

തൃശൂര്‍: പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 'തൃശൂര്‍ ഞങ്ങളിങ്ങെടുക്കുവ' എന്ന് പറഞ്ഞുകൊണ്ട് ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി വിജയം കൈവരിച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ ഇത്തവണയും തൃശൂര്‍ ജില്ലയില്‍ ബിജെപി തന്നെ വിജയം കൊയ്‌തോ എന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളം. കണക്കുകള്‍ പ്രകാരം പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലുണ്ടായ കുതിപ്പ് നിലനിര്‍ത്താന്‍ എന്‍ഡിഎയ്ക്ക് കഴിഞ്ഞില്ല എന്നാണ് വ്യക്തമാകുന്നത്. ജില്ലയില്‍ ആകെ എന്‍ഡിഎയ്ക്ക് നേടാനായത് 220 സീറ്റുകള്‍ മാത്രമാണ്. 171 ഗ്രാമപഞ്ചായത്ത് സീറ്റുകളും അഞ്ച് ബ്ലോക്ക് പഞ്ചായത്ത് സീറ്റുകളും 36 നഗരസഭാ ഡിവിഷനുകളും എട്ട് കോര്‍പ്പറേഷന്‍ ഡിവിഷനുകളുമാണ് ഇക്കുറി എന്‍ഡിഎയ്‌ക്കൊപ്പം നിന്നത്. എന്നാല്‍ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിനെക്കാൾ 32 സീറ്റുകള്‍ കൂടുതല്‍ നേടാന്‍ സാധിച്ചിട്ടുണ്ട്.
തിരുവല്ലാമലയില്‍ കൈവരിച്ച മികച്ച നേട്ടമാണ് തൃശൂരില്‍ നിന്ന് എടുത്ത് പറയാനുള്ളത്. അതേസമയം, കഴിഞ്ഞ തവണ ഭരണം പിടിച്ചടക്കിയ അവിണിശ്ശേരി പഞ്ചായത്തില്‍ യുഡിഎഫിന് ഒപ്പമെത്താനെ എന്‍ഡിഎയ്ക്ക് കഴിഞ്ഞുള്ളു. പാറളം, വല്ലച്ചിറ, എന്നീ പഞ്ചായത്തുകളിലും സമനില കൈവരിച്ച് ഭരണസാധ്യതയുണ്ടാക്കാനായിട്ടുണ്ട്. കഴിഞ്ഞ തവണ മൂന്ന് സീറ്റ് മാത്രം നേടിയ ഇരു പഞ്ചായത്തുകളിലും ഇത്തവണ ആറ് സീറ്റ് വീതം നേടാനായിട്ടുണ്ട്. കോര്‍പ്പറേഷനില്‍ രണ്ട് സീറ്റുകളും അധികം നേടി.
ഭരണമുറപ്പിച്ച കൊടുങ്ങല്ലൂരിലാകട്ടെ പാര്‍ട്ടി ഒരടി പിന്നോട്ട് പോവുകയാണുണ്ടായത്. 21 സീറ്റുകളുണ്ടായിരുന്നത് 18ആയി കുറഞ്ഞു. ഇരിങ്ങാലക്കുടയില്‍ രണ്ട് സീറ്റും കുന്നംകുളത്ത് ഒരു സീറ്റും കുറഞ്ഞു. ചാലക്കുടി ആദ്യമായി ഒരു സീറ്റ് നേടിയതും വടക്കാഞ്ചേരിയിലെ ഒരു സീറ്റ് രണ്ടായതുമാണ് മറ്റ് നേട്ടങ്ങള്‍. ഗുരുവായൂരില്‍ രണ്ട് സീറ്റ് എന്‍ഡിഎ നിലനിര്‍ത്തി. ചാവക്കാട് നഗരസഭയില്‍ ഇത്തവണയും അക്കൗണ്ട് തുറക്കാനായിട്ടില്ല. പഴയന്നൂര്‍, കോലാഴി, തുടങ്ങി ഏഴ് പഞ്ചായത്തുകളിലാണ് പുതുതായി സീറ്റ് സ്വന്തമാക്കാനായത്. കൊണ്ടാഴി, മാള, എങ്ങണ്ടിയൂര്‍ എന്നിവിടങ്ങളില്‍ സീറ്റുനില ഉയര്‍ത്താന്‍ കഴിഞ്ഞു. എന്നാല്‍ മുള്ളൂര്‍ക്കര, പൊയ്യ പഞ്ചായത്തുകളില്‍ സീറ്റ് നഷ്ടമായി.
Content Highlight; Will BJP be able to win more seats in Thrissur?