

പത്തനംതിട്ട: നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചന കേസില്‍ പ്രതിയായിരുന്ന ദിലീപിന്റെ സിനിമ കെഎസ്ആര്‍ടിസി ബസില്‍ പ്രദര്‍ശിപ്പിച്ചതില്‍ വനിതാ യാത്രക്കാര്‍ പ്രതിഷേധിച്ചിരുന്നു. അതിജീവിതയ്‌ക്കൊപ്പം നില്‍ക്കുമ്പോള്‍ ദിലീപിന്റെ സിനിമ കാണാനാകില്ലെന്ന നിലപാടിലായിരുന്നു പ്രതിഷേധക്കാര്‍. ബസ്സില്‍ കുടുംബസമേതം സഞ്ചരിച്ച പത്തനംതിട്ട സ്വദേശിനി ലക്ഷ്മി ആര്‍ ശേഖറാണ് പ്രതിഷേധം ഉയര്‍ത്തിയത്. സംഭവത്തെക്കുറിച്ച് ലക്ഷ്മി പറഞ്ഞതിങ്ങനെ…
'കേശവദാസപുരത്ത് നിന്നാണ് ബസില്‍ കയറിയത്. ഞാന്‍ ആദ്യം ശ്രദ്ധിച്ചിരുന്നില്ല. 'ഈ വഷളന്റെ സിനിമയാണല്ലോ അമ്മേ ഇതിനകത്ത് വെച്ചിരിക്കുന്നത്' എന്ന് എട്ടാം ക്ലാസില്‍ പഠിക്കുന്ന മകനാണ് ചോദിച്ചത്. അതില്‍ ബുദ്ധിമുട്ട് തോന്നി. അതിജീവിതയ്ക്ക് ഒപ്പമെന്ന് പറഞ്ഞിട്ട് രണ്ടരമണിക്കൂര്‍ ബസില്‍ ഇരുന്ന് സിനിമ കാണാനാകില്ല. അടൂരിലാണ് ഇറങ്ങുന്നതെന്നും സിനിമ നിര്‍ത്തണമെന്നും കണ്ടക്ടറോട് പറഞ്ഞു. അല്ലെങ്കില്‍ അടുത്ത സ്റ്റോപ്പിലേക്ക് ടിക്കറ്റ് തരാന്‍ പറഞ്ഞു. നിങ്ങള്‍ അടുത്ത സ്റ്റോപ്പില്‍ ഇറങ്ങിക്കോളൂവെന്നാണ് കണ്ടക്ടര്‍ പറഞ്ഞത്'
'കോടതി വിധി വന്നതല്ലേ. ക്ലീന്‍ചിറ്റ് വന്നതല്ലേയെന്നായിരുന്നു എതിര്‍ക്കുന്നവരുടെ വാദം. പക്ഷെ അംഗീകരിക്കാന്‍ സാധിക്കുമായിരുന്നില്ല. എന്റെ മനസാക്ഷി അനുവദിക്കാത്തതുകൊണ്ട് ബസിലെ മറ്റുള്ളവരോടും ചോദിച്ചു. ദിലീപിന്റെ സിനിമ കാണാന്‍ താല്‍പര്യമില്ലെന്നാണ് ബസിലെ വനിതകള്‍ ഒന്നടങ്കം പറഞ്ഞത്. എല്ലാവരും പ്രതിഷേധിക്കുന്നത് കണ്ടതോടെയും ഞങ്ങളുടെ ആവശ്യം ശക്തമായതോടെയും കണ്ടക്ടര്‍ സിനിമ ഓഫ് ചെയ്യുകയായിരുന്നു', ലക്ഷ്മി റിപ്പോര്‍ട്ടറിനോട് പറഞ്ഞു. തിരുവനന്തപുരം തൊട്ടില്‍പ്പാലം കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസില്‍ ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം.
നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായിരുന്ന ദിലീപിനെ ഗൂഢാലോചന കുറ്റവും ബലാത്സംഗത്തിനായി ക്വട്ടേഷന്‍ നല്‍കിയെന്നും തെളിയിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് വിചാരണകോടതി കുറ്റവിമുക്തനാക്കിയത്. കേസില്‍ ആറ് പ്രതികള്‍ക്ക് കോടതി ശിക്ഷ വിധിച്ചിരുന്നു. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് 20 വര്‍ഷം കഠിന തടവും വിവിധ കേസുകളിലായി മൂന്ന് ലക്ഷം രൂപ പിഴ ശിക്ഷയുമാണ് വിധിച്ചത്. കേസിലെ രണ്ട് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ക്കെല്ലാം ഒന്നാം പ്രതിക്ക് നല്‍കിയിരിക്കുന്ന 20 കൊല്ലം കഠിന തടവാണ് വിചാരണക്കോടതി വിധിച്ചിരിക്കുന്നത്. വിധിയില്‍ അപ്പീല്‍ പോകാനുള്ള നീക്കത്തിലാണ് സര്‍ക്കാരും അതിജീവിതയും.
Content Highlights: ksrtc bus dileep film protest lakshmi about incident