കുട്ടിമാക്കൂലിൽ നിൽക്കുമ്പോൾ തന്നെ തോൽക്കുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു: ബിജെപി സ്ഥാനാർത്ഥി ലസിത പാലക്കൽ

സിപിഐഎം കോട്ടയില്‍ തന്നെ മത്സരിക്കാന്‍ വാശിയായിരുന്നുവെന്നും ലസിത

കുട്ടിമാക്കൂലിൽ നിൽക്കുമ്പോൾ തന്നെ തോൽക്കുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു: ബിജെപി സ്ഥാനാർത്ഥി ലസിത പാലക്കൽ
dot image

കണ്ണൂര്‍: തലശ്ശേരി നഗരസഭയിലെ കുട്ടിമാക്കൂല്‍ വാര്‍ഡില്‍ തോറ്റതിന് പിന്നാലെ ഫേസ്ബുക്കില്‍ കുറിപ്പുമായി ബിജെപി സ്ഥാനാര്‍ത്ഥി ലസിത പാലക്കല്‍. 'സത്യം തോറ്റു, മിഥ്യ വിജയിച്ചു' എന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പിന്റെ തുടക്കം. കുട്ടിമാക്കൂല്‍ എന്ന സ്ഥലത്ത് നില്‍ക്കുമ്പോള്‍ തന്നെ തോല്‍ക്കുമെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നുവെന്നും അവര്‍ കുറിച്ചു. സിപിഐഎം കോട്ടയില്‍ തന്നെ മത്സരിക്കാന്‍ വാശിയായിരുന്നുവെന്നും ലസിത കൂട്ടിച്ചേര്‍ത്തു.

ലസിതയുടെ ഫേസ്ബുക്ക് കുറിപ്പ്

സത്യം തോറ്റു.. മിഥ്യ വിജയിച്ചു...

എങ്കിലും സത്യം വിജയിക്കുന്ന വരെ പോരാട്ടം തുടരും

വോട്ട് ചെയ്ത എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി.. തോൽവിയിൽ മനംമടുത്തു ഒരിക്കലും വീട്ടിൽ ഇരിക്കില്ല..

ഇനിയും പോരാട്ടം തുടരുക തന്നെ ചെയ്യും. കുട്ടിമാക്കൂൽ എന്ന സ്ഥലത്ത് നിൽക്കുമ്പോൾ തന്നെ ഞാൻ തോൽക്കും എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു CPM കോട്ടയിൽ തന്നെ മത്സരിക്കാൻ വാശിയായിരുന്നു രണ്ടാമത് എത്തി കുട്ടിമാക്കൂൽ Tq കുട്ടിമാക്കൂൽ

അടുത്തിടെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിനെതിരെ ലസിത പാലക്കല്‍ നടത്തിയ വർഗീയ പരാമർശം വലിയ വിവാദമായിരുന്നു. പുരസ്കാരം ലഭിച്ചവരിൽ ചിലരുടെ പേരുകൾ മാത്രം എടുത്തുപറഞ്ഞുകൊണ്ടായിരുന്നു ലസിതയുടെ വർഗീയ പരാമർശം. ‘ഇപ്രാവശ്യം മുഴുവന്‍ ഇക്കാക്കമാര്‍ ആണല്ലോ’ എന്ന് ലസിത പാലക്കൽ‌ സമൂഹമാധ്യമത്തിൽ കുറിച്ചു. ‘മികച്ച നടി ഷംല ഹംസ. മികച്ച നടൻ മമ്മൂട്ടി. പ്രത്യേക ജൂറി പരാമർശം ആസിഫ് അലി. മികച്ച സ്വഭാവ നടൻ സൗബിൻ ഷാഹിർ. മികച്ച ഛായാഗ്രഹണം ഷൈജു ഖാലിദ്. മികച്ചം നവാഗത സംവിധായകൻ ഫാസിൽ മുഹമ്മദ്. ഇപ്രാവശ്യം മൊത്തം ഇക്കാക്കമാർ ആണല്ലോ. ഇതാണോ പരാതി ഇല്ലാത്ത അവാർഡ് എന്ന് മന്ത്രി പറഞ്ഞത്, മ്യാമൻ പോട്ടെ മ്യക്കളെ.’, എന്നായിരുന്നു കുറിപ്പ്. മറ്റ് ചില വിഷയങ്ങളിലും ലസിത വര്‍ഗീയ പ്രതികരണം നടത്തുകയും അത് വലിയ വിവാദങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്തിരുന്നു.

അതേസമയം, ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ യുഡിഎഫാണ് മുന്നിട്ടുനില്‍ക്കുന്നത്. ഇടത് കോട്ടകളില്‍ പോലും എല്‍ഡിഎഫിന് അടിപതറിയിരിക്കുകയാണ്. നില മെച്ചപ്പെടുത്തിയിരിക്കുകയാണ് എന്‍ഡിഎ. തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. 14 ജില്ലകളിലായി 244 കേന്ദ്രങ്ങളിലാണ് 1129 തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വോട്ട് എണ്ണുന്നത്. രണ്ട് ഘട്ടങ്ങളായി നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ 941 ഗ്രാമപഞ്ചായത്തുകളിലെ 17,337 വാര്‍ഡുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകളിലെ 2,267 വാര്‍ഡുകള്‍, 14 ജില്ലാപഞ്ചായത്തുകളിലെ 346 വാര്‍ഡുകള്‍, 86 നഗരസഭകളിലെ 3,205 വാര്‍ഡുകള്‍, 6 കോര്‍പ്പറേഷനുകളിലെ 421 വാര്‍ഡുകളിലേയ്ക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്.

ഇത്തവണ രണ്ട് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പില്‍ 73.68 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 2020 ല്‍ ഇത് 75. 95 ശതമാനമായിരുന്നു. സംസ്ഥാനത്ത് ആകെ 2,10,79,021 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ആദ്യഘട്ട തെരഞ്ഞെടുപ്പ് നടന്ന ഡിസംബര്‍ 9ന് 70.9 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ഡിസംബര്‍ 11ന് നടന്ന രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ 76.08 ശതമാനം പോളിംഗും രേഖപ്പെടുത്തി.

Content Highlights: local body polls 2025 bjp candiadate lasitha palakkal fb post

dot image
To advertise here,contact us
dot image