പോളിങ് കുറഞ്ഞിട്ടും കുതിച്ച് ഉയർന്ന് യുഡിഎഫ്, പരമ്പരാഗത ധാരണ പൊളിഞ്ഞു

കൂടുതൽപേർ ഇടതുപക്ഷത്തെ കൈവിട്ടുവെന്നതിന്റെ സൂചന കൂടിയാണ് യുഡിഎഫിന് ലഭിച്ച വിജയം

പോളിങ് കുറഞ്ഞിട്ടും കുതിച്ച് ഉയർന്ന് യുഡിഎഫ്, പരമ്പരാഗത ധാരണ പൊളിഞ്ഞു
dot image

തൃശ്ശൂർ : തദ്ദേശ തെരഞ്ഞെടുപ്പിൽ ഉൾപ്പെടെ പോളിങ് കുറഞ്ഞിട്ടും കുതിച്ചുയര്‍ന്ന് യുഡിഎഫ്. പോളിങ് കുറഞ്ഞാൽ നേട്ടം ഇടതുപക്ഷത്തിനാകുമെന്ന പരമ്പരാഗത ധാരണ തിരുത്തിയിരിക്കുകയാണ് ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പ്. വോട്ടിങ് ശൈലിക്കു വരുന്ന മാറ്റത്തിന്റെ സൂചന കൂടിയാണിത്. കടുത്ത ഭരണവിരുദ്ധവികാരം ഈ ശൈലിമാറ്റത്തിന് കാരണമായതായും കരുതുന്നു. കൂടുതൽപേർ ഇടതുപക്ഷത്തെ കൈവിട്ടുവെന്നതിന്റെ സൂചന കൂടിയാണ് യുഡിഎഫിന് ലഭിച്ച വിജയം.

തൃശ്ശൂർ കോർപറേഷനിൽ 2020-ൽ 63.79 ശതമാനം ആളുകളാണ് വോട്ടുരേഖപ്പെടുത്തിയത്. അന്ന് ഇടതുപക്ഷത്തിന് 24 സീറ്റും കോൺഗ്രസിന് 23 സീറ്റും ലഭിച്ചു. ഇത്തവണ വോട്ടിങ് ശതമാനം 62.45 ആയി കുറഞ്ഞപ്പോൾ യുഡിഎഫ് നേടിയത് 33 സീറ്റാണ്. എൽഡിഎഫ് 11 സീറ്റിൽ ഒതുങ്ങി.

പോളിങ് 1.34 ശതമാനം കുറഞ്ഞപ്പോൾ യുഡിഎഫിന് 10 സീറ്റിന്റെ വർധന. എൽഡിഎഫിന് 13 സീറ്റ് നഷ്ടപ്പെട്ടു.

പോളിങ് കുറയുന്നത് കേഡർ സ്വഭാവമുള്ള പാർട്ടി എന്നനിലയിൽ ബിജെപിക്കും ഗുണമാകേണ്ടതാണ്. എന്നാൽ കോർപറേഷനിൽ രണ്ടുസീറ്റ് മാത്രമാണ് ഇവർക്ക് അധികം നേടാനായത്. ഇതിൽ ഒരുസീറ്റ് നറുക്കെടുപ്പിലൂടെയാണ് ലഭിച്ചത്. പോളിങ് കുറഞ്ഞതോടെ കോൺഗ്രസിൽ മിക്കവരും പ്രതീക്ഷ കൈവിട്ടിരുന്നു. കഴിഞ്ഞ തവണത്തേക്കാൾ സീറ്റ് കുറയുമെന്ന് ഉറപ്പിച്ച് നിൽക്കുമ്പോഴാണ് ഭരിക്കാനുള്ള ഭൂരിപക്ഷം നേടിയത്.

തിരുവനന്തപുരം കോർപറേഷനിൽ പോളിങ് 1.32 ശതമാനം കുറഞ്ഞപ്പോൾ കോൺഗ്രസ് 9 സീറ്റുകൾ കൂടുതൽനേടാൻ കഴിഞ്ഞു. 2020-ൽ 59.56 ശതമാനം പോളിങ് ഉള്ളപ്പോൾ 10 സീറ്റുകൾ മാത്രമാണ് കോൺഗ്രസിനുണ്ടായിരുന്നത്. ഈ തിരഞ്ഞെടുപ്പിൽ 58.24 ശതമാനമായി പോളിങ് കുറഞ്ഞപ്പോൾ എൽഡിഎഫിന്റെ സീറ്റ് 52-ൽ നിന്ന് 29-ലേക്ക് ചുരുങ്ങി.

കൊച്ചി കോർപറേഷനിലെ പോളിങ് 0.51 ശതമാനംമാത്രം കൂടിയപ്പോൾ യുഡിഎഫ് 15 സീറ്റുകൾ വർധിപ്പിച്ചു. എൽഡിഎഫിന് 13 സീറ്റുകൾ നഷ്ടപ്പെട്ടു. 2020-ൽ 62.01 ശതമാനമായിരുന്ന പോളിങ് ഇത്തവണ 62.52 ശതമാനമായി. യുഡിഎഫ് 46 സീറ്റും എൽഡിഎഫ് 20 സീറ്റുമാണ് ഇത്തവണ നേടിയത്.

കോഴിക്കോട് കോർപറേഷനിലെ പോളിങ് ശതമാനം 0.85 ശതമാനം കുറഞ്ഞിട്ടും എൽഡിഎഫിന് 16 സീറ്റുകൾ നഷ്ടമായി. യുഡിഎഫ് എട്ടുസീറ്റുകൾ കൂടുതൽ നേടുകയും ചെയ്തു. യുഡിഎഫ് 26 സീറ്റും എൽഡിഎഫ് 34 സീറ്റുമാണ് നേടിയത്.

Content Highlight : UDF wins despite low turnout in local elections

dot image
To advertise here,contact us
dot image