

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഏറ്റവും വലിയ വിജയമാണ് യുഡിഎഫ് നേടിയതെന്ന് വി ഡി സതീശന്‍ പറഞ്ഞു. ഈ വിജയം സമ്മാനിച്ച കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളോടും കടപ്പാടുണ്ടെന്ന് സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എല്‍ഡിഎഫിന് കനത്ത പരാജയം നേരിട്ടെന്നും ടീ യുഡിഎഫാണ് വിജയിച്ചതെന്നും സതീശന്‍ പറഞ്ഞു.
'വലിയ വിജയമായി കാണുന്നു. വിജയത്തിന്റെ കാരണം ടീം യുഡിഎഫാണ്. യുഡിഎഫിലെ എല്ലാ ഘടകകക്ഷികളും ചേര്‍ന്ന് ഒറ്റപാര്‍ട്ടിയായി നിന്നു. ഇന്നത്തെ യുഡിഎഫ് ഒരുപാട് സാമൂഹ്യ ഘടകങ്ങള്‍ ഉള്‍പ്പെടുന്ന ഒരു പൊളിറ്റിക്കല്‍ പ്ലാറ്റ്‌ഫോമാണ്. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പുകളിലെ വിജയത്തിന്റെ തുടര്‍ച്ചയാണ് ഇത്. ഇവയുടെ പ്രധാന കാരണം ടീം യുഡിഎഫ് കേരളത്തിലെ പൊളിറ്റിക്കല്‍ പ്ലാറ്റ്‌ഫോമായി മാറിയിരിക്കുന്നു എന്നതാണ്', വി ഡി സതീശന്‍ പറഞ്ഞു.
എല്‍ഡിഎഫിന്റെ പരാജയത്തിന്റെ പ്രധാന കാരണം സര്‍ക്കാരിനെ ജനങ്ങള്‍ വെറുക്കുന്നു എന്നതാണെന്നും വി ഡി സതീശന്‍ പറഞ്ഞു. രണ്ടാമത്തെ കാര്യം വര്‍ഗീയതയാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വരെ ന്യൂനപക്ഷ വര്‍ഗീയത. അത് കഴിഞ്ഞപ്പോള്‍ ഭൂരിപക്ഷ വര്‍ഗീയത. പിണറായി വിജയന്‍ കൊണ്ടു നടന്ന പല ആളുകളും ഈ വര്‍ഗീയത ആളിക്കത്തിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
'ബിജെപിയുടെ അതേ പാതയിലൂടെ സിപിഐഎം സഞ്ചരിച്ചു. ഇന്ന് ബിജെപിക്ക് ഏതെങ്കിലും സ്ഥലങ്ങളില്‍ നേട്ടമുണ്ടായതിന്റെ പ്രധാന കാരണം സിപിഐഎം കളിച്ച ഭൂരിപക്ഷ വര്‍ഗീയ പ്രീണനമാണ്. അതിന്റെ ഗുണഭോക്താവ് സിപിഐഎം ആയിരുന്നില്ല, ബിജെപിയായിരുന്നു. ഇഎംഎസ് എടുത്ത തന്ത്രം ഇപ്പോള്‍ വിലപോകില്ല', വി ഡി സതീശന്‍ പറഞ്ഞു.
എത്ര നിസാരമായും മോശമായുമാണ് ജനവിധിയെ സിപിഐഎം വിലയിരുത്തുന്നതെന്നും വി ഡി സതീശന്‍ ചോദിച്ചു. സിപിഐഎമ്മിന്റെ മുതിര്‍ന്ന നേതാവായ എം എം മണി ജനങ്ങളെ ആക്ഷേപിക്കുകയാണ്. ഇത് മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവരുടെ മനസിലിരിപ്പാണെന്നും സതീശന്‍ പറഞ്ഞു. 'അവരുടെ വീട്ടില്‍ നിന്ന് ഔദാര്യം കൊടുക്കുന്നതല്ല. സംസ്ഥാനത്തിന്റെ ഖജനാവില്‍ നിന്നാണ്, നികുതി പണത്തില്‍ നിന്നാണ് ക്ഷേമ പരിപാടി നടത്തുന്നത്. ക്ഷേമ പരിപാടി നടത്തുന്ന ആദ്യത്തെ സര്‍ക്കാര്‍ അല്ല ഇത്. ക്ഷേമ പ്രവര്‍ത്തനങ്ങള്‍ അട്ടിമറിച്ച സര്‍ക്കാരാണ്. കേരളത്തിന്റെ ഖജനാവിനെ തകര്‍ത്ത് തരിപ്പണമാക്കി. ഇവരുടെ വീട്ടില്‍ നിന്ന് കൊടുത്തതാണോ. തോറ്റിട്ടും തോല്‍പ്പിച്ച ജനങ്ങളോട് അപമര്യാദയായി പെരുമാറുന്നതിന്റെ ഉദാഹരണമാണിത്', വി ഡി സതീശന്‍ പറഞ്ഞു.
Content Highlights: local body election result 2025 VD Satheesan about UDF victory