ഒറ്റ നിലപാട്, എൽഡിഎഫിനൊപ്പം ഉറച്ചുനിൽക്കുന്നു; മുന്നണി മാറ്റം തള്ളി ജോസ് കെ മാണി

'മുനിസിപ്പാലിറ്റി രൂപീകരിച്ചതിനു ശേഷം കഴിഞ്ഞ മുപ്പതു വർഷമായി ജോസഫ് വിഭാഗം ഒരുതവണ പോലും തൊടുപുഴയിൽ ചെയർമാൻ സ്ഥാനത്തേക്ക് വന്നിട്ടില്ല'

ഒറ്റ നിലപാട്, എൽഡിഎഫിനൊപ്പം ഉറച്ചുനിൽക്കുന്നു; മുന്നണി മാറ്റം തള്ളി ജോസ് കെ മാണി
dot image

തിരുവനന്തപുരം: യുഡിഎഫ് പ്രവേശന വാർത്തകൾ തള്ളി കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. കേരള കോൺഗ്രസ് എമ്മിന് ഒറ്റ നിലപാടാണ്, അത് ഇടതുപക്ഷത്തോടൊപ്പമാണെന്നും അതിൽ ഉറച്ചുനിൽക്കുന്നുവെന്നും ജോസ് കെ മാണി പറഞ്ഞു. ഈ തെരഞ്ഞെടുപ്പിൽ എപ്പോഴും ചർച്ച പാലയും തൊടുപുഴയുമാണ്. പാല മുനിസിപ്പാലിറ്റിയിൽ കഴിഞ്ഞ തവണ പാർട്ടി ചിഹ്നത്തിൽ പത്ത് സീറ്റുകളിലാണ് ജയിച്ചത്. ഇപ്രാവശ്യവും അങ്ങനെയാണ്. പാല നിയോജമണ്ഡലത്തിൽ 2198 വോട്ടിന്റെ ലീഡ് എൽഡിഎഫിനാണ്. തൊടുപുഴ മുനിസിപ്പാലിറ്റിയിൽ 38 വാർഡുകളിൽ ജോസഫ് ഗ്രൂപ്പ് മത്സരിച്ചു, എന്നാൽ രണ്ടിടത്ത് മാത്രമാണ് വിജയിച്ചത്. ആരെയും ആക്ഷേപിക്കാനല്ല ഇത് പറയുന്നത്. പറഞ്ഞാൽ അതിന് മറുപടി പറയണം എന്നതുകൊണ്ടാണ് ഇക്കാര്യം പറയുന്നതെന്നും ജോസ് കെ മാണി വ്യക്തമാക്കി.

മുനിസിപ്പാലിറ്റി രൂപീകരിച്ചതിനു ശേഷം കഴിഞ്ഞ മുപ്പതു വർഷമായി ജോസഫ് വിഭാഗം ഒരുതവണ പോലും തൊടുപുഴയിൽ ചെയർമാൻ സ്ഥാനത്തേക്ക് വന്നിട്ടില്ല. എന്നാൽ മൂന്നു തവണ കേരള കോൺഗ്രസിന്റെ ചെയർമാൻ വന്നു. പരുന്തിന്റെ പുറത്തിരിക്കുന്ന കുരുവിക്കുഞ്ഞിന്റെ അവസ്ഥയാണ് ജോസഫ് വിഭാഗത്തിന്. കോൺഗ്രസ് എന്തെങ്കിലും കൊടുത്താൽ അവർ അത് ഏറ്റുവാങ്ങും. അത്രയേ ഉള്ളൂവെന്നും ജോസ് കെ മാണി പറഞ്ഞു.

സംഘടനാപരമായി കേരള കോൺഗ്രസ് എമ്മിന് ലഭിക്കേണ്ട വോട്ടുകൾ ലഭിച്ചിട്ടുണ്ട്. പക്ഷേ സംസ്ഥാനത്ത് എൽഡിഎഫിലെ ചില വോട്ടുകൾ യുഡിഎഫിലേക്ക് പോയിട്ടുണ്ട്. പോരായ്മകളും വീഴ്ചകളുമുണ്ട്. അതെല്ലാം പരിശോധിക്കും. ജനവിധി വിനയത്തോടെ സ്വീകരിക്കുന്നു.
ശബരിമല വിഷയം തദ്ദേശതെരഞ്ഞെടുപ്പിനെ ബാധിച്ചുവോ എന്നത് പരിശോധിക്കും. അതേ കുറിച്ച് എൽഡിഎഫ് കൺവീനർ സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരള കോൺഗ്രസ് എമ്മിനെ യുഡിഎഫിലേക്കെത്തിക്കാനുള്ള നീക്കം നടക്കുന്നുവെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ജോസ് കെ മാണിയുടെ പ്രതികരണം. എൽഡിഎഫിന്റെ ഭാഗമായ കേരള കോൺഗ്രസ് എമ്മിനെ യുഡിഎഫ് മുന്നണിയിലേക്ക് എത്തിക്കാൻ ശ്രമം നടക്കുന്നുവെന്നായിരുന്നു വാർത്തകൾ.

Content Highlights: all ways stand with ldf, no change on statement says jose k mani

dot image
To advertise here,contact us
dot image