

തിരുവനന്തപുരം: അഹന്തക്കും അഹങ്കാരത്തിനും ദുര്‍ഭരണത്തിനും എതിരായ വിധിയാണിതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. യുഡിഎഫ് തരംഗം ആഞ്ഞടിച്ചു. അയ്യപ്പന്റെ സ്വര്‍ണം മോഷ്ടിച്ചവരെ ചെവിക്ക് പിടിച്ച് പുറത്താക്കുന്ന വിധിയാണിത്. ഇതേ വിജയം നിയമസഭയിലും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഒറ്റക്കെട്ടായുള്ള പ്രവര്‍ത്തനത്തിന്റെ വിജയമാണിത്. പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും അഭിനന്ദനമറിയിക്കുന്നു. മുഖ്യമന്ത്രിയുടെ സ്വഭാവ സര്‍ട്ടിഫിക്കറ്റിനുള്ള മറുപടിയാണ് ജനം നല്‍കിയിരിക്കുന്നത്. ഗ്രൗണ്ട് റിയാലിറ്റി മനസ്സിലാക്കാതെ മുഖ്യമന്ത്രി എന്തുപറയുന്നു എന്നത് ജനം ചിന്തിക്കും. മുഖ്യമന്ത്രിക്ക് ജനങ്ങളുടെ മനസ് അറിയില്ല. സര്‍ക്കാരിന് ഒരിഞ്ച് മുന്നോട്ടു പോകാന്‍ കഴിയില്ല. കേരളത്തില്‍ യുഡിഎഫിന്റെ തിരിച്ചുവരവാണിത്. മുഖ്യമന്ത്രിക്ക് ശബരിമല ഒരു പ്രശ്‌നമായിരുന്നില്ല. ശബരിമലയെ പുച്ഛിക്കുകയാണ് മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും ചെയ്തതെന്നും കെസി വേണുഗോപാല്‍ ആരോപിച്ചു.
സിപിഐഎമ്മിന്റെ ഔദാര്യത്തിലാണ് ബിജെപിയുടെ വിജയം. പിഎം ശ്രീ, ദേശീയപാത അഴിമതി എന്നിവയില്‍ കേന്ദ്രസര്‍ക്കാരിനെ സിപിഐഎം പിന്തുണച്ചു. സിപിഐഎമ്മിന് ഇപ്പോള്‍ പ്രത്യയശാസ്ത്രമില്ല. മോദിയുടെ മുന്നില്‍ കവാത്ത് മറക്കുന്ന ശൈലിയാണ് സിപിഐഎമ്മിന്. സാധാരണക്കാരെ മറന്നുകൊണ്ട് പോകുന്ന സര്‍ക്കാരാണ്. ബിജെപിക്ക് മേയറെ കൊടുത്തതിന്റെ ക്രെഡിറ്റ് സിപിഐഎമ്മിനാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
ജനങ്ങള്‍ യുഡിഎഫിന് പരിപൂര്‍ണ്ണ പിന്തുണ നല്‍കിയ തെരഞ്ഞെടുപ്പാണിതെന്നും എല്‍ഡിഎഫിനുള്ള ശക്തമായ താക്കീതാണ് ഫലമെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. നിയമസഭാ തെരഞ്ഞെടുപ്പിലും വിജയം ആവര്‍ത്തിക്കാനുള്ള കൂട്ടായ ശ്രമം ഉണ്ടാകും. എല്‍ഡിഎഫിന് തിരിച്ചടിയായത് ശബരിമലയിലെ സര്‍ക്കാറിന്റെ തെറ്റായ സമീപനമാണ്. വിലക്കയറ്റവും തുടര്‍ഭരണത്തിന്റെ അഹങ്കാരവും ജനങ്ങള്‍ക്ക് ഇഷ്ടപ്പെട്ടില്ലെന്നും ചെന്നിത്തല ആരോപിച്ചു.
ജനവിധി പൂര്‍ണ്ണമായും അംഗീകരിക്കുന്നു. 2019-ലെ അതേ വിജയമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നും വമ്പിച്ച ജന മുന്നേറ്റമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. എല്‍ഡിഎഫ് ശക്തികേന്ദ്രങ്ങള്‍ പിടിച്ചെടുക്കാന്‍ യുഡിഎഫിന് സാധിച്ചു. വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടത്തിയിട്ട് പോലും കോഴിക്കോട് സിപിഐഎമ്മിന് തിരിച്ചടിയുണ്ടായി. എല്‍ഡിഎഫിനുള്ള ശക്തമായ തിരിച്ചടിയാണിതെന്നും പാര്‍ട്ടി പ്രവര്‍ത്തകരുടെ കൂട്ടായ പ്രവര്‍ത്തനമാണ് യുഡിഎഫ് വിജയത്തിന് കാരണമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ യുഡിഎഫ് തരംഗമെന്ന് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പറഞ്ഞു. കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. അതിന്റെ ഫലമാണ് തെരഞ്ഞെടുപ്പ് വിജയം. നന്ദി അറിയിക്കുന്നു. സ്വര്‍ണ്ണക്കൊള്ളയില്‍ നിന്ന് യുഡിഎഫ് പിന്നോട്ട് പോകില്ല. സ്വര്‍ണ്ണക്കൊള്ളക്ക് കൂട്ട് നിന്നവര്‍ കൂടി ജയിലിലേക്ക് പോകേണ്ടി വരും. നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയാണ് ഈ ഫലം. പ്രവര്‍ത്തകര്‍ വിജയം ആഘോഷിക്കണം. നിയമസഭാതെരഞ്ഞെടുപ്പ് വിജയത്തിന് വേണ്ടി പ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കണമെന്നും അടൂര്‍ പ്രകാശ് കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസിന് മുന്നേറ്റമുണ്ട്. ശബരിനാഥനെ മുന്നില്‍ നിര്‍ത്തി വലിയ പോരാട്ടം നടത്തി. അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബിജെപി - സിപിഐഎം കൂട്ടുകെട്ട് ഉണ്ടാകുമെന്നും അടൂര്‍ പ്രകാശ് ആരോപിച്ചു.
Content Highlights: congress leaders about local body election results 2025