

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ ആകെ വോട്ടില്‍ ബഹുദൂരം കുതിച്ച് യുഡിഎഫ്. എല്‍ഡിഎഫിനേക്കാള്‍ ഏഴരലക്ഷം വോട്ടുകളാണ് അധികം നേടിയത്. അതായത് എല്‍ഡിഎഫിനേക്കാള്‍ മൂന്നര ശതമാനം വോട്ടാണ് യുഡിഎഫ് ഈ തെരഞ്ഞെടുപ്പില്‍ അധികം നേടിയത്.
2020 ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനേക്കാള്‍ 5.40 ലക്ഷം വോട്ട് എല്‍ഡിഎഫിന് ലഭിച്ചിരുന്നു. ഇതിനെ മറികടന്നാണ് ഇത്തവണത്തെ യുഡിഎഫ് മുന്നേറ്റം. 89.69 ലക്ഷം വോട്ടാണ് യുഡിഎഫിന് ഇത്തവണ ലഭിച്ചത്. കഴിഞ്ഞ തവണ കിട്ടിയ 79.07 ലക്ഷം വോട്ടായിരുന്നു യുഡിഎഫ് പെട്ടിയിലായത്. 10.62 ലക്ഷം വോട്ടുകള്‍ അധികം ലഭിച്ചു. എല്‍ഡിഎഫ് കഴിഞ്ഞ തവണ നേടിയ 84.48 ലക്ഷം വോട്ടില്‍നിന്ന് 2.32 ലക്ഷം വോട്ട് ഇക്കുറി കുറഞ്ഞു. 82.16 ലക്ഷം വോട്ടാണ് ഇത്തവണ കിട്ടിയത്. കഴിഞ്ഞ തവണ 31.65 ലക്ഷം വോട്ട് കിട്ടിയ എന്‍ഡിഎക്ക് 32.17 ലക്ഷം വോട്ടാണ് ഇത്തവണ ലഭിച്ചത്.
മലപ്പുറം ജില്ലയിലാണ് യുഡിഎഫിന് ഏറ്റവും കൂടുതല്‍ വോട്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍കോട് ജില്ലകളില്‍ യുഡിഎഫിന് കൂടുതല്‍ വോട്ടുകള്‍ ലഭിച്ചു. കണ്ണൂരിലാണ് എല്‍ഡിഎഫിന് ഏറ്റവും കൂടുതല്‍ വോട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ എല്‍ഡിഎഫ് കൂടുതല്‍ വോട്ട് നേട്ടി. ആറ് ലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷമാണ് മലപ്പുറം ജില്ലയില്‍ ലഭിച്ചത്. കണ്ണൂരില്‍ 83,041 വോട്ടുകള്‍ ലഭിച്ചു.
എറണാകുളം-1.41 ലക്ഷം, കോട്ടയം-64,591, ഇടുക്കി- 63,249, കോഴിക്കോട്- 58,545, കാസര്‍കോട്-58,477, പത്തനംതിട്ട 49,305, വയനാട്- 47,300 എന്നിങ്ങനെയാണ് യുഡിഎഫിന്റെ ഭൂരിപക്ഷം. കണ്ണൂര്‍- 83,041 തൃശൂര്‍ 67,714, പാലക്കാട്-65,406, തിരുവനന്തപുരം-43,137, കൊല്ലം-39,746, ആലപ്പുഴ 30,951 എന്നിങ്ങനെയാണ് എല്‍ഡിഎഫിന്റെ ഭൂരിപക്ഷം. എൻഡിഎയ്ക്ക് അരലക്ഷത്തോളം വോട്ട് വർധിച്ചെന്നാണ് കണക്കുകൾ. 32.17 ലക്ഷം വോട്ടുകളാണ് എൻഡിഎയ്ക്ക് ലഭിച്ചത്.
Content Highlights: Local Body Election Result udf get 7.5 Lakhs Vote than LDF