

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണക്കോടതിക്കെതിരായ അതിജീവിതയുടെ ആദ്യ പ്രതികരണം പുറത്ത് വന്നതിന് പിന്നാലെ പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് കെ കെ ശൈലജ. അതിജീവിതയുടെയും മഞ്ജുവിന്റെയും അഭിപ്രായങ്ങള്‍ സമൂഹം ശ്രദ്ധിക്കേണ്ടതാണെന്നും ഒരു പെണ്‍കുട്ടിയുടെ ധീരമായ വെളിപ്പെടുത്തലുകള്‍ ആക്രമിക്കപ്പെടുന്ന മുഴുവന്‍ പെണ്‍കുട്ടികള്‍ക്കും വേണ്ടിയുള്ളതാണെന്നും കെ കെ ശൈലജ പറഞ്ഞു. തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു കെ കെ ശൈലജയുടെ പ്രതികരണം.
'അവള്‍ക്ക് കിട്ടുന്ന നീതി സമൂഹത്തിനാകെ കിട്ടുന്ന നീതിയായിരിക്കും. സര്‍ക്കാര്‍ അപ്പീല്‍ പോകുന്നുണ്ട്. ഉന്നത കോടതിയില്‍ നിന്ന് യഥാര്‍ത്ഥ നീതി ലഭ്യമാകുമെന്ന് ആശിക്കുന്നു. പ്രിയപ്പെട്ട മകളെ നിനക്കൊപ്പം.' കെ കെ ശെലജ കൂട്ടിച്ചേർത്തു.
നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയുമായി ബന്ധപ്പെട്ട് അതിജീവിത പങ്കുവെച്ച പോസ്റ്റിന് പിന്തുണയുമായി വനിതാ ചലച്ചിത്ര പ്രവര്‍ത്തകരും രംഗത്തെത്തി നടി പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, രമ്യാ നമ്പീശന്‍, അഹാന കൃഷ്ണ, ഷഫ്ന, ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി, പ്രൊഡ്യൂസര്‍ സുപ്രിയ മേനോന്‍, സയനോര ഫിലിപ്പ്, ലീലാ സന്തോഷ്, തുടങ്ങിയവര്‍ അതിജീവിതയുടെ പോസ്റ്റുകള്‍ റീഷെയര്‍ ചെയ്തു. കേസിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും ഇക്കാര്യത്തില്‍ നീതി പൂര്‍ണമായി നടപ്പായി എന്ന് പറയാന്‍ ആവില്ലെന്നും എന്നും എപ്പോഴും അതിജീവിതയ്‌ക്കൊപ്പമായിരിക്കുമെന്ന് വ്യക്തമാക്കിയാണ് നടി മഞ്ജു വാര്യരുടെ കുറിപ്പ്.
വിചാരണക്കോടതിക്ക് എതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചാണ് അതിജീവിത പ്രതികരിച്ചത്. ഈ വിധി പലരെയും ഒരുപക്ഷേ നിരാശപ്പെടുത്തിയിരിക്കാം എന്നാല്‍ തനിക്കിതില്‍ അത്ഭുതമില്ലെന്നും 2020 ന്റെ അവസാനം തന്നെ ചില അന്യായമായ നീക്കങ്ങള്‍ തനിക്ക് ബോധ്യപ്പെട്ടിരുന്നുവെന്നും നടി പറയുന്നു. നിരന്തരമായ വേദനകള്‍ക്കും കണ്ണീരിനും കടുത്ത മാനസിക സംഘര്‍ഷങ്ങള്‍ക്കും ഒടുവില്‍ താനിപ്പോള്‍ തിരിച്ചറിയുന്നു, 'നിയമത്തിന്റെ മുന്‍പില്‍ ഈ രാജ്യത്തെ എല്ലാ പൗരന്മാരും തുല്യരല്ല'. തിരിച്ചറിവ് നല്‍കിയതിന് നന്ദി. ഉയര്‍ന്ന നീതി ബോധമുള്ള ന്യായിധിപന്‍മാര്‍ ഉണ്ടാകുമെന്ന് തന്നെയാണ് ഇപ്പോഴും വിശ്വസിക്കുന്നതെന്നും അതിജീവിത ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
Content Highlights; KK Shailaja supports the survivor's response