'കൊച്ചിന്‍ കോര്‍പ്പറേഷന്‍ യുഡിഎഫ് തൂക്കി'; ഫേസ്ബുക്ക് കുറിപ്പുമായി ഹൈബി ഈഡന്‍ എംപി

മനസ്സിനെ ഏറ്റവും അധികം നിറയ്ക്കുന്ന സന്തോഷം ഗാന്ധി നഗറിലെ നിര്‍മ്മല ടീച്ചറുടെ വിജയമാണെന്നും ഹൈബി ഈഡന്‍

'കൊച്ചിന്‍ കോര്‍പ്പറേഷന്‍ യുഡിഎഫ് തൂക്കി'; ഫേസ്ബുക്ക് കുറിപ്പുമായി ഹൈബി ഈഡന്‍ എംപി
dot image

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഫേസ്ബുക്ക് കുറിപ്പുമായി ഹൈബി ഈഡന്‍ എംപി. കൊച്ചിന്‍ കോര്‍പ്പറേഷന്‍ യുഡിഎഫ് തൂക്കിയെന്നായിരുന്നു ഹൈബിയുടെ കുറിപ്പ്. മനസ്സിനെ ഏറ്റവും അധികം നിറയ്ക്കുന്ന സന്തോഷം ഗാന്ധി നഗറിലെ നിര്‍മ്മല ടീച്ചറുടെ വിജയമാണെന്നും സാധാരണക്കാരില്‍ സാധാരണയായ ഒരാളുടെ അസാധാരണ വിജയമാണിതെന്നും ഹൈബി ഈഡന്‍ കൂട്ടിച്ചേര്‍ത്തു.

ഹൈബിയുടെ ഫേസ്ബുക്ക് കുറിപ്പ്

'കൊച്ചിൻ കോർപ്പറേഷൻ യു ഡി എഫ് തൂക്കി. എന്നാലും, മനസ്സിനെ ഏറ്റവും അധികം നിറയ്ക്കുന്ന സന്തോഷം ഗാന്ധി നഗറിലെ നിർമ്മല ടീച്ചറുടെ വിജയമാണ്. പദവിയില്ലാതെ, പ്രൗഢിയില്ലാതെ, സാധാരണക്കാരിൽ സാധാരണയായ ഒരാളുടെ അസാധാരണ വിജയം'

കഴിഞ്ഞ തവണ നഷ്ടമായ കൊച്ചി കോർപ്പറേഷൻ ഭരണം ഇത്തവണ തിരികെ പിടിച്ചിരിക്കുകയാണ് യുഡിഎഫ്. 45-നും 50-നും ഇടയിൽ ഡിവിഷനുകളിൽ വിജയിച്ചുകൊണ്ട് യുഡിഎഫ് ഭരണം ഉറപ്പിച്ചിരിക്കുകയാണ്. മേയർ സ്ഥാനാർത്ഥി ദീപ്തി മേരി വർഗീസ് വിജയിച്ചു.  ഒപ്പം തന്നെ മേയർ സ്ഥാനാർത്ഥിയായി പരിഗണിക്കപ്പെട്ടിരുന്ന വി കെ മിനിമോളും വിജയിച്ചു.

2020 ല്‍ കോണ്‍ഗ്രസ് വിമതരുടെ കൂടെ പിന്തുണയില്‍ എല്‍ഡിഎഫ് ഭരണം പിടിച്ചെടുത്ത കോർപ്പറേഷനാണ് കൊച്ചി. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ എല്‍ഡിഎഫ് 34, യുഡിഎഫ് 31, എന്‍ഡിഎ 5, സ്വതന്ത്രർ 4 എന്നിങ്ങനെയായിരുന്നു കക്ഷി നില. കഴിഞ്ഞ തവണ നഷ്ടമായ ഭരണം ഇത്തവണ തിരികെ പിടിക്കുമെന്ന് യുഡിഎഫ് നേതൃത്വം ഒന്നടങ്കം അവകാശപ്പെട്ടിരുന്നു.

അതേസമയം, ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ യുഡിഎഫാണ് മുന്നിട്ടുനില്‍ക്കുന്നത്. ഇടത് കോട്ടകളില്‍ പോലും എല്‍ഡിഎഫിന് അടിപതറിയിരിക്കുകയാണ്. നില മെച്ചപ്പെടുത്തിയിരിക്കുകയാണ് എന്‍ഡിഎ. തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. 14 ജില്ലകളിലായി 244 കേന്ദ്രങ്ങളിലാണ് 1129 തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വോട്ട് എണ്ണുന്നത്. രണ്ട് ഘട്ടങ്ങളായി നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ 941 ഗ്രാമപഞ്ചായത്തുകളിലെ 17,337 വാര്‍ഡുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകളിലെ 2,267 വാര്‍ഡുകള്‍, 14 ജില്ലാപഞ്ചായത്തുകളിലെ 346 വാര്‍ഡുകള്‍, 86 നഗരസഭകളിലെ 3,205 വാര്‍ഡുകള്‍, 6 കോര്‍പ്പറേഷനുകളിലെ 421 വാര്‍ഡുകളിലേയ്ക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്.

ഇത്തവണ രണ്ട് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പില്‍ 73.68 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 2020 ല്‍ ഇത് 75. 95 ശതമാനമായിരുന്നു. സംസ്ഥാനത്ത് ആകെ 2,10,79,021 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ആദ്യഘട്ട തെരഞ്ഞെടുപ്പ് നടന്ന ഡിസംബര്‍ 9ന് 70.9 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ഡിസംബര്‍ 11ന് നടന്ന രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ 76.08 ശതമാനം പോളിംഗും രേഖപ്പെടുത്തി.

Content Highlights: local body election result 2025 hibi eden on the win in kochin corporation election

dot image
To advertise here,contact us
dot image