

തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിലെ മികച്ച മുന്നേറ്റത്തിന്‍റെ പശ്ചാത്തലത്തില്‍ വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് അധികാരം തിരിച്ചുപിടിക്കാമെന്നാണ് യുഡിഎഫ് പ്രതീക്ഷ. തിരുവനന്തപുരം കോർപ്പറേഷനില്‍ ഉള്‍പ്പെടെ നടത്തിയ മുന്നേറ്റം ബിജെപിയുടേയും ആത്മവിശ്വാസം വർധിപ്പിക്കുന്നു. നിയമസഭ തെരഞ്ഞെടുപ്പില്‍ ഇരുപതിലേറെ സീറ്റുകള്‍ നേടുമെന്നാണ് ബിജെപിയുടെ അവകാശവാദമെങ്കിലും ഏവരും ഉറ്റുനോക്കുന്നത് നേമം മണ്ഡലത്തിലേക്കാണ്.
2016ല്‍ നേമം നിയമസഭാ മണ്ഡലത്തിലൂടെയാണ് ബിജെപി കേരള നിയമസഭയില്‍ ആദ്യമായി അക്കൗണ്ട് തുറന്നത്. 2021ല്‍ ഈ അക്കൗണ്ട് വി ശിവന്‍കുട്ടിയിലൂടെ സിപിഐഎം പൂട്ടിക്കുകയും ചെയ്തു. എന്നാല്‍ അടുത്ത വര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഈ അക്കൗണ്ട് ബിജെപി റീ ഓപ്പണ്‍ ചെയ്യുമെന്ന സൂചനകളാണ് തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിലെ കണക്കുകള്‍ നല്‍കുന്നത്.
തിരുവനന്തപുരം കോര്‍പ്പറേഷനിലെ 37 മുതല്‍ 39 വരെയും 48 മുതല്‍ 58 വരെയും 61 മുതല്‍ 68 വരെയുമുള്ള വാര്‍ഡുകളാണ് നേമം നിയമസഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ നിന്നുള്ള വിവര പ്രകാരം ഈ വാര്‍ഡുകളില്‍ 36,339 വോട്ടുകളാണ് ബിജെപി നയിക്കുന്ന എന്‍ഡിഎ നേടിയത്. എല്‍ഡിഎഫിന് നേടാനായത് 36,266 വോട്ടുകളും. ഇതിലൂടെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമം മണ്ഡലത്തില്‍ എല്‍ഡിഎഫും എന്‍ഡിഎയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമുണ്ടാകുമെന്നാണ് സൂചിപ്പിക്കുന്നത്. യുഡിഎഫിന് 23723 വോട്ടുകള്‍ മാത്രമേ തദ്ദേശ തെരഞ്ഞെടുപ്പില്‍ നേടാന്‍ സാധിച്ചിട്ടുള്ളു.
നേമം മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന 21 വാര്‍ഡുകളില്‍ 11 വാര്‍ഡുകളിലാണ് എന്‍ഡിഎ വിജയിച്ചത്. എല്‍ഡിഎഫിന് ആറും യുഡിഎഫിന് നാലും സീറ്റുകളും ലഭിച്ചു. നിയമസഭ തെരഞ്ഞെടുപ്പുകളിലേതിനേക്കാള്‍ വോട്ടിങ് ശതമാനം കുറഞ്ഞത് തദ്ദേശത്തിലെ വോട്ടുകള്‍ വലിയ തോതില്‍ കുറയുന്നതിന് കാരണമായി.
2016ല്‍ ബിജെപിയുടെ ഒ രാജഗോപാലിലൂടെയാണ് ബിജെപി ആദ്യമായി നിയമസഭാ സീറ്റ് നേടുന്നത്. 67, 813 വോട്ടുകളാണ് അന്ന് രാജഗോപാല്‍ നേടിയത്. വി ശിവന്‍കുട്ടി 59, 142 വോട്ടുകള്‍ നേടിയപ്പോള്‍ യുഡിഎഫിന് വേണ്ടി മത്സരിച്ച ജെഡിയുവിന്റെ വി സുരേന്ദ്രന്‍ പിള്ള 13, 860 വോട്ടുകള്‍ നേടി. എന്നാല്‍ 2021ല്‍ വി ശിവന്‍കുട്ടി 55, 837 വോട്ടുകള്‍ നേടി മണ്ഡലം ബിജെപിയില്‍ നിന്നും കൈക്കലാക്കി. ബിജെപിയുടെ കുമ്മനം രാജശേഖരന് 51, 888 വോട്ടുകളാണ് നേടാന്‍ സാധിച്ചത്. ലോക്‌സഭയില്‍ സീറ്റ് നേടിയതിലൂടെ ഒന്നിലധികം നിയമസഭാ മണ്ഡലങ്ങളില്‍ വിജയിക്കാന്‍ സാധിക്കുമെന്ന ബിജെപിയുടെ വാദത്തിന് ആത്മവിശ്വാസം നല്‍കുന്നതാണ് നേമത്തിലെ കണക്കുകള്‍.
Content Highlights: local body election result 2025 Bjp may win the Nemom Assembly constituency