KSRTC ബസിൽ ദിലീപിന്‍റെ 'പറക്കും തളിക';സിനിമ നിർത്തിവെക്കാൻ ആവശ്യപ്പെട്ട് യാത്രക്കാരി,ടി വി ഓഫ് ചെയ്ത് കണ്ടക്ടർ

അതിജീവിതയോടൊപ്പം നിൽക്കുമ്പോൾ അദ്ദേഹത്തിന്‍റെ സിനിമ കാണാനാവില്ലെന്നതാണ് തന്‍റെ നിലപാടെന്ന് യാത്രക്കാരി

KSRTC ബസിൽ ദിലീപിന്‍റെ 'പറക്കും തളിക';സിനിമ നിർത്തിവെക്കാൻ ആവശ്യപ്പെട്ട് യാത്രക്കാരി,ടി വി ഓഫ് ചെയ്ത് കണ്ടക്ടർ
dot image

തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ ദിലീപിന്റെ സിനിമ പ്രദർശിപ്പിച്ചതിന്റെ പേരിൽ തർക്കവും പ്രതിഷേധവും. തിരുവനന്തപുരം - തൊട്ടിൽപാലം കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ്സിലാണ് പ്രതിഷേധമുണ്ടായത്. പത്തനംതിട്ട സ്വദേശിയായ ലക്ഷ്മി ആർ ശേഖർ ആണ് ബസ്സിനുള്ളിൽ ആദ്യം പ്രതിഷേധം അറിയിച്ചത്. പിന്നാലെ ഭൂരിഭാഗം യാത്രക്കാരും ഇവരെ അനുകൂലിച്ചു. തുടർന്ന് കണ്ടക്ടർക്ക് സിനിമ ഓഫ് ചെയ്യേണ്ടിവന്നെന്നും യാത്രക്കാരി പറഞ്ഞു.
എന്നാൽ യാത്രക്കാരിൽ ചിലർ ദിലീപിന് അനുകൂലമായി നിലപാടെടുത്തു. ഇതോടെയാണ് തർക്കം ഉടലെടുത്തത്.

ബസിൽ കയറി ഇരുന്നപ്പോൾ മകനാണ് പറഞ്ഞത് അമ്മേ ഇതിനകത്ത് ആ വഷളന്റെ സിനിമയാണല്ലോ എന്ന് . ദിലീപിന്റെ പറക്കും തളിക എന്ന സിനിമയായിരുന്നു അത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഈ സിനിമ കാണാൻ ബുദ്ധിമുട്ട് ഉള്ളതിനാൽ കണ്ടക്ടറോട് സിനിമ നിർത്തുകയോ അല്ലെങ്കിൽ അടുത്ത സ്റ്റോപ്പിൽ താൻ ഇറങ്ങിക്കോളാമെന്നും പറഞ്ഞു. അതിജീവിതയോടൊപ്പം നിൽക്കുമ്പോൾ ആ സിനിമ കാണാനാവില്ലെന്നതാണ് തന്റെ നിലപാടെന്നും ലക്ഷ്മി ആർ ശേഖർ പറഞ്ഞു.

ഈ സിനിമ കാണാൻ താല്പര്യമുണ്ടോയെന്ന് ബസിലുണ്ടായിരുന്ന എല്ലാവരോടും ചോദിച്ചിരുന്നു. ഭൂരിപക്ഷം പേരും താല്പര്യമില്ലെന്നാണ് പറഞ്ഞത്. കണ്ടക്ടർ ഇതോടെ സിനിമ നിർത്തിവെച്ചു. എന്നാൽ കോടതിവിധി വന്നിട്ടും എന്തിനാണ് ഇങ്ങനെയെല്ലാം കാണുന്നത് എന്ന് ചോദിച്ചായിരുന്നു ചിലർ തർക്കിച്ചതെന്നും ലക്ഷ്മി ആർ ശേഖർ പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതിയായിരുന്ന ദിലീപിനെ ഗൂഢാലോചന കുറ്റവും ബലാത്സംഗത്തിനായി ക്വട്ടേഷൻ നൽകിയെന്നും തെളിയിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് വിചാരണകോടതി കുറ്റവിമുക്തനാക്കിയത്. കേസിൽ ആറ് പ്രതികൾക്ക് കോടതി ശിക്ഷ വിധിച്ചിരുന്നു. കേസിലെ ഒന്നാം പ്രതി പൾസർ സുനിക്ക് 20 വർഷം കഠിന തടവും വിവിധ കേസുകളിലായി മൂന്ന് ലക്ഷം രൂപ പിഴ ശിക്ഷയുമാണ് വിധിച്ചത്. കേസിലെ രണ്ട് മുതൽ ആറ് വരെയുള്ള പ്രതികൾക്കെല്ലാം ഒന്നാം പ്രതിക്ക് നൽകിയിരിക്കുന്ന 20 കൊല്ലം കഠിന തടവാണ് വിചാരണക്കോടതി വിധിച്ചിരിക്കുന്നത്. വിധിയിൽ അപ്പീൽ പോകാനുള്ള നീക്കത്തിലാണ് സർക്കാരും അതിജീവിതയും.

Content Highlights: protests over screening of Dileep's film on KSRTC bus

dot image
To advertise here,contact us
dot image