മലയാളത്തിന്റെ ശ്രീനിക്ക് വിട നല്‍കുക ഔദ്യോഗിക ബഹുമതികളോടെ; സംസ്‌കാര ചടങ്ങുകള്‍ നാളെ വീട്ടുവളപ്പില്‍ നടക്കും

മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ശ്രീനിവാസന്‍ ഓര്‍മയാകുകയാണ്

മലയാളത്തിന്റെ ശ്രീനിക്ക് വിട നല്‍കുക ഔദ്യോഗിക ബഹുമതികളോടെ; സംസ്‌കാര ചടങ്ങുകള്‍ നാളെ വീട്ടുവളപ്പില്‍ നടക്കും
dot image

കൊച്ചി: അന്തരിച്ച നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന് വിട നല്‍കാന്‍ നാട്. നാളെ രാവിലെ പത്ത് മണിക്ക് ഔദ്യോഗിക ബഹുമതികളോടെ തൃപ്പൂണിത്തുറ ഉദയംപേരൂരിന് സമീപമുള്ള കണ്ടനാട്ടെ വീട്ടുവളപ്പില്‍ സംസ്കാര ചടങ്ങുകൾ നടക്കും. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഏറെ നാളായി സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു ശ്രീനിവാസന്‍. ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു അപ്രതീക്ഷിതമായി അദ്ദേഹത്തിന്റെ വിയോഗം.

മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ശ്രീനിവാസന്‍ ഓര്‍മയാകുകയാണ്. കരള്‍രോഗമടക്കമുള്ള ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നാണ് അദ്ദേഹം സിനിമയില്‍ നിന്ന് ബ്രേക്ക് എടുത്തത്. ഒരു ഘട്ടത്തില്‍ അദ്ദേഹം സിനിമയിലേക്ക് തിരികെ എത്തുമെന്നുള്ള സൂചനകളുണ്ടായിരുന്നു. എന്നാല്‍ ആരോഗ്യം അതിനനുവദിച്ചില്ല. ഇന്ന് രാവിലെ ഡയാലിസിസിനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ശ്രീനിവാസന് ശ്വാസതടസമുണ്ടായി. തുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍വെച്ചായിരുന്നു മരണം. ഈ സമയം ഭാര്യ വിമലയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. കണ്ടനാട്ടെ വീട്ടിലേയ്ക്കാണ് ശ്രീനിവാസന്റെ മൃതദേഹം ആദ്യം എത്തിച്ചത്. ഉച്ചവരെ ഇവിടെ പൊതുദര്‍ശനം നടന്നു. ശേഷം എറണാകുളം ടൗണ്‍ ഹാളിലേയ്ക്ക് പൊതുദർശത്തിനായി കൊണ്ടുപോകുകയായിരുന്നു.

ചെന്നൈയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു വിനീത് വിവരം അറിയുന്നത്. തുടര്‍ന്ന് വിനീത് വീട്ടിലേയ്ക്ക് എത്തുകയായിരുന്നു. ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നായിരുന്നു ധ്യാന്‍ എത്തിയത്. ശ്രീനിവാസന്റെ വിയോഗമറിഞ്ഞ് നിരവധി പേരാണ് അദ്ദേഹത്തിന്റെ വീട്ടിലേക്ക് ഒഴുകിയെത്തിയത്. നടന്‍ മമ്മൂട്ടി അദ്ദേഹത്തിന് അന്ത്യമോപചാരം അര്‍പ്പിക്കാന്‍ വീട്ടില്‍ എത്തിയിരുന്നു. ഉച്ചയ്ക്ക് 12.10 ഓടെ ശ്രീനിവാസന്റെ മൃതദേഹം എറണാകുളം ടൗണ്‍ ഹാളിലേക്ക് കൊണ്ടുപോയി. ഒരു മണിയോടെ ടൗണ്‍ഹാളില്‍ പൊതുദര്‍ശനം ആരംഭിച്ചു. മമ്മൂട്ടി ഇവിടെയും എത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, മോഹന്‍ലാല്‍, സംവിധായകരായ ജോഷി, സത്യന്‍ അന്തിക്കാട്, സിബി മലയില്‍ നടനും സംവിധായകനുമായ ബേസില്‍ ജോസഫ്, സായികുമാര്‍, ബിന്ദു പണിക്കര്‍, ശ്രീനാഥ് ഭാസി, ഇടവേള ബാബു അടക്കമുള്ളവര്‍ ശ്രീനിവാസന് അന്ത്യമോപചാരം അര്‍പ്പിക്കാന്‍ ടൗണ്‍ ഹാളില്‍ എത്തി. 3.30 ഓടെ ടൗണ്‍ ഹാളിലെ പൊതുദര്‍ശനം അവസാനിച്ചു. തുടര്‍ന്ന് മൃതദേഹം കണ്ടനാട്ടെ വീട്ടിലേക്ക് കൊണ്ടുപോയി.

Content Highlights- Actor Sreenivasan's funeral will conduct tomorrow in his house in kandanad

dot image
To advertise here,contact us
dot image