

തൃശൂർ: ഗുരുവായൂർ നിയമസഭാ മണ്ഡലം കോൺഗ്രസിന് ലഭിക്കണമെന്ന് തൃശ്ശൂർ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്. മണ്ഡലത്തിൽ വിജയസാധ്യത കൂടുതൽ കോൺഗ്രസിനാണ്. ഗുരുവായൂരിൽ കൈപ്പത്തി ചിഹ്നമുള്ള സ്ഥാനാർത്ഥി വേണമെന്ന് കെപിസിസിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജോസഫ് ടാജറ്റ് മാധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസിന് വളരെ ശക്തവും അടിത്തറയുമുള്ള മണ്ഡലമാണ് ഗുരുവായൂർ. കോൺഗ്രസ് സ്ഥാനാർത്ഥി ഗുരുവായൂരിൽ വരണമെന്ന് പ്രവർത്തകർക്ക് കാലങ്ങളായി ആഗ്രഹമുണ്ട്. ഈ വികാരം കെപിസിസിയെ അറിയിച്ചിട്ടുണ്ടെന്നും ജോസഫ് ടാജറ്റ് പറഞ്ഞു. ഗുരുവായൂരിൽ കെ മുരളീധരൻ മത്സരിക്കുമെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് ജോസഫ് ടാജറ്റിന്റെ പ്രതികരണം.
വിഷയത്തിൽ യുഡിഎഫിന്റെ സംസ്ഥാന നേതൃത്വമാണ് തീരുമാനമെടുക്കേണ്ടതെന്ന് പറഞ്ഞ ജോസഫ് ടാജറ്റ്, ഇതിൽ മുസ്‌ലിം ലീഗിനെ പിണക്കാൻ തയ്യാറല്ലെന്നുകൂടി വ്യക്തമാക്കി. എന്നാൽ ഗുരുവായൂരിൽ മത്സരിച്ചേക്കുമെന്ന വാർത്തകളെ കെ മുരളീധരൻ തള്ളി. താനൊരു ഗുരുവായൂരപ്പ ഭക്തനാണ്, അത്രേയുള്ളൂ. മത്സരിക്കാനല്ല, തെരഞ്ഞെടുപ്പിന് നേതൃത്വം നൽകാനാണ് ആഗ്രഹം. ബാക്കിയെല്ലാം പാർട്ടി പറയുന്നതുപോലെ അനുസരിക്കുമെന്നും മുരളീധരൻ പറഞ്ഞു.
അതേസമയം ഗുരുവായൂർ സീറ്റ് കോൺഗ്രസിന് കൈമാറില്ലെന്ന് മുസ്‌ലിം ലീഗ് ജില്ലാ നേതൃത്വം വ്യക്തമാക്കി. സീറ്റ് കൈമാറ്റം സംബന്ധിച്ച് യാതൊരു ചർച്ചകളും നടന്നിട്ടില്ലെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി എ റഷീദ് പറഞ്ഞു. ഗുരുവായൂരിലെ പരാജയത്തിന് മറ്റു പല കാരണങ്ങളാണുള്ളത്. ഇത്തവണ ഗുരുവായൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി വിജയിക്കും. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റം ഉണ്ടാക്കാനായെന്നും സി എ റഷീദ് പറഞ്ഞു.
Content Highlights: Thrissur DCC President Joseph Tajet says Congress want Guruvayur assembly constituency seat