

ബോളിവുഡിൽ ആരാധകർ ഏറെയുള്ള താരദമ്പതികളാണ് സെയ്ഫ് അലി ഖാനും കരീന കപൂറും. 2012-ലാണ് അവർ വിവാഹിതരാവുന്നത്. അഞ്ചുവർഷത്തെ പ്രണയത്തിനുശേഷം ബാന്ദ്രയിൽവെച്ചായിരുന്നു ഇരുവരുടെയും വിവാഹം. പരസ്പരമുള്ള സ്നേഹവും സൗഹൃദവും തുറന്ന് പറയാൻ ഇരുവരും മടികാണിക്കാറില്ല. ഇപ്പോഴിതാ താനങ്ങളുടെ പ്രണയകാലത്തേക്കുറിച്ച് പറയുകയാണ് സെയ്ഫ് അലി ഖാൻ. ഡേറ്റിംഗ് സമയത്ത് കരീന മറ്റ് അഭിനേതാക്കളോടൊപ്പം ജോലി ചെയ്യുമ്പോൾ അരക്ഷിതാവസ്ഥയും അസൂയയും തോന്നിയതായി സെയ്ഫ് അലി ഖാൻ പറഞ്ഞു. ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
'ഞാനാദ്യമായി ഡേറ്റ് ചെയ്യുന്ന 'വർക്കിങ് ആക്ടർ' കരീനയാണ്. അവളെ പ്രണയിക്കുന്ന സമയത്ത് എനിക്ക് റാണി മുഖർജി നൽകിയൊരു ഉപദേശമുണ്ട്. 'ഒരു ഹീറോയെ ഡേറ്റ് ചെയ്യുന്നതുപോലെ തോന്നണം' എന്നാണത്'. കരീന ഏറെ പ്രത്യേകതകളുള്ളവളാണെന്നും ഒരു താരമെന്നതിലുപരി അമ്മ, ഭാര്യ, ഹോംമേക്കർ എന്നീ സ്ഥാനങ്ങളെയും സ്വാഭാവികമായി ഉൾക്കൊള്ളുന്ന ഒരുവശം കൂടി കരീനയ്ക്കുണ്ടെന്ന് സെയ്ഫ് അലി ഖാൻ പറഞ്ഞു.

ഡേറ്റിംഗ് സമയത്ത് കരീന മറ്റ് അഭിനേതാക്കളോടൊപ്പം ജോലി ചെയ്യുമ്പോൾ അരക്ഷിതാവസ്ഥയും അസൂയയും തോന്നിയതായി സെയ്ഫ് സമ്മതിക്കുന്നു. 'ആദ്യമൊന്നും കാര്യങ്ങൾ എനിക്ക് അത്ര എളുപ്പമായിരുന്നില്ല, മറ്റ് പുരുഷന്മാരുമായി അവൾ പ്രവർത്തിക്കുമ്പോൾ എങ്ങനെ പ്രതികരിക്കണമെന്ന് അറിയില്ലായിരുന്നു. ഇതെല്ലാം എന്നെ സംബന്ധിച്ചിടത്തോളം പുതുമയായിരുന്നു. നിങ്ങൾ പക്വതയോടെ കൈകാര്യം ചെയ്യേണ്ട വികാരങ്ങളാണിവ, പരസ്പരം വളരെയധികം വിശ്വാസം ആവശ്യമാണ്.
സിനിമകളുമായി ഒരു ബന്ധവുമില്ലാത്ത പെൺകുട്ടികളുമായി ഞാൻ ഡേറ്റ് ചെയ്തിട്ടുണ്ട്. അതുപോലെയല്ലല്ലോ ഇത്. സിനിമയിലെ എന്റെ എതിരാളികൾ അവളുടെ സുഹൃത്തുക്കൾ അല്ലെങ്കിൽ നായകൻമാർ ആയിരിക്കുമെന്നതാണ് എന്നെ ബാധിച്ചത്. പ്രണയത്തിൽ ഇതെല്ലാം മറികടക്കാനാവും എന്ന് പിന്നീടെനിക്ക് മനസ്സിലായി''. തനിക്ക് ഇപ്പോൾ മറ്റെല്ലാറ്റിനുമുപരി കരീനയുടെ സന്തോഷം തന്നെയാണെന്നും സെയ്ഫ് പറയുന്നു.
Content Highlights: Saif Ali Khan admits being jealous about Kareena Kapoor working with other actors in their dating days