സജീവ രാഷ്ട്രീയം അവസാനിപ്പിക്കുന്നു; തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ഇ എം ആഗസ്തി

"ഈ കാലഘട്ടത്തിൽ അറിഞ്ഞോ അറിയാതെയോ ആർക്കെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നു"

സജീവ രാഷ്ട്രീയം അവസാനിപ്പിക്കുന്നു; തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ഇ എം ആഗസ്തി
dot image

കട്ടപ്പന: സജീവ രാഷ്ട്രീയം അവസാനിപ്പിക്കുന്നുവെന്ന് അറിയിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ഇ എം അഗസ്തി. കട്ടപ്പന മുനിസിപ്പാലിറ്റിയിലെ 22ാം വാർഡായ ഇരുപതേക്കാറിൽ സ്ഥാനാർത്ഥിയായി മത്സരിച്ച ഇ എം ആഗസ്തിക്ക് വിജയിക്കാനായിരുന്നില്ല. പിന്നാലെയാണ് സജീവ രാഷ്ട്രീയത്തിൽ നിന്നും പിന്മാറുകയാണെന്ന് സമൂഹമാധ്യമങ്ങളിലൂടെ ഇ എം ആഗസ്തി അറിയിച്ചത്.

ജനവിധിയെ മാനിക്കുന്നുവെന്നും അരനൂറ്റാണ്ടിലേറെ തുടർന്ന രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാൻ സമയമായെന്ന് മനസിലാക്കുന്നുവെന്നുമാണ് ആഗസ്തി പറയുന്നത്. ജീവിതകാലം മുഴുവൻ കോൺഗ്രസ് പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുമെന്നും ആഗസ്തി പോസ്റ്റിൽ പറയുന്നുണ്ട്. ഇനി വേദിയിലല്ല സദസിലായിരിക്കും താൻ ഉണ്ടാവുക എന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ https://www.facebook.com/emaugusthyofficial/posts/pfbid02Rpxf4yBYswiSmC9Strtsnqy7Mg3CH1zXDiR4ZqXqxWTd8pKEiAEwPY6ASJCYacAMlപൂർണരൂപം:

കട്ടപ്പന മുനിസിപ്പാലിറ്റിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഞാൻ പരാജയപ്പെട്ടിരിക്കുന്നു. ജനവിധി മാനിക്കുന്നു. വിജയിച്ചവർക്ക് അഭിനന്ദനങ്ങളും ആശംസകളും നേരുന്നു. അരനൂറ്റാണ്ടിലേറെ നീണ്ടു നിന്ന എന്റെ രാഷ്ട്രീയ ജീവിതം അവസാനിക്കാൻ സമയമായി എന്ന വസ്തുത മനസ്സിലാക്കുന്നു. സുദീർഘമായ ഈ കാലയളവിൽ കൂടെ നിന്ന് പ്രവർത്തിച്ചവർക്ക് നന്ദി രേഖപ്പെടുത്തുന്നു. ഈ കാലഘട്ടത്തിൽ അറിഞ്ഞോ അറിയാതെയോ ആർക്കെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നു.

ജീവിതകാലം മുഴുവൻ കോൺഗ്രസ് പാർട്ടിക്കു വേണ്ടി പ്രവർത്തിക്കും. ഇനി മുതൽ വേദിയിലുണ്ടാവില്ല. സദസ്സിലുണ്ടാവും. പ്രസംഗിക്കുവാനുണ്ടാകില്ല. ശ്രോതാവായിരിക്കും. അരനൂറ്റാണ്ട് കാലം വ്യത്യസ്തമായ മേഖലകളിൽ പ്രവർത്തിക്കുവാനും ധാരാളം ബഹുമാന്യ വ്യക്തികളുമായി അടുത്ത് പ്രവർത്തിക്കുവാനും ഏൽപിച്ച ഉത്തരവാദിത്തങ്ങൾ സത്യസന്ധമായി നിർവഹിക്കുവാനും കഴിഞ്ഞതിന്റെ ചാരിതാർത്ഥ്യത്തോടു കൂടി മന:പൂർവമല്ലാത്ത വീഴ്ചകളിൽ മാപ്പ് ചോദിക്കുവാനും ആഗ്രഹിക്കുന്നു.

അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ യുഡിഎഫാണ് മുന്നിട്ടുനിൽക്കുന്നത്. ഇടത് കോട്ടകളിൽ പോലും എൽഡിഎഫിന് അടിപതറിയിരിക്കുകയാണ്. നില മെച്ചപ്പെടുത്തിയിരിക്കുകയാണ് എൻഡിഎ.

14 ജില്ലകളിലായി 244 കേന്ദ്രങ്ങളിലാണ് 1129 തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വോട്ട് എണ്ണുന്നത്. രണ്ട് ഘട്ടങ്ങളായി നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ 941 ഗ്രാമപഞ്ചായത്തുകളിലെ 17,337 വാർഡുകൾ, 152 ബ്ലോക്ക് പഞ്ചായത്തുകളിലെ 2,267 വാർഡുകൾ, 14 ജില്ലാപഞ്ചായത്തുകളിലെ 346 വാർഡുകൾ, 86 നഗരസഭകളിലെ 3,205 വാർഡുകൾ, 6 കോർപ്പറേഷനുകളിലെ 421 വാർഡുകളിലേയ്ക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്.

ഇത്തവണ രണ്ട് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിൽ 73.68 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 2020 ൽ ഇത് 75. 95 ശതമാനമായിരുന്നു. സംസ്ഥാനത്ത് ആകെ 2,10,79,021 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ആദ്യഘട്ട തെരഞ്ഞെടുപ്പ് നടന്ന ഡിസംബർ 9ന് 70.9 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ഡിസംബർ 11ന് നടന്ന രണ്ടാംഘട്ട തെരഞ്ഞെടുപ്പിൽ 76.08 ശതമാനം പോളിംഗും രേഖപ്പെടുത്തി.

Content Highlights: Local Body Election Kerala Result : Congress Leader E M Augsthee quits politics

dot image
To advertise here,contact us
dot image