

തിരുവനന്തപുരം: തലസ്ഥാനത്ത് കോര്‍പ്പറേഷന്‍ പിടിച്ചെടുക്കാന്‍ സാധിച്ചത് വന്‍ നേട്ടമായെങ്കിലും ഭരണത്തിലുണ്ടായിരുന്ന പന്തളം, പാലക്കാട് നഗരസഭകളില്‍ നേരിടേണ്ടി വന്ന തിരിച്ചടി ബിജെപിക്ക് ക്ഷീണമായി. ഇരുപത്തിയഞ്ചോളം ഗ്രാമപഞ്ചായത്തുകളില്‍ നേടിയ വിജയമാണ് ബിജെപിക്ക് അഭിമാനമാകുന്ന മറ്റൊരു നേട്ടം. എന്നാല്‍ സംസ്ഥാനത്ത് ആകെ നേടിയുടെ വാർഡുകളുടെ എണ്ണം പരിശോധിക്കുമ്പോള്‍ മുസ്ലിം ലീഗിനും പുറകിലാണ് ബിജെപി എന്നതാണ് ശ്രദ്ധേയം.
ഏറ്റവും കൂടുതല്‍ സീറ്റ് നേടിയ മൂന്നാമത്തെ പാര്‍ട്ടിയായ മുസ്‌ലിം ലീഗ് 2844 സീറ്റുകള്‍ നേടി ചരിത്ര നേട്ടമുണ്ടാക്കിയപ്പോള്‍ ബിജെപിക്ക് 1913 വാർഡുകളാണ് നേടാന്‍ സാധിച്ചതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 19500 സ്ഥാനാര്‍ത്ഥികളെയാണ് ബിജെപി ഇത്തവണ താമര ചിഹ്നത്തില്‍ മത്സരിപ്പിച്ചത് . സ്വന്തം ചിഹ്നത്തില്‍ ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുന്ന പാര്‍ട്ടിയെന്ന അവകാശവാദത്തിലാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടതും.
ജില്ലാ പഞ്ചായത്തില്‍ കഴിഞ്ഞ തവണ രണ്ട് സീറ്റ് ഉണ്ടായിരുന്ന ഇടത്ത് ഇത്തവണ ഒന്നിലേക്ക് ഒതുങ്ങുകയും ചെയ്തിട്ടുണ്ട്. ഗ്രാമപഞ്ചായത്തില്‍ 1442, ബ്ലോക്ക് പഞ്ചായത്തില്‍ 53, മുന്‍സിപ്പാലിറ്റിയില്‍ 324 സീറ്റ്, കോര്‍പ്പറേഷനില്‍ 93 സീറ്റ് എന്നിങ്ങനെയാണ് ബിജെപിയുടെ സീറ്റ് നില. ഇതില്‍ കോര്‍പ്പറേഷനില്‍ മാത്രമാണ് ലീഗിനെക്കാള്‍ ബിജെപിക്ക് സീറ്റുകള്‍ നേടാന്‍ സാധിച്ചത്. ഗ്രാമപഞ്ചായത്ത്- 1980, ബ്ലോക്ക് പഞ്ചായത്ത്- 269, ജില്ലാ പഞ്ചായത്ത്- 51, മുന്‍സിപ്പാലിറ്റി- 510, കോര്‍പ്പറേഷന്‍- 34 എന്നിങ്ങനെയാണ് ലീഗിന്റെ സീറ്റ് നില.

തിരുവനന്തപുരത്തിന് പുറമേ കൊല്ലം, കോഴിക്കോട് കോര്‍പ്പറേഷനുകളില്‍ മികവ് കാട്ടിയെങ്കിലും പ്രതീക്ഷിച്ച വോട്ട് വിഹിതം ലഭിച്ചില്ലെന്നാണ് വിലയിരുത്തല്‍. ലോക്‌സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ വോട്ട് വിഹിതത്തില്‍ വലിയ മുന്നേറ്റം നടത്താന്‍ ബിജെപിക്ക് സാധിച്ചില്ല. പന്തളം മുന്‍സിപ്പാലിറ്റിയില്‍ തോറ്റതും ബിജെപിക്ക് ക്ഷീണമായി. പാലക്കാട് നഗരസഭയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും ഭരണം തുലാസിലാണ്. ഒറ്റയ്ക്ക് ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ തന്നെ എല്‍ഡിഎഫും യുഡിഎഫും സ്വതന്ത്രരും ചേര്‍ന്നാല്‍ ഭരണം നഷ്ടമാകുമെന്ന ആശങ്കയും ബിജെപിക്കുണ്ട്.
അതേസമയം തദ്ദേശ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സീറ്റ് നേടിയത് കോണ്‍ഗ്രസാണ്. ആകെ 7816 വാർഡുകളിലാണ് കോണ്‍ഗ്രസ് വിജയിച്ചത്. സിപിഐഎം 7454 സീറ്റുകള്‍ നേടി ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടിയ രണ്ടാമത്തെ പാര്‍ട്ടിയായി മാറി. സിപിഐയാണ് ഏറ്റവും സീറ്റുകള്‍ കരസ്ഥമാക്കിയ അഞ്ചാമത്തെ പാര്‍ട്ടി.
Content Highlights: local body election result 2025 number of seats of BJP is lower than that of Muslim League