

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടനിലക്കാര്‍ വഴി ഇടപെടല്‍ നടത്തുന്നതായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രിയുടെ ഓഫീസ് ചുമതലപ്പെടുത്തിയ രണ്ട് ഐപിഎസ് ഉദ്യോഗസ്ഥര്‍ പ്രത്യേക അന്വേഷണ സംഘത്തിന് മേല്‍ വന്‍ സമ്മര്‍ദം ചെലുത്തുന്നതായി സതീശന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
മര്യാദയുടെ പേരില്‍ മാത്രം ആ ഉദ്യോഗസ്ഥരുടെ പേര് പറയുന്നില്ല. പേര് തങ്ങളെക്കൊണ്ട് പറയിപ്പിക്കരുത്. എസ്‌ഐടിക്ക് മേല്‍ സമ്മര്‍ദം ചെലുത്തുന്നതില്‍ നിന്ന് ഐപിഎസ് ഉദ്യോഗസ്ഥര്‍ പിന്മാറണം. മുഖ്യമന്ത്രിയുടെ ഓഫീസും അതില്‍ നിന്ന് പിന്മാറണം. അല്ലാത്ത പക്ഷം ഉദ്യോഗസ്ഥരുടെ പേര് വെളിപ്പെടുത്തുമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി
ശബരിമല സ്വര്‍ണക്കൊള്ളയില്‍ സത്യസന്ധവും നീതിപൂര്‍വവുമായ അന്വേഷണം നടക്കണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു. ഇത് അയ്യപ്പന്റെ സ്വര്‍ണം കവര്‍ന്ന കേസാണ്. വിഷയം തങ്ങള്‍ സൂക്ഷ്മതയോടെ നിരീക്ഷിക്കുന്നുണ്ട്. എവിടെ പാളിച്ച വന്നാലും അവിടെ പറയും. കോടതി ഇടപെടല്‍ വന്നതോടെ അന്വേഷണം നല്ല രീതിയില്‍ മുന്നോട്ടുപോകുമെന്നാണ് കരുതുന്നത്. എസ്‌ഐടിയില്‍ തങ്ങള്‍ ഇതുവരെ അവിശ്വാസം രേഖപ്പെടുത്തിയിട്ടില്ല. യഥാര്‍ത്ഥ കുറ്റവാളികളെ, വന്‍ സ്രാവുകളെ നിയമത്തിന് മുന്നില്‍കൊണ്ടുവരും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും സതീശന്‍ പറഞ്ഞു.
അന്വേഷണം ഏത് രീതിയിലാണ് മുന്നോട്ട് പോകുന്നതെന്ന് കുറച്ചുദിവസം കൂടി നേക്കാം. സിബിഐ വരണം എന്ന സ്ഥിതിയിലേക്ക് പോകരുത്. കോടതി നിരീക്ഷണത്തിലായതുകൊണ്ടാണ് അന്വേഷണം ഈ നിലയിലെങ്കിലും പോകുന്നത്. അല്ലാത്ത പക്ഷം അന്വേഷണം എവിടെയുമെത്തില്ല. സര്‍ക്കാരിന്റെ നിയന്ത്രണത്തിലായിരുന്നു അന്വേഷണമെങ്കില്‍ എ പത്മകുമാറും എന്‍ വാസുവും അറസ്റ്റിലാകില്ലായിരുന്നു. ജീവനക്കാരെ മാത്രം അറസ്റ്റ് ചെയ്ത് കേസ് അന്വേഷണം അവസാനിപ്പിക്കുമായിരുന്നുവെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights- V D Satheesan allegation against cm office on sabarimala gold theft case