

ബെംഗളൂരു: പൊലീസ് ഇന്‍സ്‌പെക്ടറിന് രക്തം കൊണ്ട് പ്രണയലേഖനമെഴുതുകയും ആത്മഹത്യാഭീഷണി മുഴക്കുകയും ചെയ്ത യുവതി അറസ്റ്റില്‍. രാമമൂര്‍ത്തി നഗര്‍ സ്റ്റേഷനിലെ സതീഷിന്റെ പരാതിയിലാണ് നടപടി. ഒക്ടോബര്‍ 30 നാണ് സതീഷിന് ആദ്യ കോള്‍ ലഭിച്ചത്. സഞ്ജന എന്ന് സ്വയം പരിചയപ്പെടുത്തിയ യുവതി താന്‍ ആ പ്രദേശത്താണ് താമസിക്കുന്നതെന്ന് പറഞ്ഞ് പ്രണയാഭ്യര്‍ത്ഥന നടത്തി.
സതീഷ് അതൊരു തമാശയായി കരുതി ഒഴിവാക്കി വിട്ടു. എന്നാല്‍ പല നമ്പറുകളിലായി വിളിച്ചു. ഒരോന്നായി സതീഷ് ബ്ലോക്ക് ചെയ്യുമ്പോഴെല്ലാം പുതിയ നമ്പറുകളില്‍ കോളുകള്‍ വന്നുകൊണ്ടിരുന്നു. ആകെ 11 നമ്പറുകളാണ് ബ്ലോക്ക് ചെയ്തത്. വീണ്ടും മറ്റ് നമ്പറുകളില്‍ നിന്ന് വിളിക്കുകയും മന്ത്രിമാരുടെയും രാഷ്ട്രീയ നേതാക്കളുടെയും ഒപ്പമുള്ള ചിത്രങ്ങള്‍ അയച്ചു.
പല തന്ത്രങ്ങളിറക്കി.
സതീഷിന്റെ അഭാവത്തില്‍ പൊലീസ് സ്റ്റേഷനിലെത്തി ബന്ധുവാണെന്ന് സ്വയം പരിചയപ്പെടുത്തുകയും ഒരു പൂച്ചെണ്ടും ഒരു പെട്ടി മധുരപലഹാരവും കൊടുത്തു. വിവരം അറിയിച്ചപ്പോള്‍, തന്റെ പേര് ദുരുപയോഗം ചെയ്യരുതെന്ന് സതീഷ് അവര്‍ക്ക് മുന്നറിയിപ്പ് നല്‍കി. നവംബര്‍ ഏഴിന്, വീണ്ടും സ്റ്റേഷനില്‍ ഹാജരായി, പ്രണയലേഖനങ്ങള്‍ നല്‍കി. സഹകരിച്ചില്ലെങ്കില്‍ സതീഷിനെ കാരണക്കാരനാക്കി ജീവിതം അവസാനിപ്പിക്കുമെന്നും യുവതി പറഞ്ഞു. ഇത് തുടര്‍ന്നപ്പോള്‍, നവംബര്‍ എട്ടിന് അദ്ദേഹം ഔദ്യോഗികമായി പരാതി നല്‍കി.
അന്വേഷണത്തില്‍ വൈറ്റ്ഫീല്‍ഡിലെ ഒരു പൊലീസ് കോണ്‍സ്റ്റബിളിനെയും രാമമൂര്‍ത്തിനഗറിലെയും കെആര്‍ പുരയിലെയും മറ്റ് രണ്ട് പുരുഷന്മാരെയും സഞ്ജന നേരത്തെ ലക്ഷ്യമിട്ടിരുന്നതായി പൊലീസ് കണ്ടെത്തി. ബിഎന്‍എസ് സെക്ഷന്‍ 132, 221, 351 എന്നിവ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Content Highlights: Bengaluru Woman Stalks Police Inspector Sends Love Letter Written in Blood