

നിയമനക്കത്ത് നല്‍കുന്നതിനിടയില്‍ യുവതിയുടെ നിഖാബ് വലിച്ചു നീക്കി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. പുതിയതായി നിയമനം ലഭിച്ച ആയുഷ് ഡോക്ടറുടെ നിഖാബാണ് നിതീഷ് വലിച്ചുനീക്കിയത്. നിതീഷ് എന്തോ ചോദിച്ചു കൊണ്ട് യുവതിയോട് സംസാരിക്കുന്നതും പിന്നാലെ നിഖാബ് പിടിച്ചുവലിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഇതിന്റെ വീഡിയോ വൈറലാണ്.
മുഖ്യമന്ത്രിയുടെ സെക്രട്ടേറിയേറ്റായ സംവാദ് ഹാളിലാണ് സംഭവം. ആയിരത്തോളം ആയുഷ് ഡോക്ടര്‍മാര്‍ക്ക് നിയമനകത്തു വിതരണം ചെയ്യുന്ന ചടങ്ങാണ് ഇവിടെ നടന്നത്. ഇവരില്‍ 685 പേര്‍ ആയുര്‍വേദ ഡോക്ടര്‍മാരാണ്. 393പേര്‍ ഹോമിയോ ഡോക്ടര്‍മാരും 205 പേര്‍ യുനാനി വൈദ്യശാസ്ത്രം പരിശീലിക്കുന്നവരുമാണ്. ഇതില്‍ പത്ത് പേര്‍ക്കാണ് മുഖ്യമന്ത്രി നേരിട്ട് നിയമനക്കത്ത് കൈമാറിയത്. അതിനിടയിലാണ് വിവാദമായ സംഭവം ഉണ്ടായത്. നുസ്രത്ത് പര്‍വീന്‍ എന്ന ഡോക്ടര്‍ നിയമന കത്ത് വാങ്ങാനായി എത്തിയപ്പോള്‍ മുഖ്യമന്ത്രി എന്താണിതെന്ന് ചോദിച്ച ശേഷം യുവതിയുടെ നിഖാബ് താഴേക്ക് പെട്ടെന്ന് വലിക്കുകയാണ് ഉണ്ടായത്. അപ്രതീക്ഷിതമായി ഉണ്ടായ സംഭവത്തിനിടയില്‍ നിതീഷ് കുമാറിന്റെ സമീപം നിന്ന ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി പെട്ടെന്ന് ഇടപെടാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹത്തെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല.
സംഭവം വിവാദമായതിന് പിന്നാലെ ആര്‍ജെഡിയും കോണ്‍ഗ്രസും വിമര്‍ശനവുമായി രംഗത്ത് വന്നിട്ടുണ്ട്. ഇരുപാര്‍ട്ടികളും ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചിട്ടുണ്ട്. നിതീഷ് കുമാറിന്റെ മാനസിക ആരോഗ്യം അസ്ഥിരമാണെന്ന തരത്തിലാണ് പലരും ഇതിനെ വ്യാഖ്യാനിക്കുന്നത്. സ്ത്രീ ശാക്തീകരണം എന്ന പേരില്‍ എന്ത് തരം രാഷ്ട്രീയമാണ് ജെഡിയുവും ബിജെപിയും നടത്തുന്നതെന്ന് ഈ സംഭവത്തില്‍ വ്യക്തമാവുന്നുണ്ടെന്നാണ് ആര്‍ജെഡി വക്താവ് ഇജാസ് അഹമ്മദിന്റെ വിമര്‍ശനം.
നീചവും നാണംകെട്ടതുമായ പ്രവര്‍ത്തിയെന്നാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം. നിയമനക്കത്ത് വാങ്ങാനെത്തിയ വനിതാ ഡോക്ടറിന്റെ ഹിജാബ് വലിച്ചുനീക്കിയ നാണംക്കെട്ട പ്രവര്‍ത്തി. ബിഹാറില്‍ ഏറ്റവും ഉയര്‍ന്നപദവി അലങ്കരിക്കുന്ന വ്യക്തിയുടെ ഭാഗത്ത് നിന്നും ഉണ്ടായ നീചമായ കൃത്യം. സംസ്ഥാനത്തെ വനിതകള്‍ എത്രമാത്രം സുരക്ഷിതമാണെന്ന് ചിന്തിക്കണം. ഈ അനാവശ്യ ചെയ്തിക്ക് നിതീഷ് കുമാര്‍ രാജിയ്ക്കണം. ഈ നീചമായ പ്രവര്‍ത്തി ക്ഷമിക്കാന്‍ കഴിയില്ലെന്നാണ് കോണ്‍ഗ്രസ് പാര്‍ട്ടി എക്‌സില്‍ കുറിച്ചത്.
Content Highlights: Bihar Chief Minister Nitish Kumar Pulled off female doctor's Hijab or Niqab