

ദക്ഷിണാഫ്രിക്കൻ ടി20 പരമ്പരയിൽ നിരാശപ്പെടുത്തുന്ന പ്രകടനത്തിന് പിന്നാലെ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെ രൂക്ഷമായി വിമർശിച്ച് മുൻ താരം ആകാശ് ചോപ്ര. ടോസിടാനും ബോളര്‍മാരെ മാനേജ് ചെയ്യാനും വേണ്ടി മാത്രമല്ല ഒരു ക്യാപ്റ്റനെന്നാണ് ആകാശ് ചോപ്ര പറഞ്ഞത്. ടോപ് ഓര്‍ഡറില്‍ ബാറ്റ് ചെയ്യുണ്ടെങ്കില്‍ സ്‌കോര്‍ ചെയ്യുകയെന്നതും ഒരു ക്യാപ്റ്റനെന്ന നിലയില്‍ സൂര്യയുടെ ഉത്തരവാദിത്തമാണെന്നും ചോപ്ര തുറന്നടിച്ചു.
‘നിങ്ങളാണ് ടീമിന്റെ ക്യാപ്റ്റൻ. പക്ഷേ ടോസിടാനും ബോളര്‍മാരെ കൈകാര്യം ചെയ്യുക മാത്രമല്ല ഒരു ക്യാപ്റ്റന്റെ ജോലി. തന്ത്രം മെനയുകയും മാത്രമല്ല ക്യാപ്റ്റന്റെ ഉത്തരവാദിത്തം. ആദ്യ നാലിൽ ബാറ്റ് ചെയ്യുന്നുണ്ടെങ്കില്‍ റണ്‍സ് നേടുക എന്നതാണ് നിങ്ങളുടെ പ്രാഥമിക ഉത്തരവാദിത്തം. ഒരുപാട് മത്സരങ്ങളിൽ സൂര്യ മോശം പ്രകടനം കാഴ്ചവെച്ചുകഴിഞ്ഞു. 17 ഇന്നിങ്സില്‍ നിന്ന് 14 മാത്രമാണ് സൂര്യയുടെ ശരാശരി. സ്ട്രൈക്ക് റേറ്റും അത്ര മികച്ചതല്ല. ഒരു ഫിഫ്റ്റി പോലും നേടാനായിട്ടില്ല. രണ്ടുതവണ മാത്രമാണ് 25 കടന്നത്. ഐപിഎല്ലിന് മുൻപും ശേഷവും നിങ്ങള്‍ക്ക് വലിയ സ്‌കോര്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. അതൊരു പ്രശ്നമാണ്,’ ആകാശ് ചോപ്ര പറഞ്ഞു.'
"സൂര്യകുമാർ യാദവിന്റെ ക്യാപ്റ്റൻസിയിൽ എന്തെങ്കിലും സംശയമുണ്ടെന്നോ ലോകകപ്പിൽ അദ്ദേഹം ഇന്ത്യയുടെ ക്യാപ്റ്റനാകില്ലെന്നോ ഞാൻ പറയുന്നില്ല. എന്റെ വാക്കുകളെ അങ്ങനെ തെറ്റിദ്ധരിക്കരുത്. പക്ഷേ സത്യം എന്താണെന്നാൽ അദ്ദേഹം കൂടുതൽ റൺസ് നേടേണ്ടതുണ്ട്," ആകാശ് ചോപ്ര കൂട്ടിച്ചേർത്തു.
ടി20യില്‍ ഈ വര്‍ഷം മികച്ച പ്രകടനം നടത്താന്‍ സൂര്യകുമാർ യാദവിന് ഇതുവരെ സാധിച്ചിട്ടില്ല. താരം 2025ല്‍ ഇതുവരെ 17 ഇന്നിങ്‌സില്‍ 201 റണ്‍സാണ് നേടിയത്. 14.35 ശരാശരിയും 126.4 സ്‌ട്രൈക്ക് റേറ്റുമാണ് സൂര്യയുടെ സമ്പാദ്യം. 47 റണ്‍സാണ് സൂര്യയുടെ ഉയർന്ന സ്കോർ.
Content Highlights: ‘Captain's Job Is Not Just To Toss And Manage The Bowlers‘: Aakash Chopra slams Suryakumar Yadav