'സ്ത്രീ പീഡനം നടത്തിയ എത്രയോ പേരെ മുഖ്യമന്ത്രി സംരക്ഷിക്കുന്നു;സ്ത്രീലമ്പടന്മാരെ CPIM നിലയ്ക്ക് നിർത്തട്ടെ'

മുഖ്യമന്ത്രി പാര്‍ട്ടി സെക്രട്ടറിയായപ്പോള്‍ ചെയ്തതൊന്നും തങ്ങളെ കൊണ്ട് പറയിപ്പിക്കരുതെന്നും രമേശ് ചെന്നിത്തല

'സ്ത്രീ പീഡനം നടത്തിയ എത്രയോ പേരെ മുഖ്യമന്ത്രി സംരക്ഷിക്കുന്നു;സ്ത്രീലമ്പടന്മാരെ CPIM നിലയ്ക്ക് നിർത്തട്ടെ'
dot image

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ കോണ്‍ഗ്രസിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വിമര്‍ശനത്തില്‍ പ്രതികരിച്ച് മുതിര്‍ന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സ്ത്രീലമ്പടന്മാരെ സിപിഐഎം നിലയ്ക്ക് നിര്‍ത്തട്ടെയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി പീഡകര്‍ക്ക് സംരക്ഷണം നല്‍കുന്നുവെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. 'കോണ്‍ഗ്രസിലെ 'സ്ത്രീലമ്പടന്മാര്‍' എന്താണ് കാട്ടിക്കൂട്ടുന്നതെന്ന' മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിന് രൂക്ഷ ഭാഷയിലായിരുന്നു രമേശ് ചെന്നിത്തലയുടെ മറുപടി.

'രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ മാതൃകാ നടപടി സ്വീകരിച്ചു. കെപിസിസി പ്രസിഡന്റിന് പരാതി ലഭിച്ച തൊട്ടടുത്ത നിമിഷം പരാതി ഡിജിപിക്ക് നല്‍കി. അതാണ് ഞങ്ങളും മുഖ്യമന്ത്രിയും തമ്മിലുള്ള വ്യത്യാസം. ഇത്തരം കാര്യങ്ങള്‍ കേരളത്തിലെ ജനങ്ങളുടെ മുന്നില്‍ ചെലവാകില്ല. തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന് കണ്ടാണ് ഇത്തരത്തില്‍ കള്ളപ്രചരണം നടത്തുന്നത്. സ്ത്രീലമ്പടന്മാരെ സിപിഐഎം നിലയ്ക്ക് നിര്‍ത്തട്ടെ. സ്ത്രീ പീഡനം നടത്തിയ എത്രയോ പേരെ മുഖ്യമന്ത്രി സംരക്ഷിക്കുന്നു. ഈ ഇരട്ടത്താപ്പ് ശരിയല്ല', രമേശ് ചെന്നിത്തല പറഞ്ഞു.

എല്ലാവര്‍ക്കും നിയമം ഒരുപോലെയാകണമെന്നും എന്‍ പിള്ള നയം സ്വീകരിക്കുന്നത് ശരിയല്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. സിപിഐഎം മുന്‍ എംഎല്‍എയ്‌ക്കെതിരെ പരാതി കിട്ടിയിട്ട് 14 ദിവസം കയ്യില്‍ വെച്ചയാളാണ് തങ്ങള്‍ക്കെതിരെ പറയുന്നതെന്നും മുഖ്യമന്ത്രി തങ്ങള്‍ക്ക് സാരോപദേശം നല്‍കേണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സ്വന്തം പാര്‍ട്ടിക്കാരെപ്പറ്റിയുള്ള പരാതികള്‍ വരുമെന്നാണോ മുഖ്യമന്ത്രി പറയുന്നതെന്നും എത്രയോ പീഡന പരാതികള്‍ ഒതുക്കി തീര്‍ത്തയാളാണ് ഇന്നത്തെ മുഖ്യമന്ത്രിയെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. അദ്ദേഹം പാര്‍ട്ടി സെക്രട്ടറിയായപ്പോള്‍ ചെയ്തതൊന്നും തങ്ങളെ കൊണ്ട് പറയിപ്പിക്കരുതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കേരളത്തിലെ ജനങ്ങളെ ശ്രദ്ധിക്കാന്‍ മുഖ്യമന്ത്രിക്ക് സമയമില്ല. ജനങ്ങളുടെ പണം മുടക്കി വിദേശത്ത് സഞ്ചരിക്കുന്നു. ജനങ്ങള്‍ക്ക് ഒരു പ്രയോജനവും ചെയ്യാത്ത സര്‍ക്കാരാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശബരിമലക്കൊള്ളയില്‍ ഉന്നതരെ സംരക്ഷിക്കാനും യഥാര്‍ത്ഥ വസ്തുത പുറത്തുകൊണ്ടുവരാതിരിക്കാനും മുഖ്യമന്ത്രി ശ്രമിക്കുകയാണ്. ഇതെല്ലം ജനങ്ങള്‍ക്ക് അറിയുന്ന കാര്യമാണ്. ഇത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. ജനങ്ങള്‍ക്ക് നല്‍കിയ ഏത് വാഗ്ദാനമാണ് മുഖ്യമന്ത്രി പാലിച്ചതെന്നും നാടിന് എന്ത് മാറ്റമാണുണ്ടായതെന്നും അദ്ദേഹം ചോദിച്ചു. രാഹുല്‍ മാങ്കൂട്ടത്തില്‍ ഇപ്പോള്‍ തങ്ങളുടെ പാര്‍ട്ടിയില്‍ ഇല്ലെന്നും പാര്‍ട്ടിയില്‍ ഇല്ലാത്ത ഒരാളെ കുറിച്ച് എന്ത് പറയാനാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ കോണ്‍ഗ്രസിലെ 'സ്ത്രീലമ്പടന്മാര്‍' എന്നാണ് കാട്ടിക്കൂട്ടുന്നതെന്നായിരുന്നു മുഖ്യമന്ത്രി ചോദിച്ചത്. ഇരയായവര്‍ പ്രകടിപ്പിച്ച ആശങ്കകള്‍ നോക്കിയാല്‍ മനസിലാകുമെന്നും എന്തുകൊണ്ടാണ് അവര്‍ പരാതിയുമായി മുന്നോട്ടുവരാത്തതെന്നും അദ്ദേഹം പറഞ്ഞു. 'നിങ്ങളെ കൊന്ന് തള്ളും എന്നാണ് ഭീഷണി. നിസഹായവരായവര്‍ പുറത്തുപറയാന്‍ ഭയപ്പെടുകയാണ്. ജീവന്‍ അപകടത്തിലാകുമെന്ന് അവര്‍ ഭയപ്പെടുകയാണ്. വന്നതിനേക്കാള്‍ അപ്പുറമുള്ള കാര്യങ്ങളും ചിലപ്പോള്‍ പുറത്തുവന്നേക്കാം. യഥാര്‍ത്ഥ ലൈംഗിക വൈകൃത കുറ്റവാളികള്‍ നാടിന് മുന്നില്‍ വന്ന് വെല്‍ ഡ്രാഫ്റ്റഡ് എന്ന് പറഞ്ഞ് ന്യായീകരിക്കാന്‍ ശ്രമിച്ചാല്‍ പൊതുസമൂഹം അംഗീകരിക്കില്ല', മുഖ്യമന്ത്രി പറഞ്ഞു.

Content Highlights: Ramesh Chennithala against CM Pinarayi Vijayan

dot image
To advertise here,contact us
dot image