

കൊല്ലം: ഇടതുകോട്ടയായ കൊല്ലത്തിൻ്റെ അടിത്തറ ഇളക്കി യുഡിഎഫ്. തദ്ദേശതെരഞ്ഞെടുപ്പില്‍ മിന്നും വിജയമാണ് കൊല്ലത്ത് യുഡിഎഫിന് നേടാന്‍ സാധിച്ചത്. കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും എല്‍ഡിഎഫിന് വന്‍ വിജയം നല്‍കിയ കൊല്ലം ഇത്തവണ വലത്തോട്ട് ചാഞ്ഞു. കൊല്ലത്തെ 11 നിയമസഭാ മണ്ഡലങ്ങളില്‍ അഞ്ച് മണ്ഡലം തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനൊപ്പം നിന്നു.
കുണ്ടറയും കരുനാഗപ്പള്ളിയും മാത്രമായിരുന്നു യുഡിഎഫിന് കഴിഞ്ഞ തവണ നേടാന്‍ സാധിച്ചത്. എന്നാല്‍ ചവറ, ഇരവിപുരം, പത്തനാപുരം മണ്ഡലങ്ങളിലെ ജനങ്ങള്‍ തദ്ദേശതെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ തുണച്ചെന്നാണ് ജനവിധി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ നേട്ടമുണ്ടാക്കിയ ചടയമംഗലത്തും എല്‍ഡിഎഫ് കിതച്ചു.
ചടയമംഗലത്തെ ഒമ്പത് പഞ്ചായത്തുകളില്‍ അഞ്ചെണ്ണം യുഡിഎഫ് വിജയിച്ചു. ചാത്തന്നൂര്‍, കൊട്ടാരക്കര, പുനലൂര്‍, കുന്നത്തൂര്‍, കൊല്ലം മണ്ഡലങ്ങളിലാണ് എല്‍ഡിഎഫിന് മേല്‍ക്കൈ ലഭിച്ചത്. കൊല്ലം കോര്‍പ്പറേഷനില്‍ കാല്‍ നൂറ്റാണ്ടിന് ശേഷം ഭരണം പിടിച്ചതും യുഡിഎഫിൻ്റെ വിജയത്തിന്റെ മാറ്റ് കൂട്ടി. കേവല ഭൂരിപക്ഷത്തിലെത്തിയില്ലെങ്കിലും 27 സീറ്റുകള്‍ യുഡിഎഫ് നേടി. 29 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യം. ഭരണം നഷ്ടമായതും മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്ന മൂന്ന് പേരും തോറ്റതും എല്‍ഡിഎഫിന് ക്ഷീണമുണ്ടാക്കി.
ജില്ലാ പഞ്ചായത്തിലും സ്ഥിതി വ്യത്യസ്തമല്ല. 10 സീറ്റാണ് ജില്ലാ പഞ്ചായത്തില്‍ യുഡിഎഫ് നേടിയത്. കഴിഞ്ഞ തവണത്തെ മൂന്ന് സീറ്റില്‍ നിന്നാണ് 10ലേക്ക് യുഡിഎഫ് സീറ്റ് ഉയര്‍ത്തിയത്. എന്നാല്‍ 26 അംഗ ജില്ലാ പഞ്ചായത്തില്‍ കഴിഞ്ഞ തവണ 23 സീറ്റ് നേടിയ എല്‍ഡിഎഫ് ഇത്തവണ 17ലേക്ക് ഒതുങ്ങി. ഓച്ചിറയ്ക്ക് പുറമേ ചവറ, പത്തനാപുരം ബ്ലോക്ക് പഞ്ചായത്തുകളും സ്വന്തമാക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസവും യുഡിഎഫിനുണ്ട്. ഗ്രാമപഞ്ചായത്തുകളില്‍ 22 വാര്‍ഡില്‍ നിന്ന് 32ലേക്ക് യുഡിഎഫ് കുതിച്ചു. എന്നാല്‍ 43 സീറ്റില്‍ നിന്ന് 33ലേക്ക് കൂപ്പുകുത്തുകയായിരുന്നു എല്‍ഡിഎഫ്. എല്‍ഡിഎഫിന്റെ പരമ്പരാഗത വോട്ട് ബാങ്കാണ് യുഡിഎഫ് തകര്‍ത്തെറിഞ്ഞത്.
Content Highlights: local body election result 2025 UDF get historical victory at Kollam