

കൊച്ചി: ഹില്‍പാലസ് മ്യൂസിയം കാണാന്‍ എത്തിയ വയോധികരെ പൊലീസുകാരന്‍ അധിക്ഷേപിച്ചെന്ന പരാതിയില്‍ അന്വേഷണം. സംഭവത്തില്‍ തൃക്കാക്കര എസിപിയാണ് പൊലീസുകാരനെതിരെ അന്വേഷണം നടത്തുക. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കോട്ടയം സ്‌നേഹക്കൂട് സംഘടിപ്പിച്ച സഫലമീ യാത്രയുടെ ഭാഗമായി ഹിൽപാലസ് കാണാനെത്തിയ വയോധികര്‍ക്കാണ് പൊലീസുകാരനില്‍ നിന്ന് ദുരനുഭവം നേരിടേണ്ടി വന്നത്. അധിക്ഷേപിക്കപ്പെട്ടതിന് പിന്നാലെ വയോധികര്‍ മ്യൂസിയം കാണാതെ നിരാശയോടെ മടങ്ങുകയായിരുന്നു.
സ്‌നേഹക്കൂട് സ്ഥാപക നിഷയായിരുന്നു തങ്ങൾ നേരിട്ട ദുരനുഭവം പങ്കുവെച്ച് രംഗത്തെത്തിയത്. സെക്യൂരിറ്റി ഉദ്യോഗസ്ഥന്റെ ധാര്‍ഷ്ട്യവും അസഭ്യം പറച്ചിലും കാരണം സ്നേഹക്കൂട്ടിലെ അച്ഛനമ്മമാരുടെ ആഗ്രഹം സാധിക്കാതെ മടങ്ങിയെന്ന് നിഷ പറഞ്ഞിരുന്നു. വീല്‍ ചെയറുകളില്‍ യാത്ര ചെയ്യുന്ന അച്ഛനമ്മമാരും സ്റ്റാഫുകളുമടക്കം 125 പേരായിരുന്നു ഹില്‍ പാലസിലെത്തിയത്.
നടന്ന് കാണാന്‍ ഒരുപാട് ഉള്ളതിനാല്‍ നടക്കാന്‍ ബുദ്ധിമുട്ടുള്ള പകുതിയോളം പേര്‍ വണ്ടിയില്‍ തന്നെ ഇരിക്കാനും ബാക്കിയുള്ളവര്‍ക്കും, വാഹന പാര്‍ക്കിങ്ങിനും ടിക്കറ്റെടുത്ത് ഹില്‍ പാലസ് കാണാനും തീരുമാനിച്ചത് പ്രകാരം കാണാന്‍ പോകുന്നവര്‍ക്ക് ടിക്കറ്റെടുക്കുവാനായി ചെന്നപ്പോള്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥനായ പോലീസ് ഉദ്യോഗസ്ഥന്‍ വാഹനം അകത്ത് പാര്‍ക്ക് ചെയ്താല്‍ വണ്ടിയില്‍ ഇരിക്കുന്ന മുഴുവന്‍ പേര്‍ക്കും ടിക്കറ്റ് എടുക്കണമെന്നത് നിയമമാണെന്നും എല്ലാവര്‍ക്കും ടിക്കറ്റ് എടുക്കാതെ അകത്തേയ്ക്ക് പോകാന്‍ സാധിക്കില്ലന്നും വാശി പിടിച്ചുവെന്ന് നിഷ പറഞ്ഞിരുന്നു.
വാഹനത്തിലുള്ളവരെല്ലാം അനാഥാലയത്തില്‍ വന്നവരാണെന്നും ആരുമില്ലാത്തവരാണെന്നും പറഞ്ഞപ്പോള്‍ 'ഇതൊക്കെ കുറെ ഞാന്‍ കണ്ടിട്ടുണ്ട് എന്നതായിരുന്നു ധാര്‍ഷ്ട്യം നിറഞ്ഞ മറുപടിയെന്നും നിഷ പറയുന്നു. ഒടുവില്‍ പാലസ് കാണാതെ തിരികെ മടങ്ങവെ ഉദ്യോഗസ്ഥന്‍ അസഭ്യം പറഞ്ഞെന്നുമായിരുന്നു നിഷയുടെ ആരോപണം.
Content Highlight; Police officer abuses elderly people visiting Hill Palace Museum; decision to investigate