

മാനന്തവാടി: പരസ്പരം മത്സരിച്ച സഹോദരങ്ങളില്‍ മുസ്‌ലിം ലീഗിന് വേണ്ടി മത്സരിച്ച സി കുഞ്ഞബ്ദുള്ളയ്ക്ക് വിജയം. 350 വോട്ടുകള്‍ നേടിയാണ് കുഞ്ഞബ്ദുള്ള വിജയിച്ചത്. മാനന്തവാടി നഗരസഭാപരിധിയിലെ ചെറ്റപ്പാലം വാര്‍ഡിലാണ് സഹോദരങ്ങള്‍ മത്സരത്തിന് ഇറങ്ങിയത്. കുഞ്ഞബ്ദുള്ളയ്‌ക്കെതിരെ എല്‍ഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സി ആബുട്ടി 325 വോട്ടുകളാണ് നേടിയത്. 25 വോട്ടുകള്‍ക്കാണ് കുഞ്ഞബ്ദുള്ള അനുജനെ തോല്‍പ്പിച്ചത്.
കുഞ്ഞബ്ദുള്ളയ്ക്ക് ഇത് കന്നിയങ്കമായിരുന്നെങ്കിലും രണ്ടു തവണ തെരഞ്ഞെടുപ്പില്‍ മത്സരിച്ച അനുഭവപരിചയം ആബുട്ടിക്ക് ഉണ്ടായിരുന്നു. 1967ല്‍ മാനന്തവാടി ഗവ. ഹൈസ്‌കൂളില്‍ എംഎസ്എഫ് യൂണിറ്റ് സെക്രട്ടറിയായാണ് കുഞ്ഞബ്ദുള്ളയുടെ രാഷ്ട്രീയ പ്രവേശനം. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കാല്‍നൂറ്റാണ്ടായി മാനന്തവാടി ടൗണ്‍ ചുമട്ടുതൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനറും ക്ഷേമനിധി ബോര്‍ഡംഗവുമാണ്. മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി, ചുമട്ടു തൊഴിലാളി ഫെഡറേഷന്‍ (എസ്ടിയു) സംസ്ഥാന സെക്രട്ടറി എന്നീനിലകളിലും പ്രവര്‍ത്തിക്കുന്നുണ്ട്.
1980 മുതല്‍ സിപിഐഎമ്മിന്റെ സജീവ പ്രവര്‍ത്തകനാണ് ആബുട്ടി. 1992-ല്‍ പാര്‍ട്ടി അംഗത്വം നേടി. മാനന്തവാടി ഗ്രാമപഞ്ചായത്തായിരുന്നപ്പോഴും കഴിഞ്ഞ നഗരസഭാ തെരഞ്ഞെടുപ്പിലും മത്സരിച്ചെങ്കിലും ആബുട്ടി പരാജയപ്പെട്ടു. നിലവില്‍ സിപിഐഎം മാനന്തവാടി ടൗണ്‍ ബ്രാഞ്ചംഗമാണ്.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ യുഡിഎഫാണ് മുന്നിട്ടുനില്‍ക്കുന്നത്. ഇടത് കോട്ടകളില്‍ പോലും എല്‍ഡിഎഫിന് അടിപതറിയിരിക്കുകയാണ്. നില മെച്ചപ്പെടുത്തിയിരിക്കുകയാണ് എന്‍ഡിഎ.
14 ജില്ലകളിലായി 244 കേന്ദ്രങ്ങളിലാണ് 1129 തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വോട്ട് എണ്ണുന്നത്. രണ്ട് ഘട്ടങ്ങളായി നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ 941 ഗ്രാമപഞ്ചായത്തുകളിലെ 17,337 വാര്‍ഡുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകളിലെ 2,267 വാര്‍ഡുകള്‍, 14 ജില്ലാപഞ്ചായത്തുകളിലെ 346 വാര്‍ഡുകള്‍, 86 നഗരസഭകളിലെ 3,205 വാര്‍ഡുകള്‍, 6 കോര്‍പ്പറേഷനുകളിലെ 421 വാര്‍ഡുകളിലേയ്ക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്.
ഇത്തവണ രണ്ട് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പില്‍ 73.68 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 2020 ല്‍ ഇത് 75. 95 ശതമാനമായിരുന്നു. സംസ്ഥാനത്ത് ആകെ 2,10,79,021 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ആദ്യഘട്ട തെരഞ്ഞെടുപ്പ് നടന്ന ഡിസംബര്‍ 9ന് 70.9 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ഡിസംബര്‍ 11ന് നടന്ന രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ 76.08 ശതമാനം പോളിംഗും രേഖപ്പെടുത്തി.
Content Highlights: local body election result 2025 brothers compete Elder brother won in Mananthavady