'ഉദ്യോഗസ്ഥർ എന്താണ് ചെയ്യുന്നത്? അവരെ കോടതി കയറ്റണം;' വോട്ടർ പട്ടികയിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ശബരീനാഥൻ

യുക്തിരഹിതമായ ഒരു വോട്ടര്‍പട്ടിക ആണ് കമ്മീഷന്‍ തയ്യാറാക്കിയതെന്നും കെ എസ് ശബരീനാഥന്‍

'ഉദ്യോഗസ്ഥർ എന്താണ് ചെയ്യുന്നത്? അവരെ കോടതി കയറ്റണം;' വോട്ടർ പട്ടികയിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ശബരീനാഥൻ
dot image

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥിയും മുന്‍ എംഎല്‍എയുമായ കെ എസ് ശബരീനാഥന്‍. പോളിംഗ് ശതമാനം കുറയാന്‍ കാരണം തെരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് ശബരീനാഥന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. യുക്തിരഹിതമായ ഒരു വോട്ടര്‍പട്ടിക ആണ് കമ്മീഷന്‍ തയ്യാറാക്കിയതെന്നും കെ എസ് ശബരീനാഥന്‍ പറഞ്ഞു.

'മരിച്ചവരുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ ഉണ്ട്. പുതിയതായി വോട്ട് ചേര്‍ത്തവരുടെ പേര് പട്ടികയില്‍ ഇല്ല. സര്‍ക്കാര്‍ ജനങ്ങളോട് കാണിക്കേണ്ട ഉത്തരവാദിത്തം ഉദ്യോഗസ്ഥര്‍ ചെയ്തില്ല. ഉദ്യോഗസ്ഥരെ കോടതി കയറ്റേണ്ടതാണ്. ഈ ഉദ്യോഗസ്ഥര്‍ എന്താണ് അവിടെ ചെയ്തുകൊണ്ടിരിക്കുന്നത്. വെട്ടിച്ചുരുക്കി ഇങ്ങനെ പുതിയ വാര്‍ഡ് ഉണ്ടാക്കിയത് എന്തിനാണ്. ഒരേ കെട്ടിടത്തിലെ ആള്‍ക്കാര്‍ രണ്ടു വാര്‍ഡുകളിലാണ്. ആളുകള്‍ ഏതു കൗണ്‍സിലറുടെ അടുത്ത് പോകും', ശബരീനാഥന്‍ പറഞ്ഞു.

Also Read:

ഒരു മര്യാദയും പഠനവും ഇല്ലാതെ ഉണ്ടാക്കിയ പട്ടികയാണെന്നും അതില്‍ ശക്തമായ ജനരോഷം ഉണ്ടാകുമെന്നും കെ എസ് ശബരീനാഥന്‍ പറഞ്ഞു. വോട്ട് ചെയ്യാന്‍ വന്ന ജനങ്ങള്‍ അസ്വസ്ഥരായിരുന്നു. ശാസ്തമംഗലത്തും മുട്ടടയിലും വലിയ വിജയം ഉണ്ടാകും. മുട്ടടയില്‍ 400 ലധികം വോട്ട് വര്‍ധിച്ചെന്നും ശബരീനാഥന്‍ പറഞ്ഞു. നല്ല വിജയ പ്രതീക്ഷയുണ്ടെന്നും കോര്‍പ്പറേഷനില്‍ രാഷ്ട്രീയ വിഷയങ്ങള്‍ യുഡിഎഫ് പറഞ്ഞിട്ടുണ്ടെന്നും ശബരീനാഥന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. 14 ജില്ലകളിലായി 244 കേന്ദ്രങ്ങളിലാണ് 1129 തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വോട്ട് എണ്ണുന്നത്. രണ്ട് ഘട്ടങ്ങളായി നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ 941 ഗ്രാമപഞ്ചായത്തുകളിലെ 17,337 വാര്‍ഡുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകളിലെ 2,267 വാര്‍ഡുകള്‍, 14 ജില്ലാപഞ്ചായത്തുകളിലെ 346 വാര്‍ഡുകള്‍, 86 നഗരസഭകളിലെ 3,205 വാര്‍ഡുകള്‍, 6 കോര്‍പ്പറേഷനുകളിലെ 421 വാര്‍ഡുകളിലേയ്ക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്.

Also Read:

ഇത്തവണ രണ്ട് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പില്‍ 73.68 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 2020 ല്‍ ഇത് 75. 95 ശതമാനമായിരുന്നു. സംസ്ഥാനത്ത് ആകെ 2,10,79,021 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ആദ്യഘട്ട തെരഞ്ഞെടുപ്പ് നടന്ന ഡിസംബര്‍ 9ന് 70.9 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ഡിസംബര്‍ 11ന് നടന്ന രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ 76.08 ശതമാനം പോളിംഗും രേഖപ്പെടുത്തി.

Content Highlights: local body election result 2025 K S Sabarinatan against Election Commission

dot image
To advertise here,contact us
dot image