'തോൽവിയുടെ ഭാഗമായി ഉണ്ടായ പ്രസ്താവന'; വോട്ടർമാരെ അപമാനിച്ചുള്ള എം എം മണിയുടെ പരാമർശം തള്ളാതെ എം വി ജയരാജൻ

ജനഹിതം മനസിലാക്കിക്കൊണ്ടുള്ള പ്രവർത്തനങ്ങൾക്കാകും ഇനി ഭാവിയിൽ രൂപം കൊടുക്കുക എന്നും എം വി ജയരാജൻ പറഞ്ഞു

'തോൽവിയുടെ ഭാഗമായി ഉണ്ടായ പ്രസ്താവന'; വോട്ടർമാരെ അപമാനിച്ചുള്ള എം എം മണിയുടെ പരാമർശം തള്ളാതെ എം വി ജയരാജൻ
dot image

കണ്ണൂർ: വോട്ടർമാരെ അപമാനിച്ച സിപിഐഎം നേതാവ് എം എം മണിയുടെ പ്രസ്താവന തള്ളാതെ എം വി ജയരാജൻ. എം എം മണി നടത്തിയ പരാമർശത്തെ തോൽവിയുടെ ഭാഗമായി ഉണ്ടായ ഒന്നായി കാണണമെന്നും പെൻഷൻ ഉൾപ്പെടെയുള്ളവ വർധിപ്പിച്ചിട്ടും എങ്ങനെയാണ് പരാജയപ്പെട്ടത് എന്ന് കണ്ടെത്തണമെന്നും എം വി ജയരാജൻ പറഞ്ഞു. ഇക്കാര്യങ്ങളെല്ലാം ജനങ്ങളിലേക്കെത്തിക്കാൻ പരാജയപ്പെട്ടോ എന്നത് പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പെൻഷൻ എല്ലാം കൃത്യമായി വാങ്ങി ശാപ്പാട് കഴിച്ചിട്ട് ജനങ്ങൾ നൈമിഷികമായ വികാരത്തിന് വോട്ട് ചെയ്തു എന്നും നന്ദികേട് കാണിച്ചു എന്നുമായിരുന്നു എം എം മണിയുടെ വിവാദ പരാമർശം.

ജനഹിതം മനസിലാക്കിക്കൊണ്ടുള്ള പ്രവർത്തനങ്ങൾക്കാകും ഇനി ഭാവിയിൽ രൂപം കൊടുക്കുക എന്നും എം വി ജയരാജൻ പറഞ്ഞു. പൊതുവായി പരിശോധിച്ചാൽ പ്രതീക്ഷിക്കാത്ത ഒരു ജനവിധിയാണ് ഉണ്ടായത്. ബിജെപി കേരളത്തിൽ വളർന്നുവരുന്നത് ആപത്കരമാണ്. മതനിരപേക്ഷ സമൂഹം ഉൾക്കൊള്ളുന്ന ഒരു രാജ്യത്ത് ബിജെപി ഉയർത്തുന്ന മതരാഷ്ട്രം പ്രായോഗികമല്ല. ബിജെപിക്കനുകൂലമായി നിലപാട് സ്വീകരിച്ച പ്രദേശങ്ങളിൽ അവരെ തുറന്നുകാട്ടുമെന്നും എം വി ജയരാജൻ പറഞ്ഞു.

എസ്ഡിപിഐയും നാടിനാപത്താണെന്നും ജനങ്ങളിൽ അത് എത്തിക്കാൻ കഴിയാതെ വന്നോ എന്നത് പ്രത്യേകം പരിശോധിക്കേണ്ടതാണ് എന്നും എം വി ജയരാജൻ പറഞ്ഞു. സംഘടനാപരമായ വീഴ്ചകൾ പാർട്ടി പരിശോധിക്കുമെന്നും എം വി ജയരാജൻ കൂട്ടിച്ചേർത്തു. പാർട്ടിയെ വെല്ലുവിളിച്ചുകൊണ്ട് സഖാക്കൾ രംഗത്തിറങ്ങുന്നത് ജനങ്ങൾ അംഗീകരിക്കാത്ത കാര്യമാണ്. ഏതെങ്കിലും ഒരു മതത്തിൽ വിശ്വസിക്കുന്നവർ ഇടതുപക്ഷത്തിനെതിരെ വോട്ട് ചെയ്തു എന്ന് വിശ്വസിക്കാൻ വയ്യ എന്നും എം വി ജയരാജൻ വ്യക്തമാക്കി.

രാഹുൽ മാങ്കൂട്ടത്തിലിനെ ബലാത്സംഗവീരൻ എന്നും എം വി ജയരാജൻ വിശേഷിപ്പിച്ചു. രാഹുൽ വിഷയത്തിൽ കേരളീയ സമൂഹം പ്രതിഷേധമുയർത്തുന്നില്ലെങ്കിൽ എങ്ങനെയാണ് ഈ സമൂഹത്തിൽ നമ്മൾ ജീവിക്കുക എന്നും എം വി ജയരാജൻ ചോദിച്ചു. രാഹുൽ ബലാത്സംഗവീരനാണ് എന്നത് കക്ഷിരാഷ്ട്രീയത്തിനതീതമായി കേരളീയ സമൂഹം പറയുന്നതാണ്. എന്നാൽ കോൺഗ്രസുകാർ അയാളെ പൂച്ചെണ്ട് നൽകി വരവേൽക്കുകയാണ്. ശബരിമല വിഷയത്തിൽ ഇടതുപക്ഷം തെറ്റൊന്നും ചെയ്തിട്ടില്ല എന്നും കോടികളാണ് ശബരിമലയുടെ വികസനത്തിനായി ഇടതുപക്ഷം ചിലവഴിച്ചതെന്നും എം വി ജയരാജൻ പറഞ്ഞു. സ്വർണപ്പാളി വിഷയത്തിൽ സിപിഐഎമ്മിനും കോടതിക്കും ഒരേ നിലപാടാണ് ഉള്ളതെന്നും കുറ്റക്കാരെ പാർട്ടി സംരക്ഷിച്ചിട്ടില്ല എന്നും എം വി ജയരാജൻ കൂട്ടിച്ചേർത്തു.

Content Highlights: MV Jayarajan didnt refues MM Manis controversial ramarks on voters

dot image
To advertise here,contact us
dot image