'ജയിച്ചതല്ല, ജനം ജയിപ്പിച്ചതാണ്, അഹങ്കാരം തോന്നിയാൽ അപ്പോൾ നിർത്തി പോകണം; ലീഗ് അംഗങ്ങളോട് സാദിഖ് അലി തങ്ങള്‍

മലപ്പുറം ജില്ലാ പഞ്ചായത്തില്‍ പ്രതിപക്ഷം ഇല്ലെങ്കിലും പ്രതിപക്ഷ ശബ്ദങ്ങളെ മാനിക്കണമെന്ന് സാദിഖ് അലി തങ്ങള്‍

'ജയിച്ചതല്ല, ജനം ജയിപ്പിച്ചതാണ്, അഹങ്കാരം തോന്നിയാൽ അപ്പോൾ നിർത്തി പോകണം; ലീഗ് അംഗങ്ങളോട് സാദിഖ് അലി തങ്ങള്‍
dot image

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തില്‍ ആരും അഹങ്കരിക്കരുതെന്ന ഉപദേശവുമായി മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖ് അലി ശിഹാബ് തങ്ങള്‍. ഓട്ട മത്സരത്തിലാണെങ്കില്‍ ഓടി ജയിക്കാം, എന്നാല്‍ തെരഞ്ഞെടുപ്പില്‍ ജയിക്കുകയല്ല, ജനം ജയിപ്പിക്കുകയാണെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.


ജയിച്ചെന്ന അഹങ്കാരം തോന്നിയാല്‍ അപ്പോള്‍ നിര്‍ത്തി പോകുന്നതാണ് നല്ലതെന്നും സാദിഖ് അലി തങ്ങള്‍ വ്യക്തമാക്കി. മലപ്പുറം ജില്ലയില്‍ വിജയിച്ച മെമ്പര്‍മാര്‍ക്കായി നടത്തിയ വിജയാരവം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര നയങ്ങള്‍ മറ്റൊരു വിധത്തില്‍ നടത്തുന്ന സര്‍ക്കാര്‍ ആണ് കേരളത്തിലേതെന്നും അദ്ദേഹം വിമര്‍ശിച്ചു. അതിനെതിരെ ജനം അടിച്ച ഗോള്‍ ആളാണ് യുഡിഎഫ് വിജയമെന്നും ലീഗ് അധ്യക്ഷന്‍ പറഞ്ഞു. 'ജനങ്ങളെ നിലക്ക് നിര്‍ത്തണം എന്ന ചിന്ത ജനപ്രതിനിധികള്‍ക്ക് വേണ്ട. ജനങ്ങള്‍ക്ക് വേണ്ടി നില്‍ക്കാന്‍ തയ്യാറാവണം. പ്രതിപക്ഷം ഇല്ലാത്തത് നേട്ടമായി കാണേണ്ട. പ്രതിപക്ഷം ജനാധിപത്യത്തിന്റെ സൗന്ദര്യം ആണ്. ജില്ലാ പഞ്ചായത്തില്‍ പ്രതിപക്ഷം ഇല്ലെങ്കിലും പ്രതിപക്ഷ ശബ്ദങ്ങളെ മാനിക്കണം', സാദിഖ് അലി തങ്ങള്‍ പറഞ്ഞു.

ആറ് മാസം കൂടുമ്പോള്‍ വികസന സഭ നടത്താമെന്നും അതിലേക്ക് പ്രതിപക്ഷ പാര്‍ട്ടികളെ കൂടി വിളിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. അവര്‍ പറയുന്നത് കൂടി കേട്ട് മുന്നോട്ട് പോകാം. വിജയത്തില്‍ മതിമറക്കരുത്. വിജയാഘോഷം കാണുമ്പോള്‍ അങ്ങനെ തോന്നുന്നുവെന്നും സാദിഖ് അലി തങ്ങള്‍ പറഞ്ഞു. നമ്മള്‍ നല്ല വിദ്യാഭ്യാസം നേടിയവരാണെന്നും ആ നിലവാരം എല്ലായിടത്തും പുലര്‍ത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് പല ആക്രമണങ്ങള്‍ ഉണ്ടായപ്പോഴും ലീഗിന് സ്വാധീനമുള്ള മലപ്പുറത്ത് ഒന്നും ഉണ്ടായില്ലെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. അത് ലീഗിനുള്ള പൊന്‍തൂവല്‍ ആണ്. പെരിന്തല്‍മണ്ണയിലും താനാളൂരിലും ഉണ്ടായ അക്രമങ്ങള്‍ക്ക് കാരണം ഇടതുപക്ഷമാണെന്നും അദ്ദേഹം ആരോപിച്ചു. രാഷ്ട്രീയ മാറ്റത്തിന് കേരളം ഒരുങ്ങിക്കഴിഞ്ഞെന്നും ദുര്‍ഭരണത്തിനുള്ള പ്രഹരം ആണ് ജനങ്ങള്‍ നല്‍കിയതെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.

Content Highlights: Sadik Ali Shihab Thangal to league members that do not over pride in election result

dot image
To advertise here,contact us
dot image