സമയവും പ്രായവും ചെയ്യാനുള്ള എല്ലാകാര്യങ്ങളും മറന്ന് നിങ്ങളിവിടെ നിൽക്കുന്നതിൽ നന്ദി; അതിജീവിതയുടെ സഹോദരൻ

'അവൾക്കൊപ്പം' ഐക്യദാർഢ്യ പരിപാടിയിൽ പങ്കെടുത്തവർക്ക് നന്ദി അറിയിച്ച് അതിജീവിതയുടെ സഹോദരൻ

സമയവും പ്രായവും ചെയ്യാനുള്ള എല്ലാകാര്യങ്ങളും മറന്ന് നിങ്ങളിവിടെ നിൽക്കുന്നതിൽ നന്ദി; അതിജീവിതയുടെ സഹോദരൻ
dot image

തൃശൂർ: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ അതിജീവിതയ്ക്ക് ഐക്യദാർഢ്യം അർപ്പിച്ചവർക്ക് നന്ദി അറിയിച്ച് സഹോദരൻ. തൃശൂരിൽ ജ്വാല കളക്ടീവ് സംഘടിപ്പിച്ച ' അവൾക്കൊപ്പം' ഐക്യദാർഢ്യ പരിപാടിയിലായിരുന്നു അതിജീവിതയുടെ സഹോദരന്റെ പ്രതികരണം. ഐക്യദാർഢ്യ പരിപാടിയിൽ പങ്കെടുത്തവർക്ക് അദ്ദേഹം നന്ദി അറിയിച്ചു. 'സമയം മറന്ന്, പ്രായം മറന്ന്, ചെയ്യാനുള്ള എല്ലാകാര്യങ്ങളും മറന്ന് നിങ്ങളെല്ലാം ഇവിടെ നിൽക്കുന്നതിൽ സന്തോഷമുണ്ട്. അതിൽ നന്ദിയുണ്ടെന്ന്' അദ്ദേഹം പറഞ്ഞു.

നിങ്ങളോട് എന്താണ് പറയേണ്ടതെന്ന് അറിയില്ല. നിങ്ങളെ കാണാനും കേൾക്കാനുമാണ് താൻ വന്നതെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയിൽ നിരവധി പേരാണ് അതിജീവിതയ്ക്ക് ഐക്യദാർഢ്യവുമായി പങ്കെടുത്തത്.

അതേസമയം നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതിയായ മാർട്ടിന്റെ വീഡിയോ പങ്കുവെച്ച മൂന്ന് പേരെ തൃശൂർ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. അതിജീവിതയുടെ പേര് വെളിപ്പെടുത്തുന്ന വീഡിയോ വാണിജ്യാടിസ്ഥാനത്തിൽ പങ്കുവെച്ചവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബിഎൻഎസ് 72,75 ഐടി ആക്ട് സെക്ഷൻ 67 ഉൾപ്പടെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്.

എറണാകുളം, ആലപ്പുഴ, തൃശൂർ സ്വദേശികളാണ് അറസ്റ്റിലായവർ. ഇവർ പണം വാങ്ങി ദുരുദ്ദേശത്തോടെ വീഡിയോ ഷെയർ ചെയ്തു എന്ന് പൊലീസ് കണ്ടെത്തൽ. ഇരുനൂറിലേറെ സൈറ്റുകളിൽ ഇത്തരത്തിൽ വീഡിയോ ഷെയർ ചെയ്തതായും പൊലീസ് കണ്ടെത്തി. ഈ സൈറ്റുകളെല്ലാം പൊലീസ് ഇല്ലാതെയാക്കിയിട്ടുണ്ട്. വീഡിയോ ഷെയർ ചെയ്തവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ നകുൽ ദേശ്മുഖ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Content Highlights: Actress attack case; survivor's brother says thanks to all who support them

dot image
To advertise here,contact us
dot image