

താന്‍ കോണ്‍ഗ്രസില്‍ ഉണ്ടായിരുന്നെങ്കില്‍ കെ കരുണാകരന്‍റേയും കെ മുരളീധരന്റേയും നേതൃത്വത്തില്‍ ഡെമോക്രാറ്റിക് ഇന്ദിര കോൺഗ്രസ് - കരുണാകരൻ (DIC-K) എന്ന രാഷ്ട്രീയ കക്ഷി രൂപീകരിക്കപ്പെടില്ലായിരുന്നുവെന്ന് ചെറിയാന്‍ ഫിലിപ്പ്. കെ കരുണാകരന്‍റെ 15-ാം ചരമവാർഷിക ദിനത്തില്‍ ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ചെറിയാന്‍ ഫിലിപ്പിന്‍റെ പ്രതികരണം.
2001 ന് മുമ്പ് കെ കരുണാകരനും എ കെ ആൻ്റണിക്കും ഞാൻ ഒരു പോലെ വിശ്വസ്തനായിരുന്നതിനാൽ മിക്ക പ്രശ്നങ്ങളും ഒരു മദ്ധ്യസ്ഥനെ പോലെ പരിഹരിക്കാൻ കഴിഞ്ഞിരുന്നു. പിന്നീട് കരുണാകരനെയും ആൻ്റണിയേയും അകറ്റിയത് രണ്ടു ഗ്രൂപ്പിലെയും തീവ്രവാദികളാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു.
'കേരളത്തിലെ കോൺഗ്രസിന് ശക്തിക്ഷയമുണ്ടാക്കിയ കെ കരുണാകരൻ്റെയും കെ മുരളീധരൻ്റെയും നേതൃത്വത്തിലുള്ള ഡിഐസി എന്ന രാഷ്ട്രീയ കക്ഷിയുടെ രൂപീകരണത്തെ 2005-ൽ ഞാൻ കോൺഗ്രസിൽ ഉണ്ടായിരുന്നെങ്കിൽ അനുനയപൂർവ്വം തടയാൻ കഴിയുമായിരുന്നു. കെ കരുണാകരൻ്റെ 15ാം ചരമവാർഷികദിനം ആചരിക്കുമ്പോൾ അദ്ദേഹം ഡിഐസി ഉണ്ടാക്കേണ്ടി വന്ന സാഹചര്യം വേദനയോടെ ഓർക്കേണ്ടി വരുന്നു.' ചെറിയാന്‍ ഫിലിപ്പ് ഫേസ്ബുക്കില്‍ കുറിച്ചു..
'2001 ന് മുമ്പ് കെ കരുണാകരനും എകെ ആൻ്റണിക്കും ഞാൻ ഒരു പോലെ വിശ്വസ്തനായിരുന്നതിനാൽ മിക്ക പ്രശ്നങ്ങളും ഒരു മദ്ധ്യസ്ഥനെ പോലെ പരിഹരിക്കാൻ കഴിഞ്ഞിരുന്നു. പിന്നീട് കരുണാകരനെയും ആൻ്റണിയേയും അകറ്റിയത് രണ്ടു ഗ്രൂപ്പിലെയും തീവ്രവാദികളാണ്. ഒടുവിൽ ഇവർ രണ്ടു നേതാക്കളെയും പിന്നിൽ നിന്നും കുത്തി.ഡിഐസി യിൽ ചേർന്ന ഭൂരിപക്ഷം പ്രവർത്തകരും കോൺഗ്രസിലേക്ക് മടങ്ങിവന്നില്ല. വന്നവരെ വേണ്ട വിധം പരിഗണിക്കാത്തതിനാൽ ചിലർ മറ്റു കക്ഷികളിൽ ചേരുകയും പലരും രാഷ്ട്രീയം ഉപേക്ഷിക്കുകയും ചെയ്തു.' അദ്ദേഹം കൂട്ടിച്ചേർത്തു.
ഡിഐസി (കെ)
കോണ്‍ഗ്രസിലെ പടലപ്പിണക്കങ്ങളെ തുടർന്ന് 2005 ലാണ് കെ കരുണാകരന്‍ ഡിഐസി (കെ) എന്ന പാർട്ടി രൂപീകരിക്കുന്നത്. കെ. മുരളീധരനായിരുന്നു പാർട്ടി പ്രസിഡന്റ്. പാർട്ടി രൂപീകരണത്തിന് പിന്നാലെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടി എല്‍ഡിഎഫുമായി ചേർന്ന് പ്രവർത്തിക്കുകയും ചെയ്തു. എന്നാല്‍ പിന്നാലെ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ പാർട്ടിയെ മുന്നണിയുമായി സഹകരിപ്പിക്കാന്‍ എല്‍ഡിഎഫ് തയ്യാറായില്ല. ഇരുമുന്നണിയുടേയും ഭാഗമാകാതെ മത്സരിച്ച പാർട്ടിക്ക് യാതൊരു ചലനവും സൃഷ്ടിക്കാന്‍ സാധിച്ചില്ല.
അധികം വൈകാതെ കരുണാകരനും മുരളീധരനും ചില പാർട്ടി പ്രവർത്തകരും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയിൽ ലയിച്ചു. ഒരു ചെറിയ കാലയളവിനു ശേഷം കരുണാകരൻ കോൺഗ്രസിലേയ്ക്ക് തിരികെ ചേർന്നു. മുരളീധരന്‍ കുറച്ചുകാലം കൂടെ എന്‍സിപിയില്‍ തുടർന്നെങ്കിലും പിന്നീട് അദ്ദേഹവും കോണ്‍ഗ്രസിലേക്ക് മടങ്ങി.