

വൈസ് ക്യാപ്റ്റനായിരുന്ന ശുഭ്മാൻ ഗില്ലിനെ ഒഴിവാക്കിയത് കൂടാതെ ജിതേഷ് ശർമയെ മാറ്റി ഇഷാൻ കിഷനെ ടീമിലെടുത്തതുമായിരുന്നു ഇന്ത്യയുടെ 2026 ടി20 ലോകകപ്പ് ടീമിലെ സുപ്രധാന മാറ്റം. ആഭ്യന്തര ടൂർണമെന്റുകളിലെ മികച്ച പ്രകടനമാണ് ഇഷാന് ടീമിലേക്കുള്ള വഴി തുറന്നത്.
എന്നാൽ ആഭ്യന്തര ടൂർണമെന്റിലെ പ്രകടനം മാത്രമല്ല ,ടീം കോമ്പിനേഷൻ കൂടിയാണ് പരിഗണിച്ചതെന്നാണ് മുഖ്യ സെലക്ടർ അജിത് അഗാർക്കർ ഇഷാന്റെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പറഞ്ഞത്.
'വൈറ്റ് ബോൾ ക്രിക്കറ്റിൽ ഇഷാൻ കിഷൻ ടോപ് ഓർഡറിൽ ബാറ്റ് ചെയ്യുന്ന താരമാണ്, നല്ല ഫോമിലാണ് അദ്ദേഹം കളിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യക്കായി അദ്ദേഹം മുൻപ് കളിച്ചിട്ടുണ്ട്. ധ്രുവ് ജുറൽ, ഋഷഭ് പന്ത് എന്നിവർക്ക് പിന്നിലായിരുന്നതുകൊണ്ടാണ് അദ്ദേഹം ഇന്ത്യൻ ടീമിൽ ഇടംനേടാതെ പോയത്. ടോപ് ഓർഡറിൽ ഒരു വിക്കറ്റ് കീപ്പർ ഉണ്ടാകുന്നത് ടീമിന് കൂടുതൽ സ്ഥിരത നൽകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു, അഗാർക്കർ പറഞ്ഞു.
അതായത് കിഷാന്റെ തിരഞ്ഞെടുപ്പിന് സഞ്ജു സാംസണുമായും ശുഭ്മാൻ ഗില്ലുമായും ബന്ധപ്പെട്ടുകിടക്കുന്നതാണെന്ന് വ്യക്തം. ഗിൽ ഉപനായകനായി ടീമിൽ തിരിച്ചെത്തിയതോടെയാണ് സഞ്ജുവിന് ടീമിലെ ഓപ്പണർ സ്ഥാനം നഷ്മാകുന്നത്.
അതോടെ അഭിഷേക് ശർമയ്‌ക്കൊപ്പം ഗിൽ ഓപ്പണറായി. സഞ്ജുവാകട്ടെ മിഡിൽ ഓഡറിലേക്ക് മാറി. പിന്നീട് മിഡിൽ ഓഡറിൽ സഞ്ജുവിന് പകരം ജിതേഷ് ശർമയെത്തി. മിഡിൽ ഓർഡറിൽ കളിക്കുന്ന വിക്കറ്റ് കീപ്പറായതിനാലാണ് ജിതേഷിന് നറുക്കുവീണത്. ഫിനിഷർ റോളിലും ജിതേഷ് മികച്ചുനിൽക്കുന്നു.
അതേസമയം ഗില്ലിന് പകരം സഞ്ജുവിനെ ഓപ്പണറാക്കാൻ തീരുമാനിച്ചതോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. ഏതെങ്കിലും ഘട്ടത്തിൽ സഞ്ജുവിനെ മാറ്റേണ്ടിവന്നാൽ ഓപ്പണറേയും വിക്കറ്റ് കീപ്പറേയും ടീമിന് കണ്ടെത്തേണ്ടതുണ്ട്. ജിതേഷ് ശർമയെ രണ്ടാം കീപ്പറാക്കിയാൽ ഓപ്പണറായി മറ്റൊരാളേയും ടീമിലെടുക്കണം. ഈ പ്രതിസന്ധി ഒഴിവാക്കാനാണ് മുൻനിര ബാറ്ററായ ഒരു വിക്കറ്റ് കീപ്പറിലേക്ക് ടീമെത്തിയത്.
Content Highlights: sanju is the reason for ishan kishan selection , jitesh sharma out