ലിവ്-ഇൻ റിലേഷനിലുള്ളവരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ സ്റ്റേറ്റിന് ഉത്തരവാദിത്വമുണ്ട്: അലഹബാദ് ഹൈക്കോടതി

കുടുംബങ്ങളിൽ നിന്ന് ഭീഷണി നേരിടുന്നുണ്ടെന്നും പോലീസിൽ നിന്ന് മതിയായ സുരക്ഷ ലഭിക്കുന്നില്ലെന്നും പരാതിപ്പെട്ട 12 ലിവ്-ഇൻ ദമ്പതികൾക്ക് പൊലീസ് സംരക്ഷണം നൽകണമെന്ന് അലഹബാദ് ഹൈക്കോടതി നിർദ്ദേശിച്ചു

ലിവ്-ഇൻ റിലേഷനിലുള്ളവരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ സ്റ്റേറ്റിന് ഉത്തരവാദിത്വമുണ്ട്: അലഹബാദ് ഹൈക്കോടതി
dot image

അലഹബാദ്: ലിവ്-ഇൻ റിലേഷനിൽ കഴിയുന്ന പ്രായപൂർത്തിയായവരുടെ ജീവനും സ്വത്തിനും സംരക്ഷണമൊരുക്കാൻ സ്റ്റേറ്റിന് ഉത്തരവാദിത്വമുണ്ടെന്ന് അലഹബാദ് ഹൈക്കോടതി. കുടുംബങ്ങളിൽ നിന്ന് ഭീഷണി നേരിടുന്നുണ്ടെന്നും പൊലീസിൽ നിന്ന് മതിയായ സുരക്ഷ ലഭിക്കുന്നില്ലെന്നും പരാതിപ്പെട്ട 12 ലിവ്-ഇൻ ദമ്പതികൾക്ക് പൊലീസ് സംരക്ഷണം നൽകണമെന്ന് അലഹബാദ് ഹൈക്കോടതി നിർദ്ദേശിച്ചു.

സമാനമായ നിരവധി കേസുകൾ ഇപ്പോൾ ഫയൽ ചെയ്യുന്നുണ്ടെന്നും ജില്ലാ പോലീസിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും ദമ്പതികൾ പറഞ്ഞതോടെ കോടതിയെ സമീപിക്കാൻ നിർബന്ധിതരായി എന്നും കോടതി പറഞ്ഞിരുന്നു. 'ഒരു പൗരൻ പ്രായപൂർത്തിയാകാത്തവനോ മേജറോ ആകട്ടെ, വിവാഹിതനോ അവിവാഹിതനോ ആകട്ടെ, മനുഷ്യജീവിതത്തിനുള്ള അവകാശത്തെ വളരെ ഉയർന്ന തലത്തിൽ പരിഗണിക്കണം. ഹർജിക്കാർ വിവാഹം കഴിച്ചിട്ടില്ല എന്നത് കൊണ്ട് ഇന്ത്യൻ പൗരന്മാർ എന്ന നിലയിൽ ഇന്ത്യൻ ഭരണഘടനയിൽ വിഭാവനം ചെയ്തിട്ടുള്ള അവരുടെ മൗലികാവകാശങ്ങൾ നഷ്ടപ്പെടുത്തില്ല' എന്നും കോടതി നിരീക്ഷിച്ചു. സമൂഹം അത്തരം ബന്ധങ്ങളെ അംഗീകരിക്കുന്നുണ്ടോ എന്നതിനേക്കാൾ, ലിവ്-ഇൻ ബന്ധങ്ങളിൽ ഏർപ്പെടുന്ന മുതിർന്നവരെ ഭരണഘടന സംരക്ഷിക്കുന്നുണ്ടോ എന്നതാണ് നിലവിലുള്ള ചോദ്യമെന്നും കോടതി വ്യക്തമാക്കി.

സാമൂഹികവും വ്യക്തിപരവുമായ വീക്ഷണത്തിൻ്റെ അടിസ്ഥാനത്തിൽ ധാർമ്മികത വ്യത്യാസപ്പെടാമെങ്കിലും നിയമസാധുതയെ ഈ വ്യത്യാസങ്ങൾ ബാധിക്കില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു. ഇന്ത്യൻ സമൂഹത്തിലെ പല വിഭാഗങ്ങൾക്കും ഇപ്പോഴും ലിവ്-ഇൻ ബന്ധങ്ങൾ അസ്വസ്ഥതയുണ്ടാക്കുന്നുണ്ടെങ്കിലും നിയമം അവയെ നിരോധിക്കുന്നില്ലെന്ന് വിധിയിൽ പറയുന്നുണ്ട്. ഒരു വ്യക്തി പ്രായപൂർത്തിയായിക്കഴിഞ്ഞാൽ എവിടെ, ആരോടൊപ്പം താമസിക്കണമെന്ന് തീരുമാനിക്കാൻ ആ വ്യക്തിക്ക് നിയമപരമായി സ്വാതന്ത്ര്യമുണ്ടെന്നും കോടതി വ്യക്തമാക്കി.

"പ്രായപൂർത്തിയായ ഒരാൾ തന്റെ പങ്കാളിയെ തിരഞ്ഞെടുത്തുകഴിഞ്ഞാൽ, മറ്റൊരു വ്യക്തിക്ക് അത് ഒരു കുടുംബാംഗമാണെങ്കിൽ പോലും അവരുടെ സമാധാനപരമായ ജീവിതത്തെ എതിർക്കാനോ തടസ്സപ്പെടുത്താനോ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു. ഭരണഘടനാപരമായ ചുമതലകളുടെ അടിസ്ഥാനത്തിൽ ഓരോ പൗരന്റെയും ജീവിതവും സ്വാതന്ത്ര്യവും സംരക്ഷിക്കേണ്ടത് സംസ്ഥാനത്തിന്റെ ബാധ്യതയാണെന്നും കോടതി ചൂണ്ടിക്കാണിച്ചു. ലിവ്-ഇൻ ബന്ധങ്ങൾക്ക് സംരക്ഷണം നിഷേധിച്ച മുൻ ഹൈക്കോടതി വിധികളെയും കോടതി പരാമർശിച്ചു.

Content Highlights: Adults in a live-in relationship are entitled to protection of life Ruled the Allahabad High Court

dot image
To advertise here,contact us
dot image