന് പുറമെ തോൽവിയെക്കുറിച്ച് പരിശീലകനോടും ക്യാപ്റ്റനോടും ബിസിസിഐ ഭാരവാഹികൾ സംസാരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഡിസംബർ 22 തിങ്കളാഴ്ച വൈകുന്നേരം നടന്ന ഓൺലൈൻ അപെക്സ് കൗൺസിൽ യോഗത്തിലാണ് ബിസിസിഐ ഈ തീരുമാനമെടുത്തതെന്നും റിപ്പോർട്ടിൽ പറയുന്നു.
A defeat for India U19 in the #Final by 191 runs.
— BCCI (@BCCI) December 21, 2025
Scorecard ▶️ https://t.co/ht0DLU8XQ3#MensU19AsiaCup2025 pic.twitter.com/FTmHWPbkVD
ഡിസംബർ 21ന് നടന്ന പാകിസ്താനെതിരായ ഫൈനലിൽ ചില ഇന്ത്യൻ താരങ്ങളുടെ അതിരുകടന്ന പെരുമാറ്റങ്ങളും കൂടിക്കാഴ്ചയില്‍ ചർച്ചയായേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. മത്സരത്തിനിടെ പലപ്പോഴും ഇന്ത്യൻ താരങ്ങളും പാക് താരങ്ങളും വാക്കുകള്‍ കൊണ്ട് ഏറ്റുമുട്ടിയത് വലിയ വാർത്തയായിരുന്നു. ഇന്ത്യൻ ക്യാപ്റ്റൻ ആയുഷ് മാത്രെയെ പുറത്താക്കിയതിന് ശേഷം പ്രകോപനപരമായ തരത്തിൽ ആഘോഷിച്ച പാക് പേസർ അലി റാസയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പ്രകോപനം തുടർന്നതോടെ ആയുഷും റാസയ്ക്ക് നേരെ തിരിഞ്ഞിരുന്നു.
ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റർ വൈഭവ് സൂര്യവംശിയും അലി റാസയുമായി വാക്പോരിലേർപ്പെട്ടിരുന്നു. പുറത്തായി ഡ്രസിങ് റൂമിലേക്ക് മടങ്ങുന്നതിനിടെ വൈഭവിന് നേരേ റാസ ആക്രോശിക്കുകയായിരുന്നു. പാക് താരത്തിന്റെ പ്രകോപനം തുടർന്നതോടെ വൈഭവും റാസയ്ക്ക് നേരേ തിരിഞ്ഞു. തന്റെ ഷൂസിലേക്ക് വിരൽ ചൂണ്ടിക്കാണിക്കുകയാണ് വൈഭവ് ചെയ്തത്.
Content Highlights: BCCI to seek explanation For India's U19 Asia Cup Loss against Pakistan in U19 Asia Cup final: Report