ട്രോളുകള്‍ ഫലം കണ്ടില്ല, 'മായാ വി' തോറ്റു; കൂത്താട്ടുകുളത്ത് എടയാര്‍ വെസ്റ്റ് വാര്‍ഡില്‍ യുഡിഎഫിന് വിജയം

മമ്മൂട്ടി നായകനായെത്തിയ മായാവി സിനിമയിലെ ഡയലോഗുകളും ചിത്രങ്ങളും ഉപയോഗിച്ചുള്ള ട്രോളുകളും സമൂഹ മാധ്യമങ്ങളിലും വൈറലായിരുന്നു.

ട്രോളുകള്‍ ഫലം കണ്ടില്ല, 'മായാ വി' തോറ്റു; കൂത്താട്ടുകുളത്ത് എടയാര്‍ വെസ്റ്റ് വാര്‍ഡില്‍ യുഡിഎഫിന് വിജയം
dot image

കൊച്ചി: ട്രോളുകളിലൂടെ വാര്‍ത്തകളില്‍ ഇടം പിടിച്ച കൂത്താട്ടുകുളം നഗരസഭയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മായ വിക്ക് തോല്‍വി. 'മായാവി' മത്സരിക്കുന്നു എന്ന പേരില്‍ സമൂഹ മാധ്യമങ്ങളില്‍ മായ വൈറലായിരുന്നെങ്കിലും എടയാര്‍ വെസ്റ്റ് വാര്‍ഡിലെ ജനങ്ങള്‍ യുഡിഎഫിനെയാണ് തെരഞ്ഞെടുത്തത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി പി സി ഭാസ്‌കരനാണ് വിജയിച്ചത്.

ടി വി ഷോയായ 'ഒരു ചിരി ഇരുചിരി ബംബര്‍ ചിരി' എന്ന പരിപാടിയിലൂടെയാണ് മായ ശ്രദ്ധേയയായത്. അമ്മയുടെ പേരായ വാസന്തിയുടെ ആദ്യ അക്ഷരം മായ 'വി' തന്റെ പേരിനോട് ചേര്‍ത്തിരുന്നു. അങ്ങനെ 'മായാ വി' എന്നാക്കിയ പേരിനെ പ്രശസ്ത കോമിക് കഥാപാത്രമായ 'മായാവി'യോട് ഉപമിച്ച് നിരവധി ട്രോളുകള്‍ വന്നിരുന്നു. മമ്മൂട്ടി നായകനായെത്തിയ മായാവി സിനിമയിലെ ഡയലോഗുകളും ചിത്രങ്ങളും ഉപയോഗിച്ചുള്ള ട്രോളുകളും സമൂഹ മാധ്യമങ്ങളിലും വൈറലായിരുന്നു.

അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ യുഡിഎഫാണ് മുന്നിട്ടുനില്‍ക്കുന്നത്. ഇടത് കോട്ടകളില്‍ പോലും എല്‍ഡിഎഫിന് അടിപതറിയിരിക്കുകയാണ്. നില മെച്ചപ്പെടുത്തിയിരിക്കുകയാണ് എന്‍ഡിഎ. 14 ജില്ലകളിലായി 244 കേന്ദ്രങ്ങളിലാണ് 1129 തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വോട്ട് എണ്ണുന്നത്. രണ്ട് ഘട്ടങ്ങളായി നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ 941 ഗ്രാമപഞ്ചായത്തുകളിലെ 17,337 വാര്‍ഡുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകളിലെ 2,267 വാര്‍ഡുകള്‍, 14 ജില്ലാപഞ്ചായത്തുകളിലെ 346 വാര്‍ഡുകള്‍, 86 നഗരസഭകളിലെ 3,205 വാര്‍ഡുകള്‍, 6 കോര്‍പ്പറേഷനുകളിലെ 421 വാര്‍ഡുകളിലേയ്ക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്.

ഇത്തവണ രണ്ട് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പില്‍ 73.68 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 2020 ല്‍ ഇത് 75. 95 ശതമാനമായിരുന്നു. സംസ്ഥാനത്ത് ആകെ 2,10,79,021 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ആദ്യഘട്ട തെരഞ്ഞെടുപ്പ് നടന്ന ഡിസംബര്‍ 9ന് 70.9 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ഡിസംബര്‍ 11ന് നടന്ന രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ 76.08 ശതമാനം പോളിംഗും രേഖപ്പെടുത്തി.

Content Highlights: local body election result 2025 Maya V defeated in Koothattukulam

dot image
To advertise here,contact us
dot image