അമ്പട വെൽത്തിക്കുട്ടാ...; ഒറ്റദിവസത്തെ കളക്ഷൻ 10.77 കോടി രൂപ, സർവ്വകാല റെക്കോർഡുമായി KSRTC

ടിക്കറ്റിതര വരുമാനം 0.76 കോടി രൂപ ഉൾപ്പെടെ ഇന്നലത്തെ ആകെ വരുമാനം 11.53 കോടി രൂപ

അമ്പട വെൽത്തിക്കുട്ടാ...; ഒറ്റദിവസത്തെ കളക്ഷൻ 10.77 കോടി രൂപ, സർവ്വകാല റെക്കോർഡുമായി KSRTC
dot image

തിരുവനന്തപുരം: ടിക്കറ്റ് വരുമാനത്തിൽ സർവ്വകാല റെക്കോർഡുമായി കെഎസ്ആർടിസി. ഇന്നലെ ഒരു ദിവസത്തെ കളക്ഷൻ 10.77 കോടി രൂപയാണെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ അറിയിച്ചു. ടിക്കറ്റിതര വരുമാനം 0.76 കോടി രൂപ ഉൾപ്പെടെ ആകെ വരുമാനം 11.53 കോടി രൂപയാണ്. കെഎസ്ആർടിസിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാന നേട്ടമാണിത് (ഓപ്പറേറ്റിംഗ് റവന്യു). കഴിഞ്ഞവർഷം ഇതേ ദിവസം 8.57 കോടി രൂപയായിരുന്നു ടിക്കറ്റ് വരുമാനം.

ടിക്കറ്റ് നിരക്കിൽ വർധനവില്ലാതെയും പ്രവർത്തനം മെച്ചപ്പെടുത്തിയുമാണ് ഈ വലിയ ലക്ഷ്യം കെഎസ്ആർടിസി കൈവരിച്ചതെന്ന് മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. കെഎസ്ആർടിസിയുടെ മുന്നേറ്റത്തിൽ അധികൃതരെയും ജീവനക്കാരെയും മന്ത്രി അഭിനന്ദിച്ചു.

മന്ത്രിയായി സ്ഥാനമേറ്റെടുത്തതിന് ശേഷം നടത്തിയ കാലോചിതമായ പരിഷ്‌ക്കരണ നടപടികളും കെഎസ്ആർടിസി മാനേജ്‌മെന്റിന്റെ നേതൃത്വത്തിൽ നടത്തിയ തുടർ പ്രവർത്തനങ്ങളും സ്വയംപര്യാപ്ത കെഎസ്ആർടിസി എന്ന ലക്ഷ്യത്തിലേക്കുള്ള വലിയ മുന്നേറ്റത്തിന് നിർണായകമായി. പുതിയ ബസുകളുടെ വരവും, സേവനങ്ങളിൽ കൊണ്ടുവന്ന ഗുണപരമായ മാറ്റങ്ങളും യാത്രക്കാരിൽ വൻ സ്വീകാര്യത നേടിയിട്ടുണ്ട്. ചിട്ടയായ പ്രവർത്തനങ്ങളിലൂടെ കെഎസ്ആർടിസിയുടെ എല്ലാ ഡിപ്പോകളും നിലവിൽ പ്രവർത്തന ലാഭത്തിലാണ്. മികച്ച ടിക്കറ്റ് വരുമാനം നേടുന്നതിനായി കെഎസ്ആർടിസി നിശ്ചയിച്ചു നൽകിയിരുന്ന ടാർജറ്റ് നേടുന്നതിനായി ഡിപ്പോകളിൽ നടന്ന മത്സരബുദ്ധിയോടെയുള്ള പ്രവർത്തനങ്ങളും ഓഫ് റോഡ് കുറച്ച് പരമാവധി ബസുകൾ നിരത്തിലിക്കാനായതും സേവനങ്ങളിൽ കൊണ്ടുവന്ന ഗുണപരമായ മാറ്റങ്ങളും വരുമാനം വർദ്ധിക്കുന്നതിന് കാരണമായിട്ടുണ്ടെന്നും മന്ത്രി കുറിച്ചു.

Content Highlights: KSRTC record revenue 11.53 crore rupees yesterday

dot image
To advertise here,contact us
dot image