ജോസ് കെ മാണിയും സംഘവും യുഡിഎഫ് പാളയത്തിലേക്ക് മടങ്ങുമോ? ചൂണ്ടയെറിഞ്ഞ് സണ്ണി ജോസഫ്

യുഡിഎഫ് വിട്ടുപോയവര്‍ ചിന്തിക്കണമെന്ന കെപിസിസി അധ്യക്ഷന്റെ വാക്കുകളെ ജോസ് കെ മാണി വിഭാഗം സ്വീകരിക്കുമോ തള്ളിക്കളയുമോ എന്നാണ് ഇനി അറിയേണ്ടത്

ജോസ് കെ മാണിയും സംഘവും യുഡിഎഫ് പാളയത്തിലേക്ക് മടങ്ങുമോ? ചൂണ്ടയെറിഞ്ഞ് സണ്ണി ജോസഫ്
dot image

കോട്ടയം: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എമ്മിന് കനത്ത തിരിച്ചടിയാണുണ്ടായത്. പരമ്പരാഗതമായി അടിത്തറയുള്ള ഇടങ്ങളില്‍ പോലും ജോസ് കെ മാണി വിഭാഗത്തിന് അടിതെറ്റി. ഇടതുപാളയത്തില്‍ നിന്ന് തിരിച്ചടി നേരിട്ടെങ്കിലും കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫ് മുന്നണിയിലേക്ക് കൊണ്ടുവരണമെന്ന സ്വപ്നം മുന്നണി നേതാക്കള്‍ ഇപ്പോഴും ഉപേക്ഷിച്ചിട്ടില്ല. യുഡിഎഫ് വിട്ടുപോയവര്‍ ചിന്തിക്കണമെന്ന കെപിസിസി അധ്യക്ഷന്റെ വാക്കുകള്‍ ജോസ് കെ മാണിക്കുള്ള കൃത്യമായ ക്ഷണമാണ്. എന്നാല്‍ ഈ വാക്കുകള്‍ അവർ സ്വീകരിക്കുമോ തള്ളിക്കളയുമോ എന്നാണ് ഇനി അറിയാനുള്ളത്.

മടക്കത്തിനുള്ള സമയമിതാണെന്ന് കെപിസിസി അധ്യക്ഷന്‍ പറയുമ്പോള്‍ എന്താവും കേരള കോണ്‍ഗ്രസ് എമ്മിന്റെ അന്തിമ തീരുമാനമെന്നറിയാനുള്ള കാത്തിരിപ്പില്‍ കൂടിയാണ് രാഷ്ട്രീയ കേരളം. പാലായടക്കം പ്രധാന ശക്തികേന്ദ്രങ്ങളെല്ലാം നഷ്ടപ്പെട്ടതിനൊപ്പം ജോസ് കെ മാണിയുടെ വാര്‍ഡിലും മന്ത്രി റോഷി അഗസ്റ്റിന്റെ വാര്‍ഡിലും കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടു. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് തദ്ദേശ തെരഞ്ഞെടുപ്പിലൂടെ മറുപടി ഉണ്ടാകുമെന്ന ജോസ് കെ മാണിയുടെ ഉറപ്പാണ് ഇതിലൂടെ പാഴായത്.

പാലാ നഗരസഭാധ്യക്ഷ സ്ഥാനം നിരസിച്ചതോടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പ്രതികാര വിജയം നേടിയ ബിനു പുളിക്കക്കണ്ടത്തിന് മുന്നില്‍ തല കുനിക്കേണ്ട സ്ഥിതിയും കേരള കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നിലുണ്ട്. മുനിസിപ്പാലിറ്റി ആര് ഭരിക്കണമെന്ന് ബിനു പുളിക്കകണ്ടവും കുടുംബവും തീരുമാനിക്കും. എല്‍ഡിഎഫിനും യുഡിഎഫിനും കേവലഭൂരിപക്ഷം ഇല്ലാതെ വന്നതോടെ മുന്‍സിപ്പാലിറ്റി ആര് ഭരിക്കണമെങ്കിലും സ്വതന്ത്രരായി മത്സരിച്ച ബിനു പുളിക്കകണ്ടത്തിന്റെ പിന്തുണ വേണം.

കഴിഞ്ഞതവണ അധ്യക്ഷസ്ഥാനം ഇല്ലാതാക്കി എന്നു പറഞ്ഞ് ജോസ് കെ മാണിയെ വിമര്‍ശിച്ചതിന് പിന്നാലെയാണ് ബിനു പുളിക്കകണ്ടത്തിനെ സിപിഐഎമ്മില്‍ നിന്നും പുറത്താക്കിയത്. ബിനുവുമായി സഖ്യം വേണമോ എന്ന് മുന്നണി തീരുമാനിക്കും എന്നായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം. തോല്‍വി പഠിക്കുമെന്നും കനത്ത തോല്‍വിയിലും മുന്നണിയില്‍ ഉറച്ചുനില്‍ക്കുമെന്നും പാര്‍ട്ടി ചെയര്‍മാന്‍ ആവര്‍ത്തിക്കുന്നുണ്ട്.

jose k mani
ജോസ് കെ മാണി

മാണി വിഭാഗം കിതച്ചപ്പോള്‍ യുഡിഎഫിനൊപ്പം നിന്ന പി ജെ ജോസഫ് വിഭാഗത്തിന് നേട്ടമുണ്ടായി. ഇടുക്കി ജില്ലാ പഞ്ചായത്തില്‍ നാല് ഡിവിഷനുകളിലാണ് വിജയിച്ചത്. കഴിഞ്ഞ തവണ ഉണ്ടായ നേട്ടം കണ്ട് സംസ്ഥാനത്ത് ആയിരത്തിലധികം സീറ്റുകളിലാണ് ഇത്തവണ കേരള കോണ്‍ഗ്രസ് എമ്മിന് മത്സരിക്കാന്‍ എല്‍ഡിഎഫ് അവസരം നല്‍കിയത്. പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ സാധിച്ചില്ല എന്ന് മാത്രമല്ല കനത്ത തോല്‍വിയാണ് പലയിടത്തും നേരിട്ടത്. യുഡിഎഫിലേക്ക് ഇല്ലെന്നും ഇടതുമുന്നണിയില്‍ ഹാപ്പിയാണെന്നുമുള്ള നേരത്തെയുള്ള പ്രഖ്യാപനത്തിൽ ജോസ് കെ മാണി ഉറച്ചു നിൽക്കുമോ, അതോ കഴിഞ്ഞ ദിവസം പറഞ്ഞതുപോലെ തിരുത്തേണ്ടതു തിരുത്തി മുന്നോട്ടു പോകുമോ? കാത്തിരുന്ന് കാണാം...

Content Highlights: local body election results 2025 Will Jose k mani leave ldf

dot image
To advertise here,contact us
dot image