

മൂന്നാം ടി 20 യിൽ ഇന്ത്യയ്ക്ക് വിജയലക്ഷ്യം 118 റൺസ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനെത്തിയ ദക്ഷിണാഫ്രിക്ക 117 റൺസിന് ഓൾ ഔട്ടായി. ബോളർമാരുടെ മികച്ച പ്രകടനമാണ് പ്രോട്ടീസിനെ ചെറിയ സ്‌കോറിൽ ഒതുക്കാൻ ഇന്ത്യയെ സഹായിച്ചത്.
അർഷ്ദീപ് സിങ് , ഹർഷിത് റാണ, വരുൺ ചക്രവർത്തി, കുൽദീപ് യാദവ് എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി. പ്രോട്ടീസ് നിരയിൽ ഏയ്ഡൻ മാർക്രം മാത്രമാണ് തിളങ്ങിയത്. 46 പന്തിൽ രണ്ട് സിക്‌സറും ആറ് ഫോറുകളും അടക്കം മാർക്രം 61 റൺസ് നേടി. ഡോണോവന്‍ ഫെരേര 20 റൺസ് നേടി.
നേരത്തെ ടോസ് ലഭിച്ച ഇന്ത്യൻ ക്യാപ്റ്റന്‍ സൂര്യകുമാർ യാദവ് ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ മത്സരത്തിൽ ഇന്ത്യയും രണ്ടാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയും ജയിച്ച് പരമ്പര ഒപ്പമെത്തിയിരുന്നു. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഇന്ന് ജയിക്കുന്നവർക്ക് ലീഡെടുക്കാം.
മലയാളി താരം സഞ്ജു സാംസണ് ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ ഇന്നും ഇടംലഭിച്ചില്ല. കഴിഞ്ഞ രണ്ട് ടി 20 മത്സരത്തിലെ ഇലവനിൽ നിന്ന് രണ്ട് മാറ്റവുമായാണ് ടീം ഇറങ്ങുന്നത്. ജസ്പ്രീത് ബുംറയ്ക്ക് പകരം ഹർഷിത് റാണ ഇടം പിടിച്ചപ്പോൾ അക്‌സർ പട്ടേലിന് പകരം കുൽദീപ് യാദവ് ഇടം പിടിച്ചു.
ദക്ഷിണാഫ്രിക്ക മൂന്ന് മാറ്റം വരുത്തി. ഡേവിഡ് മില്ലര്‍, ജോര്‍ജ് ലിന്‍ഡെ, ലുതോ സിംപാല എന്നിവര്‍ പുറത്തായി. കോര്‍ബിന്‍ ബോഷ്, ആന്റിച്ച് നോര്‍ജെ, ട്രിസ്റ്റണ്‍ സ്റ്റബ്‌സ് എന്നിവര്‍ തിരിച്ചെത്തി.
Content highlights:india vs south afirca third t20 updates