അതിജീവിതയുടെ ഐഡന്‍റിറ്റി പരസ്യപ്പെടുത്തിയ കേസ്; സന്ദീപ് വാര്യരുടെ മുൻകൂർ ജാമ്യാപേക്ഷ വീണ്ടും മാറ്റി

കേസില്‍ നാലാം പ്രതിയാണ് സന്ദീപ് വാര്യര്‍

അതിജീവിതയുടെ ഐഡന്‍റിറ്റി പരസ്യപ്പെടുത്തിയ കേസ്; സന്ദീപ് വാര്യരുടെ മുൻകൂർ ജാമ്യാപേക്ഷ വീണ്ടും മാറ്റി
dot image

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ പരാതി നൽകിയ അതിജീവിതയുടെ ഐഡന്‍റിറ്റി പരസ്യപ്പെടുത്തിയെന്ന കേസിൽ കോൺഗ്രസ് നേതാവ് സന്ദീപ് വാര്യരുടെ മുൻകൂർ ജാമ്യാപേക്ഷ വീണ്ടും മാറ്റി. ഡിസംബർ 18ലേക്കാണ് മാറ്റിവെച്ചത്. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. കേസില്‍ നാലാം പ്രതിയാണ് സന്ദീപ് വാര്യര്‍.

ഇരയുടെ ഐഡന്റിറ്റി മനഃപൂര്‍വ്വം എവിടെയും വെളിപ്പെടുത്തിയിട്ടില്ലെന്നാണ് സന്ദീപ് വാര്യയുടെ വാദം. പരാതിക്കാരിയായ യുവതിയുടെ വിവാഹ സമയത്ത് എടുത്ത ആശംസാ പോസ്റ്റ് പലരും സോഷ്യല്‍മീഡിയയില്‍ കുത്തിപ്പൊക്കിയതാണെന്നും അതിജീവിതയെ അപമാനിക്കുന്ന പ്രവര്‍ത്തി ചെയ്തിട്ടില്ലെന്നും സന്ദീപ് വാര്യര്‍ ജാമ്യാപേക്ഷയില്‍ പറയുന്നുണ്ട്.

ഒരു വര്‍ഷം മുന്‍പ് പങ്കെടുത്ത കല്യാണത്തിന്റെ ഫോട്ടോ അന്ന് ഫേസ്ബുക്കില്‍ പങ്ക് വച്ചിരുന്നുവെന്നും അത് പലരും ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടതോടെ പിന്‍വലിച്ചെന്നും സന്ദീപ് വാര്യര്‍ വിഷയത്തില്‍ പ്രതികരിച്ചിരുന്നു. മനഃപ്പൂര്‍വം ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടില്ല. കേസ് രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നുമായിരുന്നു പ്രതികരണം.

അതേസമയം, അതിജീവിതയെ അധിക്ഷേപിച്ച കേസിൽ ജയിലിലായിരുന്ന രാഹുൽ ഈശ്വർ കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ച് പുറത്തിറങ്ങിയിരുന്നു. ജയിലിന് പുറത്ത് കാത്തുനിന്ന മെൻസ് അസോസിയേഷൻ പ്രവർത്തകർ രാഹുലിനെ മലയിട്ടാണ് സ്വീകരിച്ചത്.

പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിച്ച രാഹുൽ ഈശ്വർ തനിക്കെതിരെ വന്നത് വ്യാജ പരാതിയാണെന്ന് പറഞ്ഞു. സ്വാമി അയ്യപ്പനെയും മഹാത്മാ ഗാന്ധിയെയും പരാമർശിച്ചുകൊണ്ടാണ് രാഹുൽ സംസാരിച്ചുതുടങ്ങിയത്. നോട്ടീസ് നൽകാതെയാണ് പൊലീസ് തന്നെ അറസ്റ്റ് ചെയ്തത്. ശബരിമല സ്വർണക്കൊള്ളയ്ക്ക് പകരം രാഹുൽ വിഷയം പ്രചാരണമാക്കാനായിരുന്നു മുഖ്യമന്ത്രിയുടെ ശ്രമം. താൻ പുറത്തുണ്ടെങ്കിൽ ശക്തമായ ക്യാമ്പയിൻ നടത്തുമെന്ന് മുഖ്യമന്ത്രിക്കറിയാം. താൻ പോരാടുന്നതും നിരാഹാരം കിടന്നതും മെൻസ് കമ്മീഷന് വേണ്ടിയാണ്. തന്നെ വ്യാജ പരാതിയിൽ അറസ്റ്റ് ചെയ്തത് പോലെ ആരെയും അറസ്റ്റ് ചെയ്യാവുന്നതല്ലേ എന്നും രാഹുൽ ചോദിച്ചു.

ഇതിനിടയിൽ കൂടുതൽ സംസാരിക്കുന്നതിൽ നിന്നും രാഹുലിനെ ഭാര്യ ദീപ വിലക്കുന്നുണ്ടായിരുന്നു. അഭിഭാഷകനും വിലക്കിയെങ്കിലും രാഹുൽ പിന്മാറിയില്ല. പിന്നാലെ സത്യമില്ലാതെ ഈ രാജ്യം നിലനിൽക്കില്ലെന്നും ആർക്കും ആരെക്കുറിച്ചും കള്ളം പറയാമെന്ന് വെച്ചാൽ നമ്മളെ കുടുക്കാൻ വളരെ എളുപ്പമാണ് എന്നും രാഹുൽ പറഞ്ഞു. തുടർന്ന് മകനെ മാധ്യമങ്ങൾക്ക് മുൻപിൽ നിർത്തി നാളെ ഇവരെപ്പോലുള്ള ആൺകുട്ടികൾ വളർന്നുവരുമ്പോൾ അവരെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്യരുത് എന്നും അതിനാണ് ഈ പോരാട്ടമെന്നും രാഹുൽ പറഞ്ഞു. ഉമ്മൻചാണ്ടിക്ക് നീതി കിട്ടാത്ത, ദിലീപിനും നിവിൻ പോളിക്കും നീതി കിട്ടാത്ത നാട്ടിൽ നമ്മളെപ്പോലുള്ളവർക്ക് നീതി കിട്ടുമോ എന്നും രാഹുൽ ചോദിച്ചു.

Content Highlights: sandeep varrier bail application to be listed on december 18

dot image
To advertise here,contact us
dot image