

മലയാള സിനിമയിൽ പുതിയ ചരിത്രം സൃഷ്ടിച്ച, ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" റെക്കോർഡുകൾ തിരുത്തിയാണ് തിയേറ്റർ വിട്ടത്. ആഗോള തലത്തിൽ നിന്നും 300 കോടിയാണ് സിനിമ അടിച്ചെടുത്തത്. സിനിമയിലെ കല്യാണിയുടെ പ്രകടനത്തിന് മികച്ച അഭിപ്രായമായിരുന്നു ലഭിച്ചിരുന്നത്. മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ ചിത്രം രചിച്ചു സംവിധാനം ചെയ്തത് ഡൊമിനിക് അരുൺ ആണ്. ഇപ്പോഴിതാ ലോകയുടെ അടുത്ത ഭാഗത്തിന്റെ രചന തുടങ്ങിയെന്ന് പറയുകയാണ് അരുൺ. റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. ആവശ്യമില്ലാത്ത ഒരു പ്രഷർ ഇപ്പോൾ ഉണ്ടെന്നും അതിൽ നിന്ന് മാറി നിൽക്കാൻ ശ്രമിക്കുന്നുണ്ടെന്നും അരുൺ കൂട്ടിച്ചേർത്തു.
'ഇത്രയും വലിയ വിജയം ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. എനിക്ക് ആസ്വദിക്കാൻ, എന്നെ സംതൃപ്തിപ്പെടുത്താൻ വേണ്ടി ആയിരുന്നു ഈ സിനിമ ആദ്യം ചെയ്യാമെന്ന് വിചാരിച്ചിരുന്നത്. ഞാൻ ഈ കഥ എന്റെ കൂട്ടുകാരോട് പറയുമ്പോൾ അവർക്കും കണക്ട് ആകുന്നുണ്ടായിരുന്നു. അപ്പോഴാണ് ഇത് എല്ലാവരും എൻജോയ് ചെയുന്നുണ്ട് എന്ന് എനിക്ക് മനസിലാകുന്നത്. പിന്നീട് ദുൽഖറിലേക്ക് എത്തുന്നു. ഇത്രയും വലിയ ബഡ്ജറ്റ് ആ സിനിമയ്ക്ക് വേണ്ടി ആരേലും ഇൻവെസ്റ്റ് ചെയ്യുമെന്ന് ഞാൻ കരുതിയിരുന്നില്ല, കാരണം നമ്മുടെ ഇൻഡസ്ട്രറി വളരെ ചെറുതാണ്. ആ സിനിമയ്ക്ക് 30 -35 കോടിയ്ക്കടുത്ത് പണം വേണം. ദുൽഖറിനോട് കഥ പറഞ്ഞപ്പോൾ അദ്ദേഹം വളരെ അധികം താല്പര്യം കാണിച്ചു.
നിങ്ങൾക്ക് ഇഷ്ടം ഉള്ളത് എന്താണോ അത് ചെയ്യുക എന്ന ഫോർമുല ആണ് ഞാൻ എടുക്കുന്നത്. ഒരു ബ്ലോക്ക് ബസ്റ്റർ പടം ചെയ്യണം എന്നൊന്നും എനിക്ക് ആഗ്രഹം ഉണ്ടായിരുന്നില്ല. ഇപ്പോൾ എനിക്ക് മേൽ ഒരുപാട് പ്രഷർ ഉണ്ട്. ആരേലും കാണുമ്പോൾ അടുത്ത ഭാഗത്തിന് കഥ എഴുതിയോ എന്നാണ് ചോദിക്കുന്നത്. ഞാൻ തുടങ്ങി. കുറച്ച് സീനുകൾ എഴുതി വെച്ചിട്ടുണ്ട്. പക്ഷെ ആവശ്യമില്ലാത്ത ഒരു പ്രഷർ ഇപ്പോൾ ഉണ്ട്. അതിൽ നിന്ന് മാറി നിൽക്കാൻ ശ്രമിക്കുന്നുണ്ട്', ഡൊമിനിക് അരുൺ പറഞ്ഞു.
മലയാളം ഇൻഡസ്ട്രി ഹിറ്റ്, ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഡബ്ബ് ചിത്രം, തെലുങ്കിൽ ഏറ്റവും ഉയർന്ന കളക്ഷൻ, ആഗോളതലത്തിൽ ഏറ്റവും കൂടുതൽ മാർക്കറ്റ് ഷെയർ, ബുക്ക് മൈ ഷോയിൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റ റെക്കോർഡ്, ഏറ്റവും കൂടുതൽ ആളുകൾ തിയേറ്ററിൽ എത്തിയ റെക്കോർഡ്, ആദ്യ 300 കോടി നേടിയ മലയാള ചിത്രം എന്നിങ്ങനെ നിരവധി റെക്കോർഡുകളാണ് ലോക നേടിയിരിക്കുന്നത്.
അഞ്ച് ഭാഗങ്ങൾ ഉള്ള ഒരു വമ്പൻ ഫാന്റസി സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ഭാഗമായി എത്തിയ ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും തിളങ്ങിയിട്ടുണ്ട്. ഇവർക്കൊപ്പം ദുൽഖർ സൽമാൻ, ടോവിനോ തോമസ്, സണ്ണി വെയ്ൻ എന്നിവരുടെ ത്രസിപ്പിക്കുന്ന അതിഥി വേഷവും ശ്രദ്ധ നേടി. ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചുകൊണ്ടുള്ള ടീസർ നേരത്തെ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. സിനിമയ്ക്ക് ഒടിടിയിലും മികച്ച അഭിപ്രായമാണ് അഭിക്കുന്നത്.
Content Highlights: Dominic Arun says he feels under pressure to prepare for Loka Chapter 2.