

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം ഉണ്ടായില്ലെന്നും എല്‍ഡിഎഫ് തിരിച്ചടിയും യുഡിഎഫ് മേല്‍ക്കൈയും നേടിയെന്നും ദേശാഭിമാനി എഡിറ്റോറിയല്‍. ജനവിധി അംഗീകരിക്കുന്നു. ഒരു തെരഞ്ഞെടുപ്പുകൊണ്ട് എല്ലാം അവസാനിക്കുന്നില്ല. കേരളം ഇടതുപക്ഷത്തിന്റെ നേതൃത്വത്തില്‍ ശുഭയാത്ര തുടരുക തന്നെ ചെയ്യുമെന്നും ദേശാഭിമാനി ചൂണ്ടികാട്ടി.
യുഡിഎഫ് ജമാഅത്തെ ഇസ്ലാമിയുമായും ബിജെപിയുമായും പലയിടത്തും കൂട്ടുകെട്ടിലായിരുന്നുവെന്നും എഡിറ്റോറിയല്‍ വിമര്‍ശിച്ചു. മതതീവ്രതയുടെ, വര്‍ഗീയതയുമായി കരിനീരാളികളുമായി, വിഷപ്പാമ്പുകളുമായി യുഡിഎഫ് ഒളിഞ്ഞും തെളിഞ്ഞുമുണ്ടാക്കിയ സഖ്യത്തെക്കുറിച്ചും കൂട്ടുകെട്ടിനെക്കുറിച്ചും തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തുമ്പോള്‍ എടുത്തുപറയേണ്ടതുണ്ട്. ബിജെപി പലയിടത്തും യുഡിഎഫിന് വോട്ടുകൊടുത്തു. തിരിച്ചും സംഭവിച്ചുവെന്ന് ദേശാഭിമാനി ആരോപിച്ചു.
ക്ഷേമവും വികസനവുമാണ് എല്‍ഡിഎഫ് നയം. എന്നാല്‍ ജനവിധിയെ സ്വാധീനിച്ചത് മറ്റുപലഘടകങ്ങളുമാണ്. 2010 ലും തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഇന്നത്തേക്കാള്‍ വലിയ പരാജയം നേരിടേണ്ടി വന്നിട്ടുണ്ട്. അതില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടാണ് പിന്നീട് ഇടതുപക്ഷം വിജയങ്ങളിലേക്ക് കുതിച്ചത്.
വെള്ളപ്പട്ടാളവും നാട്ടുമാടമ്പിമാരും വഞ്ചകജന്മിമാരുമെല്ലാം അടക്കിവാണ ഈ നാടിനെ ഇന്നത്തെ നിലയില്‍ ആധുനിക കേരളമായി വികസിപ്പിച്ചത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമാണെന്നാണ് തെരഞ്ഞെടുപ്പ് തോല്‍വിയില്‍ എല്‍ഡിഎഫിനെ വളഞ്ഞിട്ടാക്രമിക്കുന്നവരോട് പറയാനുള്ളത്. ഒരു തെരഞ്ഞെടുപ്പുകൊണ്ട് ഒന്നും അവസാനിക്കുന്നില്ലെന്നും ദേശാഭിമാനി പറഞ്ഞുവെച്ചു.
Content Highlights: Local Body election Result deshabhimani editorail over LDF Backlash