

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിലെ മുന്നണി വോട്ടുകളില്‍ ചാഞ്ചാട്ടം. കേരളാ കോണ്‍ഗ്രസ് എം അണികള്‍ക്ക് സ്വന്തം ചിഹ്നത്തോടുളള മമത മുന്നണിയിലെ മറ്റ് പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികളോടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കേരളാ കോണ്‍ഗ്രസ് എം ശക്തികേന്ദ്രമായ പാലാ നഗരസഭയില്‍ 2020-ലെ സീറ്റ് വിഹിതം ഇത്തവണയും പാര്‍ട്ടി നിലനിര്‍ത്തിയപ്പോള്‍ പക്ഷെ സിപിഐഎമ്മിനും സിപിഐയ്ക്കും അടിതെറ്റി. സിപിഐഎം ആറ് സീറ്റില്‍ നിന്ന് രണ്ടിലേക്കെത്തി. സിപിഐയ്ക്ക് കഴിഞ്ഞ തവണ ഒരു സീറ്റ് ഉണ്ടായിരുന്നു. ഈ തെരഞ്ഞെടുപ്പില്‍ അതും നഷ്ടമായി. എന്നാല്‍ കേരളാ കോണ്‍ഗ്രസാകട്ടെ പാലാ മുനിസിപ്പാലിറ്റിയില്‍ 26 സീറ്റുകളില്‍ കഴിഞ്ഞ പ്രാവശ്യം നേടിയ പത്ത് സീറ്റുകളും നിലനിര്‍ത്തി.
ജില്ലാ പഞ്ചായത്തിലും സമാനമായ രീതി കാണാനാകും. 2020-ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് എം അഞ്ച് സീറ്റുകള്‍ നേടിയിരുന്നു. ഈ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് മാത്രമാണ് നഷ്ടമായത്. പക്ഷെ സിപിഐഎമ്മിന് ആറ് സീറ്റ് ലഭിച്ചിടത്ത് രണ്ട് സീറ്റ് മാത്രമാണ് ഇത്തവണ ലഭിച്ചത്. നേരത്തെ സിപിഐയ്ക്ക് മൂന്ന് സീറ്റ് ലഭിച്ചിടത്ത് ഇപ്പോള്‍ ഒരു സീറ്റിലേക്ക് ചുരുങ്ങി. പാലാ നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ഭരണങ്ങാനം ഡിവിഷന്‍ കേരളാ കോണ്‍ഗ്രസ് എം നിലനിര്‍ത്തി. ഉഴവൂര്‍, കിടങ്ങൂര്‍ ഡിവിഷനുകളും വിജയിച്ചു. പാലായില്‍ തന്നെ കഴിഞ്ഞ പ്രാവശ്യം ബിജെപി ഭരിച്ച മുത്തോലി പഞ്ചായത്തില്‍ കേരളാ കോണ്‍ഗ്രസ് എമ്മിന് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനായി.
നഗരസഭകളുടെയും ജില്ലാ പഞ്ചായത്തിന്റെയും കണക്കെടുത്താല്‍ പാലാ നിയോജക മണ്ഡലത്തില്‍ കേരളാ കോണ്‍ഗ്രസ് എം വലിയ പരിക്കുകളൊന്നും ഇല്ലാതെ പിടിച്ചുനിന്നു. എന്നാല്‍ കേരളാ കോണ്‍ഗ്രസ് എമ്മിന്റെ ശക്തികേന്ദ്രങ്ങളില്‍ അടികിട്ടിയത് എല്‍ഡിഎഫ് മുന്നണിയിലെ മുഖ്യ ഘടകക്ഷികളായ സിപിഐമ്മിനും സിപിഐയ്ക്കുമാണ്. മുന്നണിയിലെ മറ്റ് കക്ഷികളോട് കേരളാ കോണ്‍ഗ്രസ് എം അണികള്‍ കാര്യമായ മമത കാട്ടുന്നില്ലെന്ന് നേരത്തെ തന്നെ സിപിഐ വിമര്‍ശനം ഉന്നയിച്ചിരുന്നു.
Content Highlights: Kerala Congress M Voters reluctant to vote to cpim and cpi; local body election result shows