

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതികള്‍ക്കെതിരായ വിധി അന്വേഷണസംഘത്തിനും പ്രോസിക്യൂഷനുമുള്ള അംഗീകാരമാണെന്ന് മന്ത്രി പി രാജീവ്. വിധിയുടെ പൂര്‍ണ ഭാഗം കിട്ടിയിട്ടില്ല. നല്ല വിധി ആയിട്ടാണ് തോന്നുന്നത്. മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുന്നതില്‍ പ്രോസിക്യൂഷന്‍ വിജയിച്ചിരിക്കുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
വിധി പകര്‍പ്പ് കിട്ടിയതിനുശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും. ജഡ്ജിനും പ്രോസിക്യൂഷനും എതിരായുള്ള സമൂഹമാധ്യമ പ്രതികരണങ്ങള്‍ തെറ്റാണ്. വിധിയോട് വിയോജിപ്പ് ഉണ്ടാകാം. അതിജീവതയുടെ അഭിപ്രായം കൂടി പരിഗണിച്ചാണ് പ്രോസിക്യൂട്ടറെ ഉള്‍പ്പെടെ വെച്ചത്. വിധിന്യായത്തെ നമുക്ക് വിമര്‍ശിക്കാം. വിധി പറയുന്ന ന്യായാധിപര്‍ക്ക് നേരെയുള്ള വിമര്‍ശനത്തോട് യോജിക്കുന്നില്ലെന്നും പി രാജീവ് വ്യക്തമാക്കി. 20 വര്‍ഷം ശിക്ഷ കിട്ടിക്കഴിഞ്ഞാല്‍ സാധാരണ രീതിയില്‍ പ്രോസിക്യൂഷന് വീഴ്ച ഉണ്ടെന്ന് ആരെങ്കിലും പറയുമോയെന്നും അദ്ദേഹം ചോദിച്ചു.
നടിയെ ആക്രമിച്ച കേസിലെ പ്രതികൾക്ക് വിചാരണക്കോടതി ശിക്ഷ വിധിച്ചിരുന്നു. കേസിലെ ഒന്നാം പ്രതി പൾസർ സുനിക്ക് 20 വർഷം കഠിന തടവും വിവിധ കേസുകളിലായി മൂന്ന് ലക്ഷം രൂപ പിഴ ശിക്ഷയും വിധിച്ചു. കേസിലെ രണ്ട് മുതൽ ആറ് വരെയുള്ള പ്രതികൾക്കെല്ലാം ഒന്നാം പ്രതിക്ക് നൽകിയിരിക്കുന്ന 20 കൊല്ലം കഠിന തടവാണ് വിചാരണക്കോടതി വിധിച്ചിരിക്കുന്നത്.
ഒന്നാം പ്രതി പൾസർ സുനിക്ക് 20 വർഷം കഠിന തടവ്, 3,25,000 രൂപ പിഴ, രണ്ടാം പ്രതി മാർട്ടിൻ ആന്റണിക്ക് 20 വർഷം കഠിന തടവ്1,50, 000 രൂപ പിഴ, മൂന്നാം പ്രതി മണികണ്ഠന് 20 വർഷം കഠിന തടവ് 1,25,000 രൂപ പിഴ, നാലാം പ്രതി വിജീഷ് വി പിക്ക് 20 വർഷം കഠിന തടവ് 1,25,000 രൂപ പിഴ, അഞ്ചാം പ്രതി വടിവാൾ സലീമിന് 20 വർഷം കഠിന തടവ് 1,25,000 രൂപ പിഴ, ആറാം പ്രതി പ്രദീപിന് 20 വർഷം കഠിന തടവ് 1,25,000 രൂപ പിഴ എന്നിങ്ങനെയാണ് വിചാരണക്കോടതി വിധിച്ചിരിക്കുന്നത്.
വിവിധ കുറ്റങ്ങളിലായി പ്രതികൾക്ക് കോടതി വിധിച്ചിരിക്കുന്ന പിഴയിൽ നിന്ന് അഞ്ച് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു. എട്ട് വർഷത്തെ നിയമപോരാട്ടങ്ങൾക്കൊടുവിലാണ് കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികൾക്കും വിചാരണക്കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. റിമാൻഡ് കാലാവധി കഴിഞ്ഞുള്ള കാലയളവ് മാത്രം പ്രതികൾ ശിക്ഷ അനുഭവിച്ചാൽ മതിയെന്നും ഉത്തരവിലുണ്ട്. ഇത് പ്രകാരം ഒന്നാം പ്രതി പൾസർ സുനി ഇനി പന്ത്രണ്ടര വർഷം ജയിലിൽ കിടന്നാൽ മതി.
രണ്ടാം പ്രതി മാർട്ടിൻ ആൻ്റണി പതിനഞ്ച് വർഷം ശിക്ഷ അനുഭവിക്കണം. മൂന്നാം പ്രതി ബി മണികണ്ഠൻ പതിനഞ്ചര വർഷവും നാലാം പ്രതി വി പി വിജീഷ് പതിനഞ്ച് വർഷവും അഞ്ചാം പ്രതി എച്ച് സലീം പതിനെട്ടര വർഷവും ആറാം പ്രതി പ്രദീപ് പതിനേഴ് വർഷവും ശിക്ഷ അനുഭവിക്കണം.
Content Highlights: P Rajeev about actress attack case verdict