

കാസര്‍കോട്: സൈക്കിള്‍ മോഷ്ടാവിനെ തന്ത്രപൂര്‍വ്വം പൊലീസിന് മുന്നിലെത്തിച്ച് സൈക്കിള്‍ ഉടമ. കരിവെള്ളൂര്‍ ഓണക്കുന്നിലാണ് സംഭവം. ഇതോടെ ഒരുപ്രദേശത്തെ സൈക്കിള്‍ മോഷണത്തിന്റെ ചുരുളഴിയുകയാണ്.
കഴിഞ്ഞ ദിവസമാണ് ഓണക്കുന്നിലെ ശ്രീജിത്ത് കുമാറിന്റെ മകളുടെ സൈക്കിള്‍ മോഷണം പോയത്. ഇതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. സൈക്കിളുമായി എത്തുന്ന പ്രതി അത് അവിടെവെച്ച ശേഷം നിഖിതയുടെ സൈക്കിളുമായി കടന്നുകളയുകയായിരുന്നു. പിന്നീട് തിരിച്ചെത്തി സ്വന്തം സൈക്കിളും എടുത്തുകൊണ്ടുപോയി. ഇത് സംബന്ധിച്ച് പൊലീസില്‍ പരാതിപ്പെട്ടിട്ടും പ്രതിയെ പിടികൂടാനായിരുന്നില്ല. രണ്ട് മാസത്തിനുള്ളില്‍ പ്രദേശത്ത് അഞ്ച് സൈക്കിളുകള്‍ മോഷണം പോയിട്ടുണ്ട്.
അങ്ങനെയിരിക്കെ കഴിഞ്ഞദിവസം ശ്രീജിത്ത് കാങ്കോലിലേക്ക് പോകുന്ന വഴി പ്രതിയെ കാണുകയായിരുന്നു. പൊലീസിനെ വിളിച്ചെങ്കിലും 15 മിനിറ്റെങ്കിലും എടുക്കുമെന്നായിരുന്നു മറുപടി. അതുവരെ പ്രതിയെ പിടിച്ചുനിര്‍ത്തണമെന്നും പറഞ്ഞു. തുടര്‍ന്ന് ശ്രീജിത്ത് വാട്ടര്‍ ടാങ്ക് ക്ലീന്‍ ചെയ്യാനുണ്ടെന്ന് പറഞ്ഞ് പ്രതിയെ സമീപിക്കുകയായിരുന്നു.
ഉടന്‍ യാതൊരു സംശയവും കൂടാതെ പ്രതി ശ്രീജിത്തിന്റെ ബൈക്കില്‍ കയറി. അരമണിക്കൂറോളം ബൈക്കില്‍ സഞ്ചരിച്ചെങ്കിലും താന്‍ മോഷ്ടിച്ച സൈക്കിളിന്റെ ഉടമയാണ് ശ്രീജിത്ത് എന്ന് മോഷ്ടാവിന് മനസ്സിലായില്ല. ഒടുക്കം പൊലീസ് ജീപ്പിന് മുന്നില്‍ ബൈക്ക് നിര്‍ത്തിയതോടെയാണ് കാര്യം പിടികിട്ടിയത്.
ചോദ്യം ചെയ്യലില്‍ മോഷ്ടിച്ച സൈക്കിളുകള്‍ വില്‍പ്പന നടത്തിയ സ്ഥലം പ്രതി പൊലീസിന് കാട്ടിക്കൊടുത്തു. മദ്യപിക്കാനായാണ് സൈക്കിളുകള്‍ മോഷ്ടിച്ചതെന്നാണ് പ്രതിയുടെ മൊഴി.
Content Highlights: Bicycle owner cleverly brings bicycle thief to the police karivellur