ഹരിത വിപ്ലവം; യൂത്ത് ലീഗിലെ വനിതാ പോരാളികള്‍ക്ക് മിന്നും വിജയം

ഫാത്തിമ തഹ്‌ലിയ, അഡ്വ. നജ്മ തബ്ഷീറ, മുഫീദ തെസ്‌നി എന്നിവരാണ് തെരഞ്ഞെടുപ്പ് ഗോദയില്‍ നിന്നും വിജയിച്ച് കയറിയത്

ഹരിത വിപ്ലവം; യൂത്ത് ലീഗിലെ വനിതാ പോരാളികള്‍ക്ക് മിന്നും വിജയം
dot image

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ യൂത്ത് ലീഗിന്റെ വനിതാ നേതാക്കള്‍ക്ക് ഉജ്ജ്വല വിജയം. ഹരിതയുടെ മുന്‍ സംസ്ഥാന നേതാക്കളായ അഡ്വ. ഫാത്തിമ തഹ്‌ലിയ, അഡ്വ. നജ്മ തബ്ഷീറ, മുഫീദ തെസ്‌നി എന്നിവരാണ് തെരഞ്ഞെടുപ്പ് ഗോദയില്‍ നിന്നും വിജയിച്ച് കയറിയത്. കോഴിക്കോട് കോര്‍പ്പറേഷനിലേക്ക് കുറ്റിച്ചിറ ഡിവിഷനില്‍ നിന്നും മത്സരിച്ച തഹ്‌ലിയ 2273 വോട്ടിന്റെ ഭൂരിപക്ഷത്തിലും പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്തിലേക്ക് വലമ്പൂരില്‍ നിന്ന് 2612 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ നജ്മയും ജയിച്ചു. വയനാട് ജില്ലാ പഞ്ചായത്തിലേക്ക് തരുവണയില്‍ നിന്ന് മത്സരിച്ച മുഫീദ 5710 വോട്ടിന്റ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.

തഹ്‌ലിയയുടെ കന്നിയങ്കത്തിലാണ് വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചത്. നജ്മ നേരത്തെയും പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് അഗമായിരുന്നു. ഇത്തവണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായാണ് നജ്മ മത്സരത്തിനിറങ്ങിയത്. തഹ്‌ലിയയും മുഫീദയും ഹരിത മുന്‍ സംസ്ഥാന പ്രസിഡന്റുമാരാണ്. നജ്മ ഹരിതയുടെ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ തഹ്‌ലിയ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയും, മുഫീദ യൂത്ത് ലീഗ് ദേശീയ പ്രസിഡന്റും നജ്മ ദേശീയ സെക്രട്ടറിയുമാണ്.

ഹരിത വിവാദത്തെ തുടര്‍ന്നാണ് മൂന്ന് നേതാക്കളും ശ്രദ്ധേയരാകുന്നത്. ലീഗിനുള്ളില്‍ തന്നെ വനിതകള്‍ക്ക് വേണ്ടി പോരാടുന്ന ശബ്ദമായി ഇവര്‍ മാറുകയും ചെയ്തു. 2021 ജൂണ്‍ 22ന് കോഴിക്കോട് നടന്ന എംഎസ്എഫ് സംസ്ഥാന കമ്മിറ്റി യോഗത്തില്‍ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് ഹരിത സംഘത്തെ മോശമായി അഭിസംബോധന ചെയ്തത് വലിയ വിവാദമാകുകയായിരുന്നു.

സംഘടന സംബന്ധിച്ച വിഷയത്തില്‍ അഭിപ്രായം ആരാഞ്ഞ നവാസ്, 'വേശ്യക്കും വേശ്യയുടേതായ ന്യായീകരണം ഉണ്ടാകും' എന്നാണ് പരാമര്‍ശിച്ചതെന്ന് ഹരിത നേതാക്കള്‍ വനിതാ കമ്മീഷന് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. എംഎസ്എഫ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറിയായ വഹാബ് ഫോണിലൂടെ വിളിച്ചും അസഭ്യം പറഞ്ഞുവെന്നും ഇവരുടെ പരാതിയില്‍ ആരോപിച്ചിരുന്നു.

വൈകാതെ, ജില്ലാ പ്രസിഡന്റ് കബീര്‍ ജില്ലാ കമ്മിറ്റി യോഗത്തില്‍ അധിക്ഷേപിച്ചെന്ന് ആരോപിച്ച് ഹരിത നേതാവ് ആഷിഖ ഖാനും രംഗത്തെത്തിയിരുന്നു. വനിതാ കമ്മീഷനില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. പിന്നാലെ മൂന്ന് വനിതാ നേതാക്കള്‍ക്കുമെതിരെ അച്ചടക്ക നടപടിയുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം വിഷയം ലീഗ് നേതാക്കള്‍ ഒത്തുതീര്‍പ്പാക്കുകയായിരുന്നു.

Content Highlights: local body election result 2025 Thahilia Najma Thabsheera Mufeetha won

dot image
To advertise here,contact us
dot image