

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങൾ ആവശ്യപ്പെട്ട് മുന്‍ താരം മുഹമ്മദ് കൈഫ്. ഓപ്പണര്‍ റോളില്‍ തുടരെ ഫ്‌ളോപ്പായി കൊണ്ടിരിക്കുന്ന ശുഭ്മന്‍ ഗില്ലിനെ മാറ്റാന്‍ സമയമായെന്നും മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണ് അവസരം നല്‍കണമെന്നും കൈഫ് പറഞ്ഞു. ഗില്ലിനെ മാറ്റിയാല്‍ എന്താണ് പ്രശ്നമെന്ന് ചോദിച്ച കൈഫ് വൈസ് ക്യാപ്റ്റന്‍മാരെ നേരത്തെയും ടീമില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ളതാണെന്നും ചൂണ്ടിക്കാട്ടി.
‘ശുഭ്മന്‍ ഗില്‍ പുറത്താക്കപ്പെടുന്ന രീതികള്‍ നോക്കൂ. സ്ലിപ്പില്‍ ക്യാച്ച് നല്‍കുകയാണ്, ക്രീസിന് പുറത്തേക്കിറങ്ങി കളിക്കുമ്പോൾ ടൈമിങ് തെറ്റുകയാണ്. അഭിഷേക് ശര്‍മയെപ്പോലെ അഗ്രസീവ് ഷോട്ടുകള്‍ കളിക്കാൻ ശ്രമിച്ചാണ് ഗില്‍ ഔട്ടായി കൊണ്ടിരിക്കുന്നത്. ബാറ്റിങ്ങില്‍ അവന്‍ എല്ലാം ശ്രമിക്കുന്നുണ്ട്. ഗില്ലിന് ഒരു ബ്രേക്ക് നല്‍കിയ ശേഷം കഴിവ് തെളിയിച്ചിട്ടുള്ള മറ്റു കളിക്കാരെ പരീക്ഷിക്കാനുള്ള സമയമായെന്നാണ് എനിക്ക് തോന്നുന്നത്‘, കൈഫ് പറഞ്ഞു.
‘സഞ്ജു സാംസണ്‍ ടോപ് ക്ലാസ് പ്ലെയറാണ്. പക്ഷെ അദ്ദേഹത്തിന് മതിയായ അവസരങ്ങള്‍ ലഭിച്ചിട്ടില്ല. ഇരട്ടത്താപ്പുകള്‍ പാടില്ല. വൈസ് ക്യാപ്റ്റന്‍മാരെ നേരത്തേയും ടീമിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ടീമിന്റെ താല്‍പ്പര്യം പരിഗണിച്ച് ഗില്ലിന് ബ്രേക്ക് നല്‍കി പകരം മറ്റൊരാളെ കൊണ്ടു വരണം. അതില്‍ യാതൊരു തെറ്റുമില്ല‘, കൈഫ് വ്യക്തമാക്കി.
കഴിഞ്ഞ രണ്ട് മത്സരത്തിലും സഞ്ജുവിന് പകരം ഓപ്പണിങ്ങിൽ എത്തിയ വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ നിരാശപ്പെടുത്തിയിരുന്നു. കഴിഞ്ഞ കുറെ മത്സരങ്ങളായി മോശം ഫോമിലാണ് ഗിൽ കളിക്കുന്നത്. ഏഷ്യ കപ്പ് മുതൽ തുടങ്ങിയ ഈ മാറ്റം ഒടുവിൽ സഞ്ജുവിനെ മധ്യനിരയിലേക്കും ഒടുവിൽ ടീമിന് പുറത്തേക്കും വലിച്ചിട്ടു. ആരാധകരും മുൻ താരങ്ങളും വിമർശനവുമായി എത്തിയിട്ടും തീരുമാനം തിരുത്താൻ ടീം മാനേജ്‌മെന്റ് തയ്യാറായിട്ടില്ല.
Content Highlights: ‘There shouldn’t be double standards’: Mohammed Kaif suggests to rest Shubman Gill for Sanju Samson